Connect with us

Malappuram

സി പി എം വിടുന്നവര്‍ വരേണ്ടത് സി പി ഐയിലേക്ക്: കാനം

Published

|

Last Updated

മലപ്പുറം: സി പി എം വിടുന്നവര്‍ വരേണ്ടത് ബി ജെ പിയിലേക്ക് അല്ലെന്നും സി പി ഐയിലേക്കാണെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനകീയ യാത്രക്കിടെ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി പി ഐയും സിപിഎമ്മും തമ്മില്‍ വലിയ തോതിലുള്ള യോജിപ്പാണുള്ളത്. എന്നാല്‍, സി പി എം വിടുന്നവര്‍ സി പി ഐയിലേക്ക് വരുന്നതിനെ ഇതുമായി ബന്ധപ്പെടു ത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷത്തിന്റെ നയപരിപാടികള്‍ അംഗീകരിക്കുന്നവരുമായ പണക്കാര്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയാകുന്നതില്‍ അസ്വഭാവികതയൊന്നും ഇല്ല. പണം ഉണ്ടെന്നത് അദ്ദേഹത്തിന്റെ അയോഗ്യതയല്ല. അയാളുടെ സാമൂഹിക വീക്ഷണമാണ് പ്രധാനം. രാജ്യത്തെ സാമൂഹിക മുന്നേറ്റങ്ങളുടെ എല്ലാം നേതൃത്വത്തില്‍ ധനാഢ്യരും ജന്മികുടുംബത്തില്‍ നിന്നുള്ളവരുംമൊക്കെ ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ ജനരക്ഷാമാര്‍ച്ച് അഴിമതിക്കാരുടെ ആത്മരക്ഷാ മാര്‍ച്ചായി മാറിയെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ബാര്‍-സോളാര്‍ അഴിമതികേസുകളില്‍ ഓരോ ദിവസം സുധീരന്റെ പാര്‍ട്ടിയിലെ നേതാക്കള്‍ ഓരോരുത്തരായി കുടുങ്ങുകയാണ്. ജനങ്ങളില്‍ നിന്ന് ഇവരെ രക്ഷിക്കാന്‍ സുധീരനാവില്ല.
കെ പി സി സി തന്നെ രണ്ട് കോടി കോഴയായി കൈപറ്റിയെന്നും പറയുന്നു. പണം നല്‍കിയെങ്കില്‍ രസീത് ഉണ്ടാകുമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം ഏറ്റവും വലിയ തമാശയാണ്. കോഴക്ക് കെ പി സി സി രസീത് ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്നും കാനം ചോദിച്ചു. അനൂകൂല വിധിയുണ്ടാകുമ്പോള്‍ നിയമത്തെ വാഴ്ത്തുകയും കാര്യങ്ങള്‍ എതിരാകുമ്പോള്‍ ജഡ്ജിമാര്‍ക്കെതിരെ തിരിയുകയും ചെയ്യുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹാണ്. മനസാക്ഷിയാണ് ശക്തിയെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. ക്രൈസ്തവ വിശ്വാസപ്രകാരം നിര്‍മല മനസ്സാക്ഷിയും ക്രൂര മനസ്സാക്ഷിയുമുണ്ട.്
ഉമ്മന്‍ചാണ്ടിയുടേത് ഇതില്‍ രണ്ടാമത്തേതാണ്. സംസ്ഥാനത്ത് എല്‍ ഡി എഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി പിണറായി ആകുമോ എന്ന കാര്യത്തില്‍ സി പി എമ്മാണ് തീരുമാനമെടുക്കേണ്ടത്. സീതാറാം യെച്ചൂരിയും കോടിയേരിയുമാണ് സി പി എമ്മിന്റെ കാര്യങ്ങള്‍ പറയേണ്ടത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്ന സമീപനം എല്‍ ഡി എഫിനില്ലെന്നും അദ്ദേഹം പറഞ്ഞു. സത്യന്‍ മൊകേരി, സി പി ഐ ജില്ലാസെക്രട്ടറി പി പി സുനീര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം പി സുബ്രഹ്മണ്യന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest