Connect with us

Kasargod

ഡോക്ടര്‍മാര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

Published

|

Last Updated

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ വനിത ഗൈനക്കോളജിസ്റ്റ് ഡോ. ലൈസമ്മയുടെ വീട്ടില്‍ അക്രമം നടത്തിയ സംഭവത്തില്‍ ഡോക്ടര്‍മാര്‍ പ്രക്ഷോഭം ശക്തമാക്കുന്നു.
അക്രമക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കരിദിനം ആചരിക്കുകയും സൂചനാ പണിമുടക്ക് നടത്തുകയും ചെയ്തതിന് പിന്നാലെയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ(ഐ എം എ)നേതൃത്വത്തിന്റെ ഡോക്ടര്‍മാര്‍ ഇന്നലെ കാഞ്ഞങ്ങാട് ഡി വൈ എസ് പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.
ഡോക്ടറുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ നാലംഗ സംഘം കമ്പ്യൂട്ടര്‍ ഉപകരണങ്ങളും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറും മറ്റും തകര്‍ത്തുവെന്ന ഡോക്ടറുടെ പരാതിയില്‍ പെരിയ കൂടാനത്തെ കൃഷ്ണന്‍ പനങ്കുളം, കൃഷ്ണന്റെ മകള്‍ എ ലതയുടെ ഭര്‍ത്താവ് പനയാല്‍ കുതിരക്കോട് വയലപ്രം വീട്ടില്‍ മണികണ്ഠന്‍ തുടങ്ങി നാലുപേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ പ്രതികളെ പോലീസ് ഇതുവരെ അറസ്റ്റുചെയ്തിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് സമരം.
കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ ആശുപത്രി ബഹിഷ്‌കരിച്ച് സൂചനാ പണിമുടക്ക് നടത്തിയിരുന്നു. അതിനിടെ ലതക്ക് ജില്ലാആശുപത്രിയിലെ ഗൈനക്കോളജിസ്റ്റില്‍ നിന്ന് നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ചും ചികിത്സ നിഷേധിച്ചതിനെ കുറിച്ചും അന്വേഷണം നടത്തണമെന്നും തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് ലതയുടെയും മണികണ്ഠന്റെയും ബന്ധുക്കളും വീട്ടുകാരും തോയമ്മലിലെ ജില്ലാ മെഡിക്കല്‍ ഓഫീസിന് മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തും.

Latest