Connect with us

Kerala

നാഗ്ജി ട്രോഫി: അത്‌ലറ്റിക്കോ പരാനെയ്ന്‍സിന് വിജയം

Published

|

Last Updated

കോഴിക്കോട്:അലയടിച്ചുവന്ന സാംബ താളത്തില്‍ പകച്ചുപോയി ഇംഗ്ലീഷ് കൗമാരം. പതുക്കെ തുടങ്ങി, പ്രതിരോധം കാത്ത്, രണ്ടാം പകുതിയില്‍ ഇരമ്പിയാര്‍ത്ത് ബ്രസീലിയന്‍ പടക്ക് മുമ്പില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പെരുമയുമായെത്തിയ വാട്ട്‌ഫോഡ് എഫ് സി തകര്‍ന്നടിയുകയായിരുന്ന. കുറുകിയ പാസും അതിവേഗ നീക്കവുമായി മൂന്ന് മിനുട്ടിനിടെ രണ്ട് തവണ ഇംഗ്ലീഷ് ഗോള്‍ മുഖത്ത് നിറയൊഴിച്ച അത്‌ലറ്റികോ പാരനെന്‍സ് നാഗ്ജി ഫുട്‌ബോളിലെ ആദ്യ മത്സരം 2-0ത്തിന് സ്വന്തമാക്കി. കളിയുടെ 59-ാം മിനുറ്റില്‍ ലൂയിസ് ഫിലിപ്പ് ഗോണ്‍സാല്‍വസ് സോറസും 62-ാം മിനുറ്റില്‍ ജാവോ പെട്രോ സില്‍വയുമാണ് ഗോള്‍ നേടിയത്.
രണ്ട് ദശാബ്ദത്തിന് ശേഷം മടങ്ങിയെത്തിയ നാഗ്ജി ടൂര്‍ണമെന്റിന്റെ ആവേശവുമായി 30000ത്തോളം കാണികളാണ് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. എന്നാല്‍ ഇവരെ നിരാശരാക്കി മത്സരത്തിന്റെ ആദ്യ പകുതി സമ്മാനിച്ചത് വിരസമായ ഗോള്‍ രഹിത സമനില.
എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ബ്രസീലിയന്‍ ടീം ഇംഗ്ലീഷ് ഗോള്‍ മുഖത്തേക്ക് ഇരച്ചുകയറുകയായിരുന്നു. ഇംഗ്ലീഷ് ഹാഫില്‍ മാത്രം കളി കേന്ദ്രീകരിച്ച് മുന്നേറവെ ലൂയിസ് സോറസ് പാരനെന്‍സിന്റെ ആദ്യ വെടിപൊട്ടിച്ചു. ഗുസ്താവോയുടെ ക്രോസില്‍ നിന്നുയര്‍ന്ന പന്ത് വെസ്‌ലിയെ മറികടന്ന് വാട്‌ഫോഡ് ഡിഫന്റര്‍ ആന്ദ്ര എലഫ്ത്തീരിയോ പ്രതിരോധിച്ചെങ്കിലും ക്ലിയര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടു. റിബൗണ്ട് ചെയ്ത പന്ത് നേരെയെത്തിയത് പെനാല്‍ട്ടി ബോക്‌സിനകത്ത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ലൂയിസ് ഫെലിപ്പെ ഗോണ്‍സാല്‍വസ് സോറസിന്റെ കാലുകളില്‍. ലൂയിസിന്റെ ഒന്നാന്തരമൊരു ഷോട്ട് ഇംഗ്ലീഷ് ടീമിന്റെ ഗോള്‍കീപ്പര്‍ ലൂക്കെ സിംപ്‌സണെ മറികടന്ന് വലയില്‍ പതിക്കുകയായിരുന്നു.
ഗോള്‍ മടക്കാനുള്ള ശ്രമത്തിനിടെ പ്രതിരോധം മറന്ന വാട്ട്‌ഫോഡ് എഫ് സിയെ നിസ്സഹായരാക്കിക്കൊണ്ട് മിനുട്ടുകള്‍ക്കകം തന്നെ രണ്ടാമത്തെ ഗോളും വീണു. വെസ്‌ലി ലിമ കിക്കോഫ് ലൈനിന് തൊട്ടുമുന്നില്‍ വെച്ച് നല്‍കി പാസ് ഗ്രൗണ്ടിന്റെ മാധ്യ ഭാഗത്ത് നിന്നും മൂന്ന് ഡിഫന്‍ഡര്‍മാരെ മറികടന്ന് മുന്നേറിയ ജാവോ സില്‍വ ഗോളിയെ കബളിപ്പിച്ച് പോസ്റ്റിന്റെ വലത് മൂലയിലേക്ക് തട്ടിയിടുകയായിരുന്നു. രണ്ട് ഗോള്‍ അടിച്ച ശേഷവും ആക്രമണം തുടര്‍ന്ന പാരനെന്‍സിന് പിന്നീട് രണ്ട് അവസരം കൂടി ലഭിച്ചെങ്കിലും വാട്ട്‌ഫോഡ് കീപ്പുറുടെ തകര്‍പ്പന്‍ സേവുകള്‍ തടസമാകുകയായിരുന്നു.
ഗോള്‍ മടക്കാന്‍ അവസാന മിനുട്ടുകളില്‍ ഇംഗ്ലീഷ് ടീം കിണഞ്ഞ് ശ്രമിച്ചെങ്കിലും ബ്രസീലിയന്‍ പ്രതിരോധ മതിലില്‍ അവസാനിക്കുകയായിരുന്നു. മധ്യനിരയില്‍ നിന്നും പന്തുമായി ഇംഗ്ലീഷ് താരങ്ങള്‍ നിരന്തരം മുന്നേറി വന്നിരുന്നെങ്കിലും മുന്നേറ്റ നിരയുടെ പരാജയമാണ് അവര്‍ക്ക് തുണയായത്.
ലൂയിസ് ഫെലിപ്പെ, ജോവോ പെഡ്രോ, ആന്ദ്രെ ലൂയിസ് ഡാ കോസ്റ്റ, വെസ്‌ലി ലിമ എന്നിവര്‍ ഒത്തിണക്കമുള്ള നീക്കങ്ങളിലൂടെ വാറ്റ്‌ഫോര്‍ഡ് ഗോള്‍മുഖത്തെ നിരന്തരം പരീക്ഷിച്ചപ്പോള്‍ ഗുസ്താവോ കാസ്‌കാര്‍ഡോയും കയോ ഫെര്‍ഡിനാന്റും വിക്ടര്‍ ഫിയസ്റ്റോസയും ത്രൂ പാസുകള്‍ നല്‍കിയും പന്ത് കൈവശം വെച്ചും മധ്യനിരയില്‍ നിന്ന് കളിമെനഞ്ഞു. 77-ാം മിനുറ്റില്‍ ഗോളെന്നുറപ്പിച്ച സുവര്‍ണാവസരം ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ബെര്‍ണാര്‍ഡ് മെന്‍സ പാഴാക്കിയതോടെ പരാനെയ്ന്‍സ് വിജയമുറപ്പിക്കുകയായിരുന്നു.

 

Latest