Connect with us

National

കടുവകളെ സംരക്ഷിക്കാന്‍ ഡ്രോണ്‍ നിരീക്ഷണം

Published

|

Last Updated

കൊല്‍ക്കത്ത: വേട്ടയടക്കം വന്യമൃഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഡ്രോണ്‍ (ആളില്ലാ വിമാനങ്ങള്‍) നിരീക്ഷണത്തിന് അനുമതി തേടി ദേശീയ കടുവാ സംരക്ഷണ അതോറിറ്റി (എന്‍ ടി സി എ). ഇതിനായി കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുകൂല നിലപാട് കാത്തിരിക്കുകയാണ് അവര്‍. ഇക്കാര്യത്തില്‍ അനുമതി തേടി നേരത്തെ പ്രതിരോധ മന്ത്രാലയത്തെ സമീപിച്ചപ്പോള്‍ വ്യോമയാന മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും അനുമതി തേടാനായിരുന്നു പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇവ രണ്ടും ലഭിച്ച ശേഷമാണ് എന്‍ ടി സി എ വീണ്ടും പ്രതിരോധ മന്ത്രാലയത്തെ സമീപിച്ചതെന്ന് വന്യജീവി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് (ഡബ്ല്യൂ ഐ ഐ) ഇന്ത്യയിലെ ശാസ്ത്രജ്ഞന്‍ കെ രമേഷ് പറഞ്ഞു. പന്ന, ജിം കോര്‍ബെറ്റ് ദേശീയ പാര്‍ക്ക്, കാശിരംഗ, സുന്ദര്‍ബന്‍സ്, സത്യമംഗലം എന്നിവിടങ്ങളിലെ കടുവകളെ നിരീക്ഷിക്കാന്‍ ഡ്രോണ്‍ ഏര്‍പ്പെടുത്താന്‍ ഡബ്ല്യൂ ഐ ഐയുമായി എന്‍ ടി സി എ കരാറിലെത്തിയിട്ടുണ്ട്. ഇതിനായി 3.5 കോടിയുടെ ബജറ്റാണ് തയ്യാറാക്കിയിട്ടുള്ളത്. വരുന്ന രണ്ട് മാസത്തിനുള്ളില്‍ ഇതിനായുള്ള അനുമതി പ്രതിരോധ മന്ത്രായത്തില്‍ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രമേഷ് പറഞ്ഞു. ജി പി എസ് സംവിധാനവും ഉയര്‍ന്ന റസല്യൂഷന്‍ ക്യാമറയും ഘടിപ്പിച്ച ആളില്ലാ പറക്കും വാഹനങ്ങളാണ് നിരീക്ഷണത്തിനായി ഏര്‍പ്പെടുത്തുന്ന ഡ്രോണ്‍.