Connect with us

Gulf

അറബ് ലോകത്തെ ഏറ്റവും വലിയ ഗ്രന്ഥശാല ദുബൈയില്‍ വരുന്നു

Published

|

Last Updated

ദുബൈയില്‍ നിര്‍മിക്കുന്ന അറബ് മേഖലയിലെ ഏറ്റവും വലിയ ഗ്രന്ഥശാലയുടെ രൂപരേഖ

ദുബൈ: അറബ് മേഖലയിലെ ഏറ്റവും വലിയ ഗ്രന്ഥശാല ദുബൈയില്‍ നിര്‍മിക്കുമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു. നൂറ് കോടി ദിര്‍ഹമാണ് ഇതിന് വേണ്ടി നിക്ഷേപം നടത്തുക. 2017ല്‍ ഇത് ഉദ്ഘാടനം ചെയ്യും. യു എ ഇ വായനാവര്‍ഷം ആചരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
15 ലക്ഷം പുസ്തകങ്ങള്‍ ഉള്‍കൊള്ളുന്നതാവും ലൈബ്രറി. 10 ലക്ഷം ഓഡിയോ ഗ്രന്ഥങ്ങളും 25 ലക്ഷം വീഡിയോകളും ഉള്‍പ്പെടുത്തും. ജദഫില്‍, ദുബൈ കള്‍ച്ചറല്‍ വില്ലേജിന് സമീപം ഏഴ് നിലകെട്ടിടമാണ് ഇതിന് തയ്യാറാകുന്നത്. 10 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ സാംസ്‌കാരിക പരിപാടികളുടെ കേന്ദ്രമായും ഇത് മാറും. തുറന്നുവെച്ച പുസ്തകത്തിന്റെ രൂപത്തിലാണ് കെട്ടിടത്തിന്റെ രൂപരേഖ. പ്രഭാഷണങ്ങളും സെമിനാറുകളും സംഘടിപ്പിക്കാന്‍ 500 സീറ്റുള്ള തിയറ്ററാണ് നിര്‍മിക്കുക.
“നാഗരികതയുടെയും സംസ്‌കാരത്തിന്റെയും മുന്നണിയിലായിരുന്നു നമ്മള്‍. ആ ചൈതന്യവും വിജ്ഞാനത്വരയും വീണ്ടെടുക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഈ വര്‍ഷം വായനാവര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്നത്. യു എ ഇയെ ആഗോളതലത്തില്‍ തന്നെ സാംസ്‌കാരിക കേന്ദ്രമാക്കി മാറ്റേണ്ടതുണ്ട്. അപൂര്‍വ കലാ സൃഷ്ടികളുടെയും പുരാവസ്തുക്കളുടെയും ശേഖരം പ്രധാനമാണ്.
2600 സീറ്റുകളുള്ള ലൈബ്രറിയാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. പ്രതിവര്‍ഷം 90 ലക്ഷം ആളുകള്‍ ഇവിടെ സന്ദര്‍ശനം നടത്തും. കുട്ടികള്‍ക്കും യുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കും പ്രത്യേകം വേദികളുണ്ടാകും. അറബ് ഭാഷക്ക് പ്രത്യേക വിഭാഗമുണ്ടാകും- ശൈഖ് മുഹമ്മദ് പറഞ്ഞു.