വേറിട്ട കാഴ്ചയുമായി ഫോട്ടോപ്രദര്‍ശനം

Posted on: February 5, 2016 10:14 am | Last updated: February 5, 2016 at 10:14 am
SHARE

കൊയിലാണ്ടി: പ്രകൃതിയെ തൊട്ടറിഞ്ഞ ചേതോഹര ദൃശ്യങ്ങളും മനുഷ്യജീവിതത്തിന്റെ വേറിട്ട അവസ്ഥകളും വിളിച്ചുപറയുന്ന നന്ദകുമാറിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമായി. കൊയിലാണ്ടി ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജേണലിസം വിദ്യാര്‍ഥികളുടെ മീഡിയ ക്ലബ്ബാണ് ഫ്രീലാന്റ്‌സ് ഫോട്ടോഗ്രാഫര്‍ നന്ദകുമാര്‍ മൂടാടിയുടെ ചിത്രങ്ങളുടെ പ്രദര്‍ശനം ‘വേറിട്ട കാഴ്ചകള്‍’ സംഘടിപ്പിച്ചത്. അന്താരാഷ്ട്ര പുരസ്‌കാരങ്ങളും നിരവധി ദേശീയ പുരസ്‌കാരങ്ങളും നേടിയ നന്ദകുമാറിന്റെ നൂറോളം ചിത്രങ്ങളാണ് സ്‌കൂള്‍ പരിസരത്ത് തയ്യാറാക്കിയ പ്രത്യേക വേദിയില്‍ പ്രദര്‍ശിപ്പിച്ചത്. സ്വാതന്ത്ര്യ സമര സേനാനി കേളപ്പജിയുടെ ചെറുമകന്‍ കൂടിയാണ് നന്ദകുമാര്‍. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പി ബീന പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി വത്സല അധ്യക്ഷത വഹിച്ചു. മീഡിയ ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ സാജിദ് ഏക്കാട്ടൂര്‍, കെ രാജേന്ദ്രന്‍, കെ എന്‍ ഷിജി, കെ ജെ മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.