Connect with us

Articles

സ്വച്ഛ്ഭാരത് പദ്ധതിക്ക് എന്ത് സംഭവിച്ചു?

Published

|

Last Updated

ഇന്ത്യയെ മാലിന്യമുക്തമാക്കാന്‍ ചൂലെടുത്ത പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതിക്ക് എന്തു സംഭവിച്ചു? ആരും മാതൃകയാക്കേണ്ട ഏറ്റവും നല്ല പ്രവര്‍ത്തനമെന്ന് വിലയിരുത്തേണ്ട ശുചിത്വ ഭാരതം പദ്ധതി എത്രകണ്ട് വിജയിച്ചുവെന്നത് ആലോചിക്കേണ്ടതുണ്ട്. 2014 ഒക്‌ടോബര്‍ രണ്ടിന്, ഗാന്ധി ജയന്തി ദിനത്തില്‍ ന്യൂ ഡല്‍ഹിയിലെ വാല്‍മീകി റോഡില്‍ പ്രധാനമന്ത്രി ചൂലെടുത്തു തുടങ്ങിയ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതി ഒരു വര്‍ഷവും മൂന്നു മാസവും പിന്നിടുമ്പോള്‍ പ്രസംഗത്തിനും പ്രചരണത്തിനും അപ്പുറം ഒരു ചലനവും സൃഷ്ടിക്കാനായില്ലെന്ന് വിലയിരുത്തേണ്ടി വരും.
വര്‍ഷത്തില്‍ 100 മണിക്കൂര്‍, ശുചിത്വത്തിന് വേണ്ടി സ്വമേധയാ ജോലി ചെയ്യുമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രതിജ്ഞ തന്നെയായിരുന്നു പദ്ധതി ഒരിക്കലും പൂര്‍ണ അര്‍ഥത്തില്‍ വിജയിക്കില്ലെന്നതിന്റെ ആദ്യ സൂചന. കേരളത്തില്‍ പോലും ഇത്തരമൊരു പ്രതിജ്ഞ ഒരിക്കലും പാലിക്കപ്പെടില്ലെന്ന് ഒരിക്കലെങ്കിലും ഓഫീസുകളിലെത്തിയവര്‍ക്ക് ആരും പറഞ്ഞു കൊടുക്കേണ്ടി വരില്ല. വര്‍ഷത്തില്‍ 100 മണിക്കൂര്‍ പോയിട്ട് ഒരു മണിക്കൂറെങ്കിലും ശുചിത്വ പ്രവര്‍ത്തനം നടക്കുന്ന സര്‍ക്കാര്‍ ഓഫീസിനെയോ ജീവനക്കാരെയോ കണ്ടു പിടിക്കാനാകില്ല. ഓഫീസും പരിസരവും മാത്രം വൃത്തിയാക്കണമെന്നു മാത്രമായിരുന്നില്ല പ്രതിജ്ഞയെന്നോര്‍ക്കുമ്പോഴാണ് ആരും അമ്പരക്കുക. പൊതു ഇടങ്ങളിലെ ശുചീകരണമാണ് സര്‍ക്കാര്‍ ജീവനക്കാരിലൂടെ ശൂചിത്വ ഭാരതം പദ്ധതി ലക്ഷ്യമിട്ടിരുന്നത്. കേരളത്തില്‍ പോലും ഇതാണവസ്ഥയെങ്കില്‍ അങ്ങ് ഹിമാലയത്തോളം പരന്നു കിടക്കുന്ന ഭാരതഭൂവില്‍ പിന്നെവിടെയാണ് ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര ജീവനക്കാരുടെ സംഭാവനയുണ്ടാകുക? സൈനികര്‍ ഇക്കാര്യത്തില്‍ വേറിട്ടു നില്‍ക്കുന്നുണ്ടെന്നതും ശുചിത്വ ഭാരതം പദ്ധതി തുടങ്ങും മുമ്പേ തന്നെ അവര്‍ ഇക്കാര്യത്തില്‍ ജാഗരൂഗരാണെന്നുമുള്ളത് ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതുണ്ട്.
