Connect with us

International

പറക്കുന്നതിനിടെ വനിതാ ജോലിക്കാര്‍ ഏറ്റുമുട്ടി; ഡെല്‍റ്റ എയര്‍ലൈന്‍സ് ബോയിംഗ് വിമാനം വഴിതിരിച്ചുവിട്ടു

Published

|

Last Updated

ന്യൂയോര്‍ക്ക്: പറക്കുന്നതിനിടെ ഡെല്‍റ്റ എയര്‍ലൈന്‍സ് ബോയിംഗ് വിമാനത്തില്‍ വിമാന ജോലിക്കാര്‍ ഏറ്റുമുട്ടി. ജോലി സംബന്ധമായ ചില തര്‍ക്കങ്ങളുടെ പേരില്‍ രണ്ട് സ്ത്രീ ജോലിക്കാരാണ് വിമാനത്തിനുള്ളില്‍ ഏറ്റുമുട്ടിയത്. ഇതേത്തുടര്‍ന്ന് അമേരിക്കയിലെ ലോസ് ആഞ്ചല്‍സില്‍ നിന്ന് മിന്നപോളിസിലേക്ക് പോകുകയായിരുന്ന ബോയിംഗ് 757-200 വിമാനം സാള്‍ട്ട് ലെയ്ക് സിറ്റിയിലെ വിമാനത്താവളത്തില്‍ ഇറക്കാന്‍ പൈലറ്റ് തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ മാസം 22ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ഏവിയേഷന്‍ ഹെറാള്‍ഡാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വിമാനക്കമ്പനികള്‍ നേരിടുന്ന ഗുരുതര പ്രതിസന്ധികളെ കുറിച്ചും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. വിമാനം തിരിച്ചുവിടാന്‍ പൈലറ്റ് തീരുമാനമെടുക്കുന്ന സമയത്ത് സാള്‍ട്ട് ലെയ്ക് സിറ്റിയില്‍ നിന്ന് 290 കിലോമീറ്റര്‍ തെക്കായിരുന്നു വിമാനം.
ജോലി സംബന്ധമായ ചില പ്രശ്‌നങ്ങളുടെ പേരിലാണ് തര്‍ക്കം ആരംഭിച്ചതെന്നും മൂന്നാമതൊരാള്‍ ഇടപെട്ട് ഇവര്‍ക്കിടയിലെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയുമായിരുന്നു. ഇതേതുടര്‍ന്നാണ് വിമാനം വഴിതിരിച്ചുവിടാന്‍ തീരുമാനിച്ചത്. 40 മിനുട്ട് നേരെ പറന്ന ശേഷം സാള്‍ട്ട് ലെയ്ക് സിറ്റിയില്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ഇവിടെ 80 മിനുട്ട് നിര്‍ത്തിയ ശേഷം വീണ്ടും യാത്ര തുടരുകയായിരുന്നു.
സംഭവത്തില്‍ പ്രയാസം നേരിട്ട യാത്രക്കാരോട് വിമാന കമ്പനി ക്ഷമ ചോദിച്ചു.