Connect with us

Kozhikode

സഹപാഠിക്ക് തണലൊരുക്കാന്‍ വാട്‌സ്അപ്പ് കൂട്ടായ്മ

Published

|

Last Updated

വടകര: പഴയ സഹപാഠിക്ക് തണലൊരുക്കാന്‍ വാട്‌സ്അപ്പ് കൂട്ടായ്മ തുണയായി. 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ ചേക്കേറിയവര്‍ വാട്‌സ്അപ്പ് കൂട്ടായ്മ വഴി വീണ്ടും ഒരുമിച്ചപ്പോള്‍ സ്വന്തമായി കിടപ്പാടമില്ലാത്ത സഹപാഠിക്ക് തണലൊരുക്കാന്‍ വഴിയൊരുങ്ങി. 1987-93 കാലയളവില്‍ വടകര എം യു എം ഹൈസ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കി, ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ ചേക്കേറിയവരാണ് വാട്‌സ്അപ്പ് കൂട്ടായ്മ വഴി വീണ്ടും ഒരുമിച്ചത്.
ഈ കാലയളവില്‍ കൂടെ പഠിച്ചവരില്‍ ജീവിത ക്ലേശമനുഭവിക്കുന്നവരെ കണ്ടെത്തി സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനരംഗത്തിറങ്ങിയ വാട്‌സ്അപ്പ് കൂട്ടായ്മ, സ്‌കൂള്‍ പഠനത്തിന്‌ശേഷം ജോലിയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നതിനിടയില്‍ ട്രെയിന്‍ അപകടത്തില്‍പ്പെട്ട് ഒരു കാല്‍ നഷ്ടപ്പെടുകയും തലശ്ശേരിയില്‍ വഴിയോര കച്ചവടം നടത്തുന്ന, സ്വന്തമായി കിടപ്പാടമില്ലാതെ വാടകവീട്ടില്‍ കഴിയുന്ന മുസ്തഫക്ക് സ്വന്തമായി വീട് നിര്‍മിക്കാനുള്ള നാല് സെന്റ് ഭൂമി വാങ്ങി നല്‍കി സഹായിക്കുകയായിരുന്നു.
സ്വദേശത്തും വിദേശത്തുമുള്ള പഴയ സഹപാഠികള്‍ സംഭാവന ചെയ്തതും ചില സുമനസുകളുടെ സഹായവും ചേര്‍ന്നപ്പോള്‍ മുസ്തഫക്ക് തണലൊരുങ്ങാന്‍ ഭൂമിയായി. സ്ഥലത്തിന്റെ രേഖകള്‍ കൂട്ടായ്മ കണ്‍വീനര്‍ അബ്ദുല്‍ സലാം തട്ടാച്ചേരി മുസ്തഫയുടെ വീട്ടിലെത്തി കൈമാറി. കഴിഞ്ഞ വര്‍ഷം എം യു എം ഹൈസ്‌കൂളിലേക്ക് പ്രൊജക്ടറും സ്‌കൂള്‍ ലൈബ്രറിയിലേക്കുള്ള പുസ്തകവും നല്‍കിയതിന് പുറമെ, പൂര്‍വ വിദ്യാര്‍ഥിനിയുടെ ഭര്‍ത്താവ് ട്യൂമര്‍ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായപ്പോള്‍ ചികിത്സാ ചെലവും ഈ കൂട്ടായ്മ വഹിച്ചിരുന്നു.

 

Latest