മോദി പന്ത്രണ്ടര വര്‍ഷത്തോളം മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിലെ അവസ്ഥയാണ്് സ്വച്ഛഭാരത് തുടങ്ങിയ ശേഷം ആദ്യം വിലയിരുത്തേണ്ടത്. ഏറ്റവും നന്നായി പദ്ധതി നടപ്പാക്കേണ്ടിയിരുന്ന ഗുജറാത്തിലെ ഇപ്പോഴത്തെ ശുചിത്വ നില എന്താണ്? കേരളീയര്‍ക്ക് ശുചിത്വ പ്രവര്‍ത്തനമെന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ വരിക ചപ്പു ചവറുകളും മറ്റും നീക്കുന്ന പ്രവര്‍ത്തിയായിരിക്കും. എന്നാല്‍ വെളിമ്പ്രദേശങ്ങളിലെ മലമൂത്ര വിസര്‍ജനം മൂലമുണ്ടാകുന്ന വലിയ മാലിന്യ പ്രശ്‌നമാണ് ഇതര സംസ്ഥാനങ്ങള്‍ നേരിടുന്നത്. ഗുജറാത്തില്‍ ചില സന്നദ്ധ സംഘടനകള്‍ നടത്തിയ പുതിയ പഠനങ്ങളില്‍ പറയുന്നത് അവിടെ 60 ശതമാനത്തോളം ഗ്രാമീണര്‍ ഇന്നും തുറസായ സ്ഥലങ്ങളിലാണ് മലമൂത്ര വിസര്‍ജനം ചെയ്യുന്നതെന്നാണ്. ഇവര്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മിച്ച് നല്‍കാനോ അതിന് പ്രേരിപ്പിക്കാനോ ഒന്നര പതിറ്റാണ്ടിലധികം സംസ്ഥാനം ഭരിച്ചിട്ടും മോദിക്കായില്ലെന്ന യാഥാര്‍ഥ്യമാണ് മറച്ചു പിടിക്കപ്പെട്ടിട്ടുള്ളത്. ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ പ്രാപ്തിയുള്ളവര്‍ വരെ അതി രാവിലെ ഒരു കുപ്പിയില്‍ വെള്ളവുമായി റോഡരുകിലേക്ക് നീങ്ങുന്ന കാഴ്ച ഇപ്പോഴും ഗുജറാത്തില്‍ നിര്‍ലോഭമാണത്രേ. രാജ്യത്തെ 53 ശതമാനം വീടുകളിലും ശൗചാലയങ്ങള്‍ ഇപ്പോഴുമില്ലെന്നതാണ് മറ്റൊരു പഠനം. ഗ്രാമങ്ങളില്‍ ഇത് 70 ശതമാനത്തിനു മുകളിലാണ്. ഉത്തരേന്ത്യയിലെ ഗ്രാമവാസികള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ പലര്‍ക്കും ശൗചാലയങ്ങളില്‍ പോയി പ്രാഥമിക കര്‍മം നിര്‍വഹിക്കാന്‍ താത്പര്യമില്ലെന്നു കണ്ടെത്തി. തുറസായ സ്ഥലത്ത് കൂടുതല്‍ സന്തോഷവും സമാധാനവും സൗകര്യവും ലഭിക്കുമെന്നാണ് ഗ്രാമവാസികളുടെ നിലപാട്.
