Connect with us

Health

ആയുര്‍വേദ മഹോത്സവമായി ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍

Published

|

Last Updated

കോഴിക്കോട്: മൂന്ന് ദിവസമായി കോഴിക്കോട് സ്വപ്‌നഗരയില്‍ നടക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ കോഴിക്കോടിന് ആയുര്‍വേദ മഹോത്സവമാകുന്നു. ഫെസ്റ്റിവലിന്റെ ഭാഗമായി വിവധ വിഷയങ്ങളില്‍ നടന്ന സെമിനാറുകള്‍ ശ്രദ്ധേമായി. പ്രധാനമന്ത്രിയുടെ പരിപാടിക്കു ശേഷം നാഷനല്‍ റോഡ് മാപ്പ് ഫോര്‍ ആയുര്‍വേദ ആന്‍ഡ് പര്‍സ്പക്ടീവ് ഓഫ് ആയുര്‍വേദ ഇന്‍ഡസ്ട്രി എന്ന വിഷയത്തിലായിരുന്നു ആദ്യ സെമിനാര്‍.
ബംഗളൂര്‍ എം എസ് രാമയ്യ മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ പ്രസിഡന്റ് ഡോ.നരേഷ് ഷെട്ടിയാണ് സെമിനാര്‍ നിയന്ത്രിച്ചത്. രാജ്യത്തിന്റെ അതിര്‍ത്തിക്കപ്പുറത്ത് ലോകമാകെം ആയുര്‍വേദം പ്രചരിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച. ഡോ.വിജി ഉദയകുമാര്‍, ഡോ.കെ എസ് ധീമാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വൈകീട്ട് നടന്ന ഗ്ലോബല്‍ ഹെല്‍ത്ത് ആന്‍ഡ് ആയുര്‍വേദ – സെമിനാര്‍ ഗ്ലോബല്‍ മാര്‍ക്കറ്റിലെ ആയുര്‍വേദത്തിന്റെ പ്രാധാന്യമാണ് ചര്‍ച്ച ചെയ്തത്. ജാപ്പാനില്‍ നിന്നുള്ള പ്രൊഫ.ഹരിശങ്കര്‍ ശര്‍മ സെമിനാര്‍ നിയന്ത്രിച്ചു. തുടര്‍ന്ന് നടന്ന കരിക്കുലം ചേഞ്ചസ് ഇന്‍ ആയുര്‍വേദ ഗ്രാജേറ്റ് എഡുക്കേഷന്‍ സെമിനാര്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ മെഡിസിന്‍ പ്രസിഡന്റ് ഡോ.വനിത മുരളികുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. ജി വിനോദ് കുമാര്‍, ഡോ.വി കെഅജിത് കുമാര്‍, ഡോ. ഉമേഷ് ശുക്ല, ഡോ. രാഹുല്‍ ആര്‍ നായര്‍ പങ്കെടുത്തു.
ആയുര്‍വേദ വിധികളെ ലോകത്തിന് പരിചയപ്പെടുത്തിയ ഹോര്‍ത്തൂസ് മലബാറിക്കസ് (മലബാറിന്റെ പൂന്തോട്ടം) ഗ്രന്ഥത്തെ അടിസ്ഥാനമാക്കികൊണ്ടുള്ള പ്രദര്‍ശനമാണ് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിലെ വേറിട്ട കാഴ്ച.
“ഹോര്‍ത്തൂസ് വാലി ” എന്ന പേരില്‍ മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. 1678-1703 കാലഘട്ടത്തില്‍ രചിക്കപ്പെട്ട ഗ്രന്ഥത്തില്‍ മലബാര്‍ മേഖലയില്‍ കണ്ടുവരുന്ന 742 സസ്യങ്ങളെയും അവയുടെ ഉപയോഗവും ചികിത്സാ രീതിയുമാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. ഈ ഗ്രന്ഥത്തെ ആധാരമാക്കി ഇതിലെ 453 സസ്യങ്ങളെ മലബാര്‍ ബൊട്ടാണിക്കല്‍ ഗാഡന്‍ സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്തുന്നു. കേരളരാമം” എന്നറിയപ്പെടുന്ന ഗ്രന്ഥവും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്, നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഹോര്‍ത്തൂസ് മലബാറിക്കസില്‍ അച്ചടിച്ച ചിത്രങ്ങളുടെ പകര്‍പ്പാണ് ഓരോ ചെടികളുടെയും വിവരണങ്ങളില്‍ നല്‍കിയിരിക്കുന്നത്. മാരക രോഗങ്ങള്‍ക്കടക്കമുള്ള ഒറ്റമൂലികളാണ് ഹോര്‍ത്തൂസ് വാലിയില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്, മൂര്‍ഖന്‍ പാമ്പിന്റെ വിഷത്തിനെതിരെ വരെ ഫലപ്രദമായി ഉപയോഗിക്കുന്ന നെയ്തലാമ്പലും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന നൂറിലധികം ചെടികളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഐ യു സിഎന്‍ അപൂര്‍വ വിഭാഗത്തില്‍ പെടുത്തിയ ഇരുപതിലധികം സസ്യങ്ങളും ഹോര്‍ത്തൂസ് വാലിയില്‍ ഉണ്ട്.
അല്‍ഷിമേഴ്‌സ് പ്രതിരോധിക്കുന്ന ക്രൈസം മലബാറിക്കം എന്ന സസ്യവും കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തുന്നുണ്ട്. കാസര്‍കോട് ജില്ലയിലെ പെരിയ ഗ്രാമത്തില്‍ മാത്രം കണ്ടുവരുന്നതാണ് ഈ അപൂര്‍വ ഇനം ചെടി. കാന്‍സറിനെ പ്രതിരോധിക്കുന്ന കടപ്ലാവും തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യമലയില്‍ മാത്രം കണ്ടുവരുന്ന ആരോഗ്യപച്ചയും,അപൂര്‍വ വിഭാഗത്തില്‍ പെടുന്ന അല്‍പം, കാരപ്പൊന്ന്, ചുവന്ന ചീരളം എന്നിവയും ഹോര്‍ത്തൂസ് വാലിയിലെ അപൂര്‍വ ശേഖരങ്ങളാണ്.
ഇന്ത്യക്കകത്തും പുറത്തുനിന്നുമായി പതിനായിരക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന മേളയില്‍ മുഖ്യ ആകര്‍ഷകമായി മലബാറിന്റെ ഔഷധ പെരുമ മാറിയിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തും ഖ്യാതിനേടിയ 500 സ്ഥാപനങ്ങളാണ് ആയുര്‍വേദ പ്രദര്‍ശനത്തില്‍ സ്റ്റാളുകള്‍ ഒരുക്കിയിരിക്കുന്നത്.
കോട്ടക്കല്‍ ആര്യവൈദ്യശാല, സോമതീരം ആയുര്‍വേദ ഗ്രൂപ്പ്, ഹിമാലയ, കാമ ആയുര്‍വേദ, സാമി ലാബ്‌സ്, വൈദ്യരത്‌നം ഔഷധശാല, പതഞ്ജലി, നാഗാര്‍ജുന തുടങ്ങി വിഖ്യാതസ്ഥാപനങ്ങളും മനം കവരുന്ന ആയുര്‍വേദ കാഴ്ചകള്‍ ഒരുക്കിയിട്ടുണ്ട്. ഓരോദിവസവും സെമിനാറുകള്‍ക്ക് ശേഷം അരങ്ങേറിയ കലാവിരുന്നുകള്‍ സന്ദര്‍ശകരുടെ മനം കവര്‍ന്നു.

Latest