Connect with us

Articles

ചാതുര്‍വര്‍ണ്യത്തിന്റെ ഇരകള്‍

Published

|

Last Updated

കടപ്പാട്- ദി ഹിന്ദു

കടപ്പാട്- ദി ഹിന്ദു

സവര്‍ക്കറുടെ “ഹിന്ദുത്വ”യും ഗോള്‍വാള്‍ക്കറുടെ “വീ ഓര്‍ ഔവര്‍ നാഷനല്‍ഹുഡ് ഡിഫൈന്‍ഡും” “വിചാരധാര”യുമെല്ലാം ദളിത് വിരുദ്ധമായ ചാതുര്‍വര്‍ണ്യ പ്രത്യയശാസ്ത്രത്തെയാണ് പിന്‍പറ്റുന്നത്. ഹിന്ദുയിസം സവര്‍ണ ജാതി സമ്പ്രദായവുമായി ബന്ധപ്പെട്ട ഒരു കൊളോണിയല്‍ ബ്രാഹ്മണ്യപ്രത്യയശാസ്ത്രമാണെന്ന് സവര്‍ക്കര്‍ മനുസ്മൃതിയെ സ്തുതിച്ചുകൊണ്ട് “ഹിന്ദുത്വ”യില്‍ വ്യക്തമായിത്തന്നെ എഴുതിയിട്ടുണ്ട്. മനുസ്മൃതിയെ വിശുദ്ധവും പവിത്രവുമായ ധര്‍മശാസ്ത്ര പ്രഘോഷണമായിട്ടാണ് സവര്‍ക്കര്‍ കണ്ടിട്ടുള്ളത്. ശൂദ്രരെയും സ്ത്രീകളെയും നീച ജന്മങ്ങളായി കാണുന്ന വര്‍ണാശ്രമ ധര്‍മങ്ങളെ ഹിന്ദുനിയമങ്ങളായിട്ടാണ് സവര്‍ക്കര്‍ അത്യന്തം ആവേശത്തോടെ വ്യാഖ്യാനിച്ചിട്ടുള്ളത്.
അദ്ദേഹത്തിന്റെ അഭിപ്രായം നോക്കൂ:”വേദങ്ങള്‍ കഴിഞ്ഞാല്‍ നമ്മുടെ ഹിന്ദു രാഷ്ട്രത്തിന് ഏറ്റവും ആരാധ്യമായ മനുസ്മൃതി പ്രാചീനകാലം മുതല്‍ നമ്മുടെ സംസ്‌കാരത്തിന്റെയും ആചാരങ്ങളുടെയും ചിന്തകളുടെയും പ്രയോഗങ്ങളുടെയും അടിസ്ഥാനമായി തീര്‍ന്നു. നൂറ്റാണ്ടുകളായി നമ്മുടെ രാഷ്ട്രത്തിന്റെ ആത്മീയവും ദിവ്യവുമായ മുന്നേറ്റത്തിന്റെ നടപടിക്രമമായി ഈ ഗ്രന്ഥം നിലനിന്നു. ഇന്നും കോടിക്കണക്കിന് ഹിന്ദുക്കള്‍ അവരുടെ ജീവിതത്തിലും പ്രയോഗങ്ങളിലും മനുസ്മൃതിയില്‍ അധിഷ്ഠിതമായ നിയമങ്ങള്‍ പിന്തുടരുന്നു. ഇന്ന് മനുസ്മൃതി ഹിന്ദു നിയമമാണ്” (വുമണ്‍ ഇന്‍ മനുസ്മൃതി, ഇന്‍ സവര്‍ക്കര്‍ സമാഗര്‍-കലക്ഷന്‍ ഓഫ് സവര്‍ക്കേര്‍ഴ്‌സ് റൈറ്റിംഗ്‌സ് ഇന്‍ ഹിന്ദി).
ഇന്ത്യന്‍ ഭരണഘടനാ അസംബ്ലിയില്‍ നമ്മുടെ ഭരണഘടനക്ക് അന്തിമരൂപം നല്‍കുമ്പോള്‍ ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ അത്യന്തം അസന്തുഷ്ടി പ്രകടിപ്പിക്കുകയും മനുസ്മൃതിയെ ആദരിക്കാത്ത ഭരണഘടനയെക്കുറിച്ച് പരാതിപ്പെട്ടുകൊണ്ട് ഇങ്ങനെ എഴുതുകയും ചെയ്തു: “നമ്മുടെ ഭരണഘടനയില്‍ പ്രാചീന ഭാരതത്തിലെ അതുല്യമായ ഭരണഘടനാവികാസത്തെക്കുറിച്ച് ഒരു പരാമര്‍ശവുമില്ല. സ്പാര്‍ട്ടയിലെ ലിക്കര്‍ഹസിനും പേര്‍ഷ്യയിലെ സോലോനും വളരെ മുമ്പാണ് മനുവിന്റെ നിയമങ്ങള്‍ എഴുതപ്പെട്ടത്. ഇന്നും ലോകത്തിന്റെ ആദരവ് ഉദ്ദീപിപ്പിക്കുന്ന മനുസ്മൃതി, സ്വതസിദ്ധമായി അനുസരണയും വിധേയത്വവും പിടിച്ചുപറ്റുന്നു. എന്നാല്‍, നമ്മുടെ ഭരണഘടനാപണ്ഡിതന്മാര്‍ക്ക് അത് തികച്ചും നിരര്‍ത്ഥകമാണ്.”