എന്നാല്‍ തുറന്ന സ്ഥലത്ത് നിര്‍വഹിച്ചാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഇവര്‍ക്ക് ബോധ്യമില്ല. ഈ സാഹചര്യത്തില്‍ ഗ്രാമവാസികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുകയും അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്ത ശേഷമേ സ്വച്ഛ് ഭാരത് പദ്ധതി ഫലപ്രദമാകൂ എന്ന നിര്‍ദേശം പഠനം നടത്തിയ പല ഏജന്‍സികളും മുന്നോട്ട് വെച്ചെങ്കിലും അധികാരികള്‍ ഇതൊന്നും ചെവിക്കൊണ്ടതേയില്ല. കാരണം, കൈയടിയായിരുന്ന പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ കക്കൂസുകള്‍ നിര്‍മിക്കാന്‍ പ്രാപ്തിയില്ലാത്തവര്‍ക്ക് പണം നല്‍കി, ഇതിന്റെ മറവില്‍ വലിയ തോതില്‍ പണം പറ്റാന്‍ മറന്നതുമില്ല. നാഷനല്‍ സാമ്പിള്‍ സര്‍വേ ഓഫീസ്(എന്‍ എസ്എസ് ഒ) കണക്കുകള്‍ പ്രകാരമാണ് ദരിദ്രരുടെ കണക്കെടുത്ത് ശൗചാലയ നിര്‍മാണത്തിനെന്ന പേരില്‍ കോടികള്‍ ഒഴുക്കിയത്. വെറും 17 രൂപ കൊണ്ടാണ് ഇന്ത്യയിലെ ദരിദ്രര്‍ ഒരു ദിവസം ജീവിക്കുന്നതെന്നാണ് എന്‍ എസ് എസ് ഒ പുറത്തു വിട്ട കണക്ക്. ഗ്രാമങ്ങളിലെ ദരിദ്രരില്‍ ദരിദ്രരായ ജനങ്ങള്‍ 17 രൂപ കൊണ്ടാണ് ദിവസം കഴിച്ച് കൂട്ടുമ്പോള്‍ നഗരങ്ങളിലെ ദരിദ്രര്‍ 23 കൊണ്ടും ദിവസം ജീവിക്കുന്നുവത്രേ. കണക്കുകള്‍ അനുസരിച്ച് രാജ്യത്തെ ഏറ്റവും താഴേക്കിടയില്‍ ജീവിക്കുന്നവരുടെ ശരാശരി പ്രതിമാസ വരുമാനം 521. 44 ഉം നഗരങ്ങളില്‍ 700. 50 രൂപയുമാണെന്നാണ് പറയുന്നത്. ഇത്തരത്തിലുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് ശുചിത്വ ഭാരതത്തിന്റെ പേരില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മിക്ക വീടുകളിലും ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്‍കിയത്. ഒരു വെല്ലുവിളി പോലെയാണ് ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും ശൗചാലയങ്ങള്‍ നിര്‍മിച്ചത്. എന്നാല്‍ പിന്നീട് മിക്ക വീടുകളിലും ശൗചാലയങ്ങള്‍ ഉപയോഗ ശൂന്യമാക്കി. വിറക് അടുക്കി വെക്കാനും മൃഗങ്ങളെ കെട്ടാനുമുള്ള മുറിയായിട്ടാണ് ഇത് പലരും ഉപയോഗിച്ചത്. ചിലരാകട്ടെ ധാന്യപ്പുരകളാക്കി.
ശൗചാലയങ്ങള്‍ നിര്‍മിച്ചെങ്കിലും ജലവിതരണം ഇല്ലാത്തത് പലയിടത്തും തിരിച്ചടിയായി. കൂടാതെ മാലിന്യം എങ്ങനെ സംസ്‌കരിക്കുമെന്നതും ആശയക്കുഴപ്പം സൃഷ്ടിച്ചു. മുംബൈ, ഡല്‍ഹി പോലുള്ള വന്‍നഗരങ്ങളില്‍ വന്‍തോതിലാണ് സുചിത്വ പ്രശ്‌നം അനുഭവിക്കുന്നത്. ഏഴ് ലക്ഷത്തിലധികം ചേരി നിവാസികള്‍ ഉള്ള ഡല്‍ഹിയില്‍ ഓരോ വീടുകള്‍ക്കും സ്വന്തമായി കക്കൂസ് പ്രാവത്തികമല്ലത്രെ. സമ്പന്നരുടെ വീടുകളിലെ ബാത്ത് റൂമിന്റെ അത്ര പോലും വലിപ്പമില്ലാത്തതാണ് പലരുടെയും വീടുകള്‍. 77 ലക്ഷം പേര്‍ക്ക് 300 ടോയ്‌ലറ്റ് എന്ന പരിതാപകരമായ അവസ്ഥയിലാണ് രാജ്യ തലസ്ഥാനത്തെ ചേരി നിവാസികള്‍. മുംബൈയിലെ അവസ്ഥ ഇതിലും പരിതാപകരമാണ്. ആറ് കോടി ശൗചാലയങ്ങളാണ് കഴിഞ്ഞ വര്‍ഷം മാത്രം നിര്‍മിച്ചത്. ഇതില്‍ 1. 3 കോടിയും പ്രവര്‍ത്തനരഹിതമായതായാണ് കണക്കുകള്‍. ശുചിത്വം മാത്രമല്ല ഗ്രാമങ്ങള്‍ നേരിടുന്ന പ്രശ്‌നം. ശൗചാലയങ്ങള്‍ നിര്‍മിക്കുമ്പോള്‍ അനുബന്ധമായി മറ്റു സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ കൂടി സര്‍ക്കാര്‍ ബാധ്യസ്ഥമായിരുന്നു. ജലവിതരണ സൗകര്യങ്ങളുടെ അഭാവം, മാലിന്യസംസ്‌കരണം, ജനങ്ങളുടെ മനോഭാവം മാറ്റിയെടുക്കല്‍, പൊതു അവബോധം ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കുക എന്നിവ ഇതിന്റെ ഭാഗമായിരുന്നു.
