Connect with us

International

അടിയന്തരാവസ്ഥയുടെ മറവില്‍ ഫ്രാന്‍സില്‍ മുസ്‌ലിംകള്‍ പീഡനത്തിനിരയാകുന്നു: റിപ്പോര്‍ട്ട്

Published

|

Last Updated

പാരീസ്: കഴിഞ്ഞ വര്‍ഷം നവംബറില്‍ പാരീസില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ മറവില്‍ വ്യാപകമായി മുസ്‌ലിംകളെ ഫ്രഞ്ച് പോലീസ് പീഡിപ്പിക്കുന്നു. വിവേചനപരവും അക്രമാസക്തവുമായ രീതിയില്‍ മുസ്‌ലിം വീടുകളിലെത്തി റെയ്ഡ് നടത്തുകയും അറസ്റ്റ് ചെയ്യുകയുമാണ് പോലീസ് ചെയ്യുന്നതെന്ന് മനുഷ്യാവകാശ സംഘടനകള്‍ വെളിപ്പെടുത്തി. ശാരീരികമായ മര്‍ദനങ്ങള്‍ക്ക് ഇരയാകുന്നവരില്‍ കുട്ടികളും പ്രായമായവരും വരെ ഉള്‍പ്പെടുന്നതായി മനുഷ്യാവകാശ സംഘടന ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച വ്യത്യസ്ത അന്വേഷണ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും (എച്ച് ആര്‍ ഡബ്ല്യൂ) ആംനസ്റ്റി ഇന്റര്‍നാഷനലും പുറത്തുവിട്ടു.
പരിധിവിട്ട രൂപത്തിലുള്ള പോലീസിന്റെയും സൈന്യത്തിന്റെയും പെരുമാറ്റങ്ങള്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇടവരുത്തുന്നു. സംശയത്തിന്റെ പേരില്‍ പോലീസ് അന്വേഷിക്കുന്നവരുടെ വീട്ടിലേക്കോ ഇവര്‍ താമസിക്കുന്ന റസ്റ്റോറന്റുകളിലേക്കോ പള്ളികളിലേക്കോ ഇരച്ചുകയറി ഇവരുടെ വേണ്ടപ്പെട്ടതെല്ലാം നശിപ്പിക്കുന്നതായും വിശുദ്ധ ഖുര്‍ആന്‍ നിലത്തെറിയുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. ഇതിന് പുറമെ കുട്ടികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുക, സംശയിക്കുന്നവരുടെ മേല്‍ ഏര്‍പ്പെടുത്തിയ കര്‍ശനമായ നിയന്ത്രണങ്ങള്‍ മൂലം ഇവരുടെ ജോലി നഷ്ടപ്പെടുക, ഇവരെ ശാരീരികമായി പീഡിപ്പിക്കുക തുടങ്ങിയ മനുഷ്യാവകാശ ലംഘനങ്ങളാണ് അടിയന്തരാവസ്ഥയുടെ പേരില്‍ ഇപ്പോള്‍ അരങ്ങേറുന്നത്.
നവംബര്‍ 13നാണ് പാരീസില്‍ ആക്രമണം നടന്നത്. ഇതിന്റെ തൊട്ടടുത്ത ദിവസം മുതല്‍ ആരംഭിച്ചതാണ് മനുഷ്യാവകാശ ലംഘനങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള റെയ്ഡും അറസ്റ്റും. ഫ്രാന്‍സിന് പുറമെ യൂറോപ്പിലെ മറ്റു രാജ്യങ്ങളിലും ഈ സംഭവത്തിന് ശേഷം മുസ്‌ലിംകള്‍ വ്യാപകമായ പീഡനങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്.
മൊത്തം ജനസംഖ്യയുടെ 7.6 ശതമാനം വരുന്ന 55 ലക്ഷത്തിനും 65 ലക്ഷത്തിനും ഇടയിലാണ് ഫ്രാന്‍സിലെ മുസ്‌ലിം ജനസംഖ്യ. യൂറോപ്പിലെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗവും മുസ്‌ലിംകളാണ്.
ഫ്രഞ്ച് പ്രസിഡന്റ് പാരീസ് ആക്രമണത്തിന് ശേഷം പ്രഖ്യാപിച്ച അടിയന്തരാവസ്ഥ അനുസരിച്ച് സംശയം തോന്നുവരെ വാറന്‍ഡ് കൂടാതെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കുന്നു. ഇതുവരെ നടത്തിയ പോലീസ് റെയ്ഡില്‍ വളരെ കുറച്ച് മാത്രമാണ് ഫലം കണ്ടിട്ടുള്ളൂവെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും ആംനസ്റ്റി ഇന്റര്‍നാഷനലും വ്യക്തമാക്കുന്നു. 350നും 400നും ഇടയില്‍ പേരെ വീട്ടുതടങ്കലില്‍ വെച്ചിരിക്കുകയാണെങ്കിലും പാരീസ് പ്രോസിക്യൂട്ടര്‍മാര്‍ ഇതുവരെ ഭീകരവാദവുമായി ബന്ധപ്പെട്ട അഞ്ച് കേസുകളില്‍ മാത്രമാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളൂ. പോലീസ് അവരുടെ അമിത അധികാരം പീഡിപ്പിക്കാനും വിവേചനം നടത്താനും നിയമവിരുദ്ധമായി ഉപയോഗിക്കുകയാണെന്ന് എച്ച് ആര്‍ ഡബ്ല്യൂ ഗവേഷകന്‍ ഇസ്സ ലെഗ്താസ് ചൂണ്ടിക്കാട്ടി. വാറന്‍ഡില്ലാതെ വീടുകളില്‍ ചെന്ന് അറസ്റ്റ് ചെയ്യുന്ന രീതി എത്രയും വേഗം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇത്തരം റെയ്ഡുകളും അറസ്റ്റുകളും മുസ്‌ലിംകള്‍ക്കിടയില്‍ തങ്ങള്‍ രണ്ടാംകിട പൗരന്‍മാരാണെന്ന വിചാരമുണ്ടാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അറസ്റ്റിന് വിധേയമായി പീഡനത്തിനിരയായ 18 പേരെ സംഘം അഭിമുഖം നടത്തിയിരുന്നു. തങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണെന്ന് ഒരു ഉറപ്പുമില്ലാതെ തന്നെ വികലാംഗനായ ഒരാളുടെ നാല് പല്ലുകള്‍ പോലീസ് ഇടിച്ചു തെറിപ്പിച്ചതായി അന്വേഷണത്തില്‍ പറയുന്നു. നിരവധി പേര്‍ക്ക് ഇത്തരം പ്രവര്‍ത്തികള്‍ മൂലം അവരുടെ ജോലിയും നഷ്ടമായിരിക്കുകയാണ്.
അടിയന്തരാവസ്ഥ നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാറിന് താത്പര്യമെന്നും എന്നാല്‍ അത്തരമൊരു അവസ്ഥ രാജ്യത്ത് നിലനില്‍ക്കുന്നില്ലെന്നുമാണ് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്.