Connect with us

Kerala

എല്‍ ഡി എഫ് പ്രവേശനം അടഞ്ഞത് പി സി ജോര്‍ജിന് വിനയായി

Published

|

Last Updated

കോട്ടയം: കേരളാ കോണ്‍ഗ്രസ് സെക്യുലറിന്റെ ഇടതു മുന്നണി പ്രവേശനം അടഞ്ഞതോടെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. പാര്‍ട്ടി ലീഡര്‍ പി സി ജോര്‍ജിനെ പുറത്താക്കി സെക്യുലര്‍ ചെയര്‍മാനും മുന്‍ സ്പീക്കറുമായ ടി എസ് ജോണ്‍ രംഗത്ത് വന്നതോടെ പാര്‍ട്ടിക്കുള്ളിലെ ഭിന്നത മറനീക്കുകയും ചെയ്തു.
പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ പി സി ജോര്‍ജിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പിന്തുണ നല്‍കാമെന്ന ഉറപ്പു മാത്രമാണ് കേരള കോണ്‍ഗ്രസ് സെക്യുലറിന് സി പി എമ്മില്‍ നിന്നും ലഭിച്ചിരിക്കുന്നതെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കേരള കോണ്‍ഗ്രസ് സെക്യുലറിനെ എല്‍ ഡി എഫ് ഘടകകക്ഷിയാക്കമെന്നും ഏഴ് സീറ്റുകള്‍ പാര്‍ട്ടിക്ക് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പാര്‍ട്ടി ചെയര്‍മാന്‍ ടി എസ് ജോണ്‍ ഇടതുമുന്നണിക്കും സി പി എം സംസ്ഥാന നേതൃത്വത്തിനും രേഖാമൂലം കത്ത് നല്‍കിയിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രദേശിക ധാരണകള്‍ മാത്രമായിരിക്കും ഉണ്ടാകുക എന്ന നിര്‍ദേശം അനൗദ്യോഗികമായി ലഭിച്ചതോടെ സീറ്റുമോഹിച്ച് നടന്ന പല നേതാക്കളും അസ്വസ്ഥരായിരിക്കുകയാണ്.
ഈ സാഹചര്യം തിരിച്ചറിഞ്ഞ ടി എസ് ജോണും ഏതാനും അനുയായികളും കേരള കോണ്‍ഗ്രസ് നേതാവ് പി സി തോമസുമായി ഒത്തുചേര്‍ന്ന് എന്‍ ഡി എ സഖ്യത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. ടി എസ് ജോണിന്റെ നടപടികളോട് പ്രതികരിക്കാന്‍ പി സി ജോര്‍ജ് തയ്യാറായില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുമായി പ്രദേശിക തലങ്ങളില്‍ തിരഞ്ഞെടുപ്പ് ധാരണകള്‍ ഉണ്ടാക്കി മത്സരിച്ച കേരളാ കോണ്‍ഗ്രസ് സെക്യുലറിന് കോട്ടയം ജില്ലയിലടക്കം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞിരുന്നു. ഈ അനുകൂല സാഹചര്യങ്ങള്‍ വിലയിരുത്തി എല്‍ ഡി എഫില്‍ കയറിക്കൂടാം എന്ന കണക്കുകൂട്ടലിലായിരുന്നു ജോര്‍ജും കൂട്ടരും.
എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലും കേരളാ കോണ്‍ഗ്രസ് സെക്യുലര്‍, പിള്ള വിഭാഗങ്ങള്‍ക്ക് ഏതാനും സീറ്റുകള്‍ നല്‍കി തിരഞ്ഞെടുപ്പ് സഹകരണം മാത്രം മതിയെന്ന്് ഇടതുമുന്നണി തീരുമാനമെടുത്തു. ഈ സാഹചര്യത്തില്‍ ഇടതുബാന്ധവവുമായി ഒത്തുപോകുന്നതിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് ടി എസ് ജോണ്‍ സെക്യുലറില്‍ വിമതവേഷം കെട്ടിയതെന്നാണ് സൂചന. കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്നും തെറ്റിപ്പിരിഞ്ഞ് ടി എസ് ജോണിന്റെ നേതൃത്വത്തിലുള്ള ഒരുവിഭാഗം നേതാക്കള്‍ 2015 ഏപ്രില്‍ 11ന് എറണാകുളത്ത് യോഗം ചേര്‍ന്നാണ് കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ പുനരജ്ജീവിപ്പിച്ചത്. പി സി ജോര്‍ജ് അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ഥി മത്സരിപ്പിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി കേരളാ കോണ്‍ഗ്രസ് എം നിയമസഭാ സ്പീക്കര്‍ക്ക് നല്‍കിയിരുന്നു. ജോര്‍ജിനെതിരെ തെളിവുണ്ടെന്ന് കണ്ടെത്തിയ സ്പീക്കര്‍ എം എല്‍ എ സ്ഥാനത്ത് നിന്നും പി സി ജോര്‍ജിനെ അയോഗ്യനാക്കി.
എന്നാല്‍ സ്പീക്കറുടെ തീരുമാനം വരുന്നതിന് തൊട്ടുമുമ്പ് എം എല്‍ എ സ്ഥാനം രാജിവെച്ച് കേരള കോണ്‍ഗ്രസ് സെക്യുലറില്‍ ലീഡര്‍ സ്ഥാനം ഏറ്റെടുത്ത് രംഗത്ത് എത്തിയെങ്കിലും പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ ടി എസ് ജോണിന്റെ പേരിലാണുള്ളത്. ഈ സാഹചര്യത്തില്‍ തന്റെ പേരില്‍ അറിയപ്പെട്ടിരുന്ന പാര്‍ട്ടിയും ചിഹ്നവും ടി എസ് ജോണിന് സ്വന്തമായത് ജോര്‍ജിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ് ഉണ്ടാക്കാന്‍ പോകുക.

Latest