സ്വച്ഛ് ഭാരത് പദ്ധതി നഗരങ്ങളില്‍ പോലും കാര്യമായ ചലനമുണ്ടാക്കിയില്ലെന്ന സര്‍വേ റിപ്പോര്‍ട്ടും ഇതിനിടയില്‍ പുറത്തുവന്നു. മൂന്ന് ലക്ഷത്തിലധികം പേരെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയിലാണ് നഗരങ്ങളില്‍ ശുചിത്വ ഭാരതം പരാജയപ്പെട്ടതായി വെളിപ്പെട്ടത്. മാലിന്യനിര്‍മാര്‍ജനം ശാസ്ത്രീയമായി നടത്താനുള്ള സാങ്കേതികവിദ്യകള്‍ ഇനിയും ഉപയോഗിച്ചിട്ടില്ലെന്നാണ് സര്‍വേയില്‍ വന്ന പ്രധാന വിമര്‍ശം. ഇക്കാര്യത്തില്‍ അടിസ്ഥാനപരമായ മാറ്റം ഉണ്ടായിട്ടില്ല. ആവശ്യത്തിന് ഉപകരണങ്ങള്‍ ഇല്ലാത്തതും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര ആളുകളെ ലഭ്യമല്ലാത്തതും നഗരങ്ങളില്‍ മാലിന്യനിര്‍മാര്‍ജനത്തെ ബാധിച്ചു. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി കൂടുതല്‍ ശൗചാലയങ്ങള്‍ പണിയുമെന്ന വാഗ്ദാനവും പല ഭാഗത്തും പാലിക്കപ്പെട്ടില്ല. പരിസര ശുചീകരണത്തെ സംബന്ധിച്ച് ജനങ്ങളെ ബോധവവത്കരിക്കുന്നതില്‍ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ പരാജയപ്പെട്ടെന്നും അഭിപ്രായം ഉയര്‍ന്നു. സര്‍വേ അഭിപ്രായങ്ങളെ സാധൂകരിക്കുന്നതാണ് സര്‍ക്കാര്‍ രേഖകള്‍. ജൂലൈയിലെ കണക്ക് പ്രകാരം പ്രതിദിനം 1.42 ലക്ഷം ടണ്‍ മാലിന്യമാണ് നഗരങ്ങളില്‍ ഉണ്ടാകുന്നത്. എന്നാല്‍, ഇതില്‍ 15.33 ശതമാനം മാത്രമാണ് നിര്‍മാര്‍ജനം ചെയ്യപ്പെട്ടതെന്നും സര്‍വേ റിപ്പോര്‍ട്ടിലുണ്ട്. പ്രമുഖ സോഷ്യല്‍ മീഡിയ ഗ്രൂപ്പ് നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ പങ്കെടുത്ത 71 ശതമാനം ആളുകളും സ്വച്ഛ് ഭാരത് പദ്ധതി പരാജയമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു.
