Connect with us

Gulf

വെര്‍ച്വല്‍ റിയാലിറ്റി ഖത്വറില്‍ ഉടന്‍

Published

|

Last Updated

ദോഹ: ഏതൊരു പ്രതിബിംബത്തെയും പൂര്‍ണാവസ്ഥയില്‍ (360 ഡിഗ്രി) കാണാന്‍ സാധിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി സംവിധാനം ഉടന്‍ ഖത്വറിലും. യുവ സംരംഭകന്‍ ശൈഖ് ജാസിം ബിന്‍ അബ്ദുര്‍റഹ്മാന്‍ ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ താനി വെര്‍ച്വല്‍ റിയാലിറ്റി കമ്പനി തുടങ്ങിയിട്ടുണ്ട്. ഖത്വര്‍- ബ്രിട്ടീഷ് സംയുക്ത സംരംഭമായ കമ്പനിയുടെ പേര് വിസ്ര്‍ വിആര്‍ എന്നാണ്.
സോഫ്റ്റ്‌വെയര്‍ രംഗത്തെ അതികായന്‍മാരായ ഗൂഗിള്‍, മൈക്രോസോഫ്റ്റ്, വിനോദമേഖലയിലെ ഭീമന്‍ വാള്‍ട്ട് ഡിസ്‌നി തുടങ്ങിയവ കമ്പനിയുടെ ഇടപാടുകാരാണ്. ദി ഫോഴ്‌സ് അവേകന്‍സ് എന്ന ചിത്രത്തിന് വേണ്ടി കമ്പനി വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകള്‍ നിര്‍മിച്ചിരുന്നു. മാര്‍ക്കറ്റിംഗ് സങ്കേതമാണ് വെര്‍ച്വല്‍ റിയാലിറ്റിയെന്ന് ശൈഖ് ജാസിം ഗള്‍ഫ് ടൈംസിനോട് പറഞ്ഞു. റിയല്‍ എസ്റ്റേറ്റ്, എക്‌സിബിഷനുകള്‍, ഓട്ടോമോട്ടീവ്, ഫിനാന്‍സ്, പ്രൊപര്‍ട്ടി ഡെവലപ്‌മെന്റ്, ട്രാവല്‍ തുടങ്ങി നിരവധി വ്യവസായങ്ങള്‍ക്ക് ഇതുപയോഗിക്കാം. നിരവധി ഹെഡ്‌സൈറ്റുകള്‍ കൈവശമുണ്ട്. വെര്‍ച്വല്‍ റിയാലിറ്റി അന്തരീക്ഷത്തിലെ കംപ്യൂട്ടര്‍ നിര്‍മിത ചിത്രങ്ങള്‍ (സി ജി ഐ) ദൃശ്യമാക്കുന്ന ആപ്പ് ഉടനെ വികസിപ്പിക്കും. ഇത് പ്രതിബിംബങ്ങളുടെ പൂര്‍ണ ദൃശ്യം നല്‍കും. കഴിഞ്ഞ വര്‍ഷം കാല്‍ ലക്ഷത്തിലേറെ ഹെഡ്‌സെറ്റുകള്‍ ഗൂഗിളിന് നല്‍കിയിരുന്നു. ബ്രിട്ടനിലാണ് സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നത്. ചൈനയിലാണ് നിര്‍മാണം.
മാര്‍ക്കറ്റിംഗ്, പ്രമോഷന്‍, ആരോഗ്യ സുരക്ഷാ പദ്ധതികള്‍, പരിശീലന പരിപാടികള്‍ തുടങ്ങിയവക്ക് കമ്പനികള്‍ക്ക് ഇതുപയോഗിക്കാം. 2022 ഫുട്‌ബോള്‍ ലോകകപ്പ് വീക്ഷിക്കുന്നവര്‍ക്ക് ഇതുപയോഗിച്ച് മാസ്മരിക അനുഭവം നേടാം. ഗ്രൗണ്ടിലെ ക്യാമറകളുടെ സഹായത്തോടെ പൂര്‍ണ ദൃശ്യം ലഭ്യമാകും. ഹെഡ്‌സെറ്റ് വെച്ച് ഫോണില്‍ ആപ്പ് തുറന്നാല്‍ മാത്രം മതി. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ലോകകപ്പ് സംഘാടകരുമായി ഉടനെ ചര്‍ച്ച നടത്തും. ഖത്വറില്‍ ലാഭം അല്ല ലക്ഷ്യം. വ്യവസായ മേഖലക്ക് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കലാണ്. ശൈഖ് ജാസിം കൂട്ടിച്ചേര്‍ത്തു. 2017 അവസാനത്തോടെ എട്ട് ബില്യന്‍ ഡോളറിന്റെ വിപണി വെര്‍ച്വല്‍ റിയാലിറ്റിക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.