ചുരുക്കിപ്പറഞ്ഞാല്‍ ആര്‍ എസ് എസ് മനുസ്മൃതിയുടെ തത്വങ്ങളെയും ചട്ടങ്ങളെയും ആധുനിക ഇന്ത്യയുടെ നിയമമാക്കണമെന്ന് വാദിക്കുകയും അതിനായി കിട്ടാവുന്ന അവസരങ്ങളെയെല്ലാം ഉപയോഗപ്പെടുത്തുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്താണ് മനുസ്മൃതി അനുശാസിക്കുന്നത് എന്ന് മനസ്സിലാക്കുമ്പോഴാണ് സംഘ്പരിവാറിന്റെ ദളിത് വിരുദ്ധതയുടെ ആഴവും ഭീകരതയും മനസ്സിലാകുക. ചാതുര്‍വര്‍ണ്യത്തിലെ ക്ഷത്രിയനും വൈശ്യനും ശൂദ്രനും അടങ്ങുന്ന ത്രൈവര്‍ണികര്‍ യഥാക്രമം ബ്രഹ്മാവിന്റെ വായ, കരം, തുടകള്‍ എന്നിവയില്‍ നിന്നും ഉത്ഭവിച്ചുവെന്നും അധമനായ ശൂദ്രന്‍ പാദങ്ങളില്‍ നിന്ന് ഉത്ഭവിച്ചുവെന്നുമാണ് മനു എഴുതിവെച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ത്രൈവര്‍ണികരെ അതീവ വിനയത്തോടെ സേവിക്കുക മാത്രമാണ് വിരാട് പുരുഷന്‍ ശൂദ്രന് നിഷ്‌കര്‍ഷിച്ചിട്ടുള്ള ഏക ധര്‍മം.
ജീവിതം അവകാശപ്പെടാനോ അനുഭവിക്കാനോ ശൂദ്രന് മനുസ്മൃതി അനുവാദം നല്‍കുന്നില്ല. സവര്‍ണസേവ മാത്രമാണ് അവന്റെ ഏകതൊഴില്‍. ദ്വിജനെ ആക്ഷേപിച്ചാല്‍ ശൂദ്രന്റെ നാവ് പിഴുതെടുക്കണം. ദ്വിജന്റെ ജാതിയോ പേരോ ധിക്കാരപൂര്‍വം പറയുന്ന ഏതൊരു ശൂദ്രന്റെയും തൊണ്ടയില്‍ പത്തംഗുലം നീളമുള്ള പഴുപ്പിച്ച ഇരുമ്പാണി കുത്തിയിറക്കണം എന്നാണ് മനു ഉദാരപൂര്‍വം അനുശാസിച്ചത്! ബ്രാഹ്മണന്റെ ചുമതലകളെക്കുറിച്ച് ഏതെങ്കിലും ശൂദ്രന്‍ മിണ്ടിപ്പോയാല്‍ അവന്റെ വായിലും ചെവിയിലും തിളച്ച എണ്ണ തന്നെ ഒഴിക്കണം. ഉയര്‍ന്ന ജാതിക്കാരനെ ക്ഷതപ്പെടുത്തുന്ന ഏത് പ്രവര്‍ത്തിക്കും അവയവം തന്നെ ഛേദിച്ചുകളയുന്ന ശിക്ഷയാണ് മനു കല്‍പിച്ചിട്ടുള്ളത്. മനുസ്മൃതി അനുശാസിക്കുന്ന ധര്‍മശാസ്ത്രമാണ് ഇന്ത്യയില്‍ ജാതി അടിമത്വത്തെ ദൃഢീകരിച്ച് നിര്‍ത്തുന്നത്. അധഃസ്ഥിത വിരുദ്ധമായ ധര്‍മശാസ്ത്ര സിദ്ധാന്തങ്ങളാണ് ആര്‍ എസ് എസിന്റെ വീക്ഷണമെന്നതുകൊണ്ടാണ് ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നടക്കുന്ന ദളിത്‌വിരുദ്ധ ആക്രമണങ്ങളില്‍ അവര്‍ പ്രധാനപങ്കാളികളായി തീരുന്നത്.