അതേ സമയം മുന്‍ കേന്ദ്രസര്‍ക്കാറുകളുടെ കാലത്ത് സംസ്ഥാനത്ത് നിര്‍മിച്ച ടോയ്‌ലെറ്റുകളെല്ലാം സ്വന്തം കണക്കില്‍ ചേര്‍ത്ത് മോദി സര്‍ക്കാര്‍ സ്വച്ഛ് ഭാരത് മിഷന്‍ നടപ്പാക്കുകയാണെന്ന വിമര്‍ശവുമുയര്‍ന്നു. കേരളത്തിലും ഇത്തരം തെറ്റിദ്ധരിപ്പിക്കല്‍ നടന്നുവത്രേ. കുടിവെള്ള സാനിറ്റേഷന്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ സ്വച്ഛ് ഭാരത് മിഷന്‍ 12,19,948 ശൗചാലയങ്ങള്‍ നിര്‍മിച്ചെന്നാണ് പറയുന്നത്. എന്നാല്‍ 2014 ഒക്‌ടോബറില്‍ കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ട സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം ലക്ഷ്യമിട്ട 45,000ത്തോളം ശൗചാലയങ്ങള്‍ നിര്‍മിക്കാനുളള നടപടികള്‍ ആരംഭിച്ചിട്ടേയുള്ളൂ എന്നതാണ് വാസ്തവമത്രെ.
കേരളത്തില്‍ 12 ലക്ഷത്തിലധികം ടോയ്‌ലെറ്റുകള്‍ നിര്‍മിക്കുന്നതിനായി 286 കോടിയിലധികം രൂപ ചെലവഴിച്ചെന്നും വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു. എന്നാല്‍ കേരളത്തില്‍ ഈ പദ്ധതി പ്രകാരം നിര്‍മിക്കുന്നതാകട്ടെ 45,000ത്തോളം ശൗചാലയങ്ങള്‍ മാത്രമണെന്നാണ് ഔദ്യോഗിക രേഖകള്‍ സൂചിപ്പിക്കുന്നത്. 2011ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ മൂന്ന് ലക്ഷത്തിലധികം വീടുകളില്‍ ശൗചാലയമില്ലെന്നാണ് കണക്കുകള്‍. അതേസമയം 2014ല്‍ മാത്രം ആരംഭിച്ച സ്വച്ഛ് ഭാരത് മിഷന്‍ വെബ്‌സൈറ്റില്‍ ആധികാരികമായി കാണിച്ചിരിക്കുന്നത് തങ്ങള്‍ ഇതുവരെ 12 ലക്ഷത്തിലധികം ശൗചാലയങ്ങള്‍ കേരളത്തില്‍ നിര്‍മിച്ചുവെന്നാണ്. ഇത് എങ്ങനെ അംഗീകരിക്കാനാകും? കേരളത്തില്‍ സ്വച്ഛ് ഭാരത് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് സംസ്ഥാന സര്‍ക്കാറിനു കീഴിലുളള ശുചിത്വ മിഷനാണ്. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയത് മുതല്‍ കേരളത്തില്‍ സെന്‍ട്രല്‍ റൂറല്‍ സാനിറ്റേഷന്‍ പ്രോഗ്രാം, ടോട്ടല്‍ സാനിറ്റേഷന്‍ ക്യാമ്പയിന്‍, നിര്‍മല്‍ ഭാരത് അഭിയാന്‍ എന്നിങ്ങനെ വിവിധ പദ്ധതികളിലായി പല സര്‍ക്കാറുകളും നിര്‍മിച്ച് നല്‍കിയ ശൗചാലയങ്ങളെല്ലാം സ്വച്ഛ് ഭാരത് മിഷന്റെ അക്കൗണ്ടില്‍ ചേര്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
അതിനിടെ സ്വച്ഛ് വിദ്യാലയയുടെ ഭാഗമായി രാജ്യത്തെ വിവിധ സ്‌കൂളുകളിലായി 2.86 ലക്ഷം ശൗചാലയങ്ങള്‍ നിര്‍മിച്ചതായി കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി ഇപ്പോള്‍ പറയുന്നുണ്ട്.ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകള്‍, ദാമന്‍ദിയു, ദാദ്രാനാഗര്‍ ഹവേലി, കേരളം, പുതുച്ചേരി, സിക്കിം എന്നിവിടങ്ങളില്‍ പദ്ധതി നൂറു ശതമാനത്തോളം ലക്ഷ്യം കൈവരിച്ചതായാണ് അവര്‍ പറയുന്നത്. ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിര്‍മാണ പ്രവൃത്തികള്‍ അവസാനഘട്ടത്തിലാണ്. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പതിനഞ്ചോളം കേന്ദ്ര മന്ത്രാലയങ്ങളുടെ കീഴിലുള്ള പൊതുമേഖലാസ്ഥാപനങ്ങളും പത്ത് സ്വകാര്യ മേഖലാ സ്ഥാപനങ്ങളും നിര്‍മാണ പ്രവൃത്തിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൂടാതെ ജില്ലാ അടിസ്ഥാനത്തില്‍ പദ്ധതിയുടെ വിലയിരുത്തലിനായി 310 കേന്ദ്ര നിരീക്ഷകരെയും നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇതും എത്രത്തോളാമായെന്ന് കണ്ടറിയണം.
