Connect with us

Gulf

തൊഴില്‍ നഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ സര്‍ക്കാറുകള്‍ ഇടപെടണം: ഇന്‍കാസ്

Published

|

Last Updated

ഇന്‍കാസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍

ദോഹ: സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ജോലി നഷ്ടമായിക്കൊണ്ടിരിക്കുന്ന ഖത്വറിലെ പ്രവാസി ഇന്ത്യക്കാരെ പുനരധിവസിപ്പിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഒ ഐ സി സി (ഇന്‍കാസ്) ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഗള്‍ഫ് നാടുകളില്‍ പിരിച്ചുവിടല്‍ വ്യാപകമായി തുടരുകയാണ്. തൊഴില്‍ രംഗത്തെ അനിശ്ചിതത്വം കാരണം മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് പ്രവാസികള്‍ നേരിടുന്നത്. ഈ വിഷയം ഉന്നയിക്കുന്നതിനും ജോലി നഷ്ടമാകുന്നവരെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്‍കാസ് പ്രതിനിധി സംഘം കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളെ സമീപിക്കുമെന്ന് പ്രസിഡന്റ് കെ കെ ഉസ്മാന്‍ പറഞ്ഞു.
ഇന്ധന വില കുത്തനെ ഇടിഞ്ഞ പാശ്ചാത്തലത്തില്‍ വിമാനക്കമ്പനികള്‍ ഈടാക്കുന്ന വര്‍ധിച്ച ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാന്‍ നടപടി വേണം. അവധി സീസണുകളില്‍ ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങള്‍ ഏര്‍പ്പാടാക്കാന്‍ നടപടി സ്വീകരിക്കണം. എയര്‍ കേരള യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിക്കണമെന്നും ഇന്‍കാസ് ആവശ്യപ്പെട്ടു. പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ആത്മഹത്യ പ്രവണതക്കെതിരെ ഇന്ത്യന്‍ എംബസിയുമായും ബന്ധപ്പെട്ട വകുപ്പുകളുമായും സഹകരിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ നടത്തും. ഇന്ത്യന്‍ എംബസിയുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും സഹകരണത്തോടെ കൗണ്‍സിലിംഗ് ക്യാംപുകള്‍ സംഘടിപ്പിക്കുകയും ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ ഇന്‍കാസ് ജനറല്‍ സെക്രട്ടറി സുരേഷ് കരിയാട്, ഷാജി തേന്‍മഠം, മണികണ്ഠന്‍, സിദ്ദീഖ് പുറായില്‍, തോമസ് കുട്ടി പങ്കെടുത്തു.