Connect with us

Gulf

സോളാര്‍ ഊര്‍ജ ഉപയോഗത്തിന് പുതിയ സാങ്കേതികവിദ്യ

Published

|

Last Updated

ദോഹ: ഖത്വര്‍ പരിസ്ഥിതി, ഊര്‍ജ ഗവേഷണ സ്ഥാപനം (ഖീരി) ഉയര്‍ന്ന ഊര്‍ജക്ഷമതയുള്ള നേരിയ ഫിലിം സോളാര്‍ സെല്ലുകള്‍ വികസിപ്പിക്കുന്നു. രാജ്യത്തെ ഊര്‍ജ മേഖലക്ക് മുതല്‍ക്കൂട്ടാവുന്ന സോളാര്‍ സാങ്കേതികവിദ്യയാണ് ഇതെന്ന് ഖീരി ആക്ടിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഖാലിദ് അല്‍ സുബെയ് ഗള്‍ഫ് ടൈംസിനോട് പറഞ്ഞു.
ഫോട്ടോവോള്‍ട്ടാനിക് വസ്തുവിന്റെ ഫിലിം ഉപയോഗിച്ച് നിര്‍മിക്കുന്ന സെല്ലുകളാണ് ഇവ. ഫോട്ടോവോള്‍ട്ടാനിക് പാനലുകള്‍ക്ക് ഉയര്‍ന്ന ഊര്‍ജക്ഷമതയുണ്ട്. രാജ്യത്ത് ഏറ്റവും മികച്ച സോളാര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് എല്ലാ പഠനങ്ങളും നടത്തിയിട്ടുണ്ട്. ബില്‍ഡിംഗ് ഇന്റഗ്രേറ്റഡ് ഫോട്ടോവോള്‍ട്ടാനിക് (ബി ഐ പി വി) സാങ്കേതികവിദ്യയും വിശകലനവിധേയമാക്കിയിട്ടുണ്ട്. യൂറോപ്പ് അടക്കമുള്ള വിദേശ മേഖലകളെ അപേക്ഷിച്ച് സോളാര്‍ ഊര്‍ജം ഉപയോഗിക്കുന്നതിന് പര്യാപ്തമായ ഭൂമിശാസ്ത്ര പ്രത്യേകത രാജ്യത്തിനുണ്ട്. അവിടങ്ങളില്‍ ഉപയോഗിക്കുന്ന രീതി ഒരുപക്ഷെ ഇവിടെ യോജിക്കണമെന്നില്ല. അതിനാലാണ് ഏറ്റവും യോജിച്ച ഫോട്ടോവോള്‍ട്ടാനിക് തിരഞ്ഞെടുത്തത്.  ഫിഫ ലോകകപ്പിന് ബി ഐ പി വി സംവിധാനം ഉപയോഗിക്കുമോയെന്ന് ചോദിച്ചപ്പോള്‍, വിദഗ്ധരില്‍ നിന്ന് പഠിക്കാന്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി, കഹ്‌റമ പ്രതിനിധികള്‍ വര്‍ക്‌ഷോപ്പില്‍ പങ്കെടുക്കുന്നുണ്ടെന്നും വിശദമായി മനസ്സിലാക്കിയ ശേഷം അവര്‍ ഉചിത തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ഏതാനും മാസത്തിനുള്ളില്‍ രാജ്യത്തെ സോളാര്‍ ഊര്‍ജ ഉപയോഗത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് ഖീരി സമര്‍പ്പിക്കും. സാങ്കേതികവിദ്യ വികസിപ്പിക്കാനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും കമ്പനികള്‍ക്ക്  ഈ റിപ്പോര്‍ട്ട് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.