കഴിഞ്ഞ ലോക ശൗചാലയ ദിനത്തോടനുബന്ധിച്ച് ട്രെയിനില്‍ നടത്തിയ ഒരു സര്‍വേയില്‍ ഇന്ത്യയിലെ ട്രെയിനുകളിലെ ശൗചാലയങ്ങളെക്കുറിച്ച് 88.31 ശതമാനം ആളുകള്‍ക്കും വലിയ പരാതിയാണുള്ളത്. ട്രെയിനുകളിലെയും റെയില്‍വേസ്റ്റേഷനുകളിലെയും ശുചിത്വം ഉറപ്പാക്കാതെ എന്ത്ശുചിത്വ ഭാരതമാണ്്് നടപ്പിലാകുകയെന്നും ഇവര്‍ ആക്ഷേപിക്കുന്നു.
മോദിയുടെ ശുചിത്വ ഭാരത പദ്ധതി മാര്‍ക്കറ്റിംഗ് തന്ത്രം മാത്രമാണെന്ന് രാഹുല്‍ ഗാന്ധി തുടക്കത്തില്‍ തന്നെ ആക്ഷേപിച്ചിരുന്നു. രാജ്യത്ത് മാറ്റം കൊണ്ടുവരുമെന്നു പറഞ്ഞ് അധികാരത്തിലേറിയവര്‍ ജനങ്ങളുടെ കൈയില്‍ ചൂലു കൊടുക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും. ഇത് കോടികളൊഴുകുന്നൊരു മാര്‍ക്കറ്റിംഗ് തന്ത്രമാണെന്നുമായിരുന്നു ശുചിത്വ ഭാരത പദ്ധതിയെ പരാമര്‍ശിച്ചുകൊണ്ട് രാഹുല്‍ പറഞ്ഞത്. മോദി ഭരണത്തിനു കീഴില്‍ നല്ല ദിനങ്ങള്‍ വന്നത് വന്‍കിട മുതലാളിമാര്‍ക്ക് മാത്രമാണെന്നും പരിഹസിക്കുന്ന രാഹുല്‍ ശുചിത്വ പദ്ധതിയുടെ സാമ്പത്തിക പദ്ധതിയെക്കുറിച്ചും വിമര്‍ശിച്ചിരുന്നു. കേവലം മാലിന്യം തൂത്തുവാരി വൃത്തിയാക്കുക എന്നതിനുപരി പുതിയ ശുചിത്വ സംസ്‌കാരമുണ്ടാക്കാന്‍ പഠിപ്പിക്കുക എന്നതിനാണ് പ്രാധാന്യം നല്‍കേണ്ടിയിരുന്നത്. കോടികള്‍ പ്രതിഫലം പറ്റുന്ന വിദ്യാബാലനെയും ആമിര്‍ഖാനെയുമെല്ലാമിറക്കി കോടികള്‍ മുടക്കി വലിയ പരസ്യ ചിത്രങ്ങള്‍ ഇറക്കിയാലൊന്നും ദിവസം 17 രൂപ മാത്രം വരുമാനമുള്ള കോടിക്കണക്കിന് ദരിദ്ര നാരായണന്‍മാര്‍ ബോധവാന്‍മാരാകില്ലല്ലോ.

 

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest