Connect with us

National

വിവാഹ സൈറ്റുകളിലെ രജിസ്‌ട്രേഷന് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കും

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ വൈവാഹിക വെബ്‌സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വിവാഹവുമായി ബന്ധപ്പെട്ട് വ്യപകമായി തട്ടിപ്പുകള്‍ നടക്കുന്നെന്ന പരാതിയെതുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നടപടി. വിവാഹം നടത്താന്‍ ഉദ്ദേശിക്കുന്ന യുവതി യുവാക്കള്‍ വെബ് പോര്‍ട്ടലുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് തന്നെ അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണമെന്നതുള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മന്ത്രാലയം ഉടന്‍ മാട്രിമോണി സൈറ്റുകള്‍ക്ക് നല്‍കും.
വഞ്ചന, അശ്ലീല ഫോട്ടോകള്‍, വിവരങ്ങള്‍ ദുരുപയോഗം ചെയ്യുക എന്നിവ തടയുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നടപടിയെന്ന് കേന്ദ്ര കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു. ഉപഭോക്താവിന്റെ പ്രൊഫൈല്‍ ആക്ടീവ് ആക്കുന്നതിനു മുമ്പ് അവര്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡും ഫോട്ടോയും അഡ്രസും ശരിയാണോയെന്നു വെബ് പോര്‍ട്ടല്‍ അധികൃതര്‍ പരിശോധിക്കണ്ടതുണ്ടെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. വെബ്‌സൈറ്റ് ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഒട്ടേറെ നിര്‍ദേശങ്ങള്‍ നല്‍കണം.
തികച്ചും വിവാഹബന്ധം ലക്ഷ്യമാക്കി ഉണ്ടാക്കിയ വെബ്‌സൈറ്റാണെന്നും ചാറ്റിംഗ്, അശ്ലീല പ്രചാരണം തുടങ്ങിയവ ലക്ഷ്യമല്ലെന്നും ഉള്ള അറിയിപ്പ് വെബ്‌സൈറ്റിന്റെ മുഖപേജില്‍ തന്നെ ഉണ്ടാകേണ്ടതുണ്ട്. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് ആധാര്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖ, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലുമൊന്ന് കാണിക്കണം.

Latest