Connect with us

Articles

പാവം തെങ്ങ്

Published

|

Last Updated

തെങ്ങിന് മതമില്ല. പാര്‍ട്ടിയുമില്ല പാവത്തിന്. പത്രവുമില്ല. അതുകൊണ്ട് തന്നെ അതേക്കുറിച്ച് പറയാന്‍ ആരുമില്ല. രാഷ്ട്രീയ ഉപജാപങ്ങളിലെ കരുവാകാനും പാവം തെങ്ങിന് യോഗമില്ല.
ഉണ്ണാവ്രത നാടകം (റബ്ബര്‍ ഇറക്കുമതിക്കാര്‍ വില വര്‍ധന ആവശ്യപ്പെട്ട് നടത്തിയ പോലെ) നടത്താന്‍ പോലും തെങ്ങിന് നേരവകാശികളില്ല. എന്തു ചെയ്യാന്‍! പാവം തെങ്ങ്.
മുകളില്‍ നിന്ന് ഉറപ്പ് കിട്ടിയാല്‍ സത്യഗ്രഹം കിടക്കാന്‍ ബഹു രസമാണ്. അനിശ്ചിത കാല നിരാഹാരത്തിന് സ്ഥലം വാടകക്കെടുത്തത് നാല് ദിവസത്തേക്കാണെന്നാണ് അസൂയക്കാര്‍ പറയുന്നത്. ചില അനിശ്ചിത കാലങ്ങള്‍ നാല് ദിവസമാണത്രേ.
പിന്നെ നാടകമേ ഉലകം! ഭാര്യയുടെ മോഹാലസ്യം, മുഖ്യന്റെ സന്ദര്‍ശനം, അച്ഛന്റെ കാവലിരിപ്പ്, കേന്ദ്രത്തിന്റെ ഉറപ്പ്. റബ്ബറിന് വിലയിടിയാന്‍ തുടങ്ങിയത് ഇന്നലെയോ മിനിയാന്നോ അല്ലെന്നതൊക്കെ ശരി. തിരഞ്ഞെടുപ്പ് വരികയല്ലേ? കര്‍ഷകരെ കൈയിലെടുക്കേണ്ടേ? തിരഞ്ഞെടുപ്പ് വന്നിട്ടും ഗതി പിടിക്കാത്തത് തെങ്ങാണ്. പാവം.
തെങ്ങിന് ആസ്ഥാന ജില്ലയില്ല. അല്ലെങ്കില്‍ ജാഥകളെത്തുമ്പോഴെങ്കിലും നേതാക്കള്‍ തെങ്ങിനെക്കുറിച്ച് പറയുമായിരുന്നു. പാവം!
കേരളം എന്ന പേര് വന്നത് കേരത്തിന്റെ നാടായതിനാലാണ്, കേരം തിങ്ങും കേരള നാട് എന്നതൊക്കെ നല്ല ഉഷാറായി സ്‌കൂളില്‍ പഠിപ്പിക്കാന്‍ പറ്റും.
കേന്ദ്രത്തിലെ ഭരണകക്ഷിക്ക് കേരളത്തില്‍ സഖ്യസാധ്യത നോക്കാന്‍ കരുവാകുന്നത് റബ്ബര്‍. നടക്കട്ടെ. റബ്ബര്‍ കര്‍ഷകരെങ്കിലും രക്ഷപ്പെടട്ടേ. എന്നാല്‍, തേങ്ങാ കര്‍ഷകരെന്ന ഒരു കൂട്ടര്‍ ഇന്നാട്ടിലുണ്ടെന്ന് ആര്‍ക്കെങ്കിലും എന്നെങ്കിലും തോന്നിയിട്ടുണ്ടോ?
എല്ലാവരും സരിതയുടെ കുരുക്കിലാണ്. ഭരിക്കുന്നവര്‍ ആരോപണങ്ങളുടെ കുരുക്കില്‍. പ്രതിപക്ഷം അവരെ കുരുക്കുന്ന തിരക്കില്‍. മാധ്യമങ്ങള്‍ കത്തിക്കുന്ന തിരക്കില്‍. എല്ലാവരും നെട്ടോട്ടം. ഇതിനിടയില്‍ പാവം തെങ്ങിനെയും കര്‍ഷകനെയും നോക്കാന്‍ ആര്‍ക്കാണ് നേരം?
നമ്മുടെ നാട്ടിലെ സംഘടിത ശക്തിയല്ലാത്ത എല്ലാവരുടെയും ഗതിയിതാണ്. ആദിവാസികളുടെ ഉപമ പോലെ. ഒന്നുമില്ലാത്ത പാവം. മരങ്ങളിലെ ഒ ബി സിക്കാരന്‍.

Latest