Connect with us

National

ടാന്‍സാനിയന്‍ വിദ്യാര്‍ഥിനിയെ വസ്ത്രാക്ഷേപം ചെയ്തിട്ടില്ലെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി

Published

|

Last Updated

ജി.പരമേശ്വര

ബെംഗളൂരു:ബെംഗളൂരുവില്‍ ടാന്‍സാനിയന്‍ വിദ്യാര്‍ഥിനിയെ വിവസ്ത്രയാക്കി മര്‍ദിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ കര്‍ണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര തള്ളി. സംഭവം വംശീയ ആക്രമണമല്ലെന്നും മന്ത്രി പറഞ്ഞു.

ആക്രമണത്തെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായ അന്വേഷണം നടത്തുകയാണ്. ബെംഗളൂരുവില്‍ 12,000 വിദേശ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഇവരുടെ സുരക്ഷ സര്‍ക്കാരിന്റെ പ്രഥമ പരിഗണനയാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. സുഡാന്‍ പൗരന്‍ ഓടിച്ച കാര്‍ തട്ടി യുവതി മരിച്ച സംഭവം ഉണ്ടായില്ലെങ്കില്‍ ഇത്തരമൊരു ആക്രമണം നടക്കില്ലായിരുന്നുവെന്നും അപകടത്തെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് സംഭവത്തിനു കാരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണു യുവതി മരിക്കാന്‍ ഇടയായ കാര്‍ ഓടിച്ചുവെന്ന് തെറ്റിദ്ധരിച്ച് ടാന്‍സാനിയന്‍ വിദ്യാര്‍ഥിയെ 300 ഓളം വരുന്ന ജനക്കൂട്ടം തുണിയുരിഞ്ഞ് മര്‍ദിച്ച് അവശയാക്കിയത്. ബെംഗളൂരുവില്‍ ബിബിഎമ്മിനു പഠിക്കുന്ന വിദ്യാര്‍ഥിനി അതീവ ഗുരുതരാവസ്ഥയില്‍ ബംഗളൂരുവില്‍ ചികിത്സയിലാണ്.

സുഡാന്‍ പൗരന്‍ ഓടിച്ച കാര്‍ ഇടിച്ചാണ് യുവതി മരിച്ചത്. ഇയാള്‍ മദ്യലഹരിയിലുമായിരുന്നു. സംഭവം നടന്നപ്പോള്‍ തന്നെ ഓടിക്കൂടിയവര്‍ ഇയാളെ പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. പിന്നാലെ വന്ന വിദ്യാര്‍ഥിനിയുടെ കാറാണ് അപകടമുണ്ടാക്കിയതെന്ന് ചിലര്‍ തെറ്റിദ്ധരിച്ചാണ് ആക്രമണം നടത്തിയത്. ബസില്‍ കയറി രക്ഷപെടാന്‍ ശ്രമിച്ച വിദ്യാര്‍ഥിനിയെ റോഡില്‍ വലിച്ചിട്ട് വസ്ത്രം ഉരിഞ്ഞ് മര്‍ദിക്കുകയായിരുന്നു. തെറ്റുകാരിയല്ലെന്നു കരഞ്ഞു പറഞ്ഞെങ്കിലും ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥിനി മാധ്യമങ്ങളോട് പറഞ്ഞു.