ബെല്‍ച്ചി, പരാസ്ബീഗ, പിപ്ര, നാരായണ്‍പൂര്‍, ലക്ഷ്മണ്‍പൂര്‍ബാത്ത തുടങ്ങി ഇന്ത്യയില്‍ നടന്ന ദളിത് ഹിംസകളിലും കൂട്ടക്കൊലകളിലും സവര്‍ണ ജാതി സംഘങ്ങള്‍ക്കു പിറകില്‍ ആര്‍ എസ് എസായിരുന്നു. ലക്ഷ്മണ്‍പൂര്‍ബാത്തയില്‍ ബീഹാറിലെ ഭൂമിഹാര്‍ ജാതിയില്‍ പെട്ടവര്‍ ദളിതര്‍ക്കു നേരെ നടത്തിയ കൂട്ടക്കൊല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിവാദപരമായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്. കൂട്ടക്കൊലകള്‍ക്കു നേതൃത്വം കൊടുത്ത രണ്‍ബീര്‍ സേനക്ക് എല്ലാ സഹായങ്ങളും എത്തിച്ചുകൊടുത്തത് ആര്‍ എസ് എസ് നേതാക്കളായിരുന്നു. ഫ്രണ്ട്‌ലൈന്‍ വാരിക ബി ജെ പി നേതാവ് ഗോവിന്ദാചാര്യയുമായി അക്കാലത്ത് നടത്തിയ ഒരു അഭിമുഖത്തില്‍ രണ്‍വീര്‍സേനയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം ന്യായീകരിക്കുകയായിരുന്നു. ദളിതരെയും പിന്നാക്കജാതിക്കാരെയും മനുഷ്യരായി പരിഗണിക്കാത്ത സവര്‍ണബോധമാണ് ആര്‍ എസ് എസ്, ബി ജെ പി നേതാക്കളില്‍ ഭൂരിപക്ഷത്തെയും നയിക്കുന്നത്.
വി പി സംഗ് സര്‍ക്കാര്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ തീരുമാനിച്ചപ്പോള്‍ സംഘ്പരിവാര്‍ സംഘടനകള്‍ സവര്‍ണപക്ഷത്തുനിന്ന് അതിനെതിരായി രംഗത്തുവരികയുണ്ടായല്ലോ. ജനസംഖ്യയില്‍ 52 ശതമാനം വരുന്ന പിന്നോക്കവിഭാഗങ്ങള്‍ക്ക് ഭരണഘടന അനുശാസിക്കുന്ന 27 ശതമാനം സംവരണം നല്‍കുന്നതിന് സവര്‍ണ സമൂഹങ്ങളിലെ യുവാക്കളെ തെരുവിലിറക്കി ആത്മാഹുതി നാടകങ്ങള്‍ കളിച്ച് എതിര്‍ക്കുകയാണ് ബി ജെ പി ചെയ്തത്. നായാടി മുതല്‍ നമ്പൂതിരിവരെയുള്ള വിശാല ഹിന്ദു ഐക്യം പറയുന്ന പിന്നാക്കസമുദായ നേതാക്കള്‍ സംഘ്പരിവാറിന്റെ ദളിത് പിന്നാക്കവിരുദ്ധ നിലപാടുകളെക്കുറിച്ച് അജ്ഞത സൃഷ്ടിക്കുകയാണ്. ന്യൂനപക്ഷങ്ങളെ മാത്രമല്ല ദളിതുകളെയും പിന്നാക്കക്കാരെയും ചാതുര്‍വര്‍ണ്യ പ്രത്യയശാസ്ത്രം ഭരിക്കുന്ന സംഘ്പരിവാറിനെ സംബന്ധിച്ചിടത്തോളം അനഭിമതരാണ്. ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ വ്യക്തമാക്കിയിട്ടുള്ളത് താഴ്ന്ന ജാതിക്കാരായി ജനിക്കുന്നവര്‍ കഴിഞ്ഞ ജന്മത്തില്‍ ദുഷ്‌കൃത്യം ചെയ്തവരാണെന്നാണ്! (അവസാനിച്ചു)