Connect with us

Articles

അസാഞ്ചെ: ലോകം ഒരു മുറിക്കുള്ളിലേക്ക് ചുരുങ്ങുമ്പോള്‍

Published

|

Last Updated

എഡ്വേര്‍ഡ് സ്‌നോഡന്‍ ,ജൂലിയന്‍ അസാഞ്ചെ

ജൂലിയന്‍ അസാഞ്ചെയെന്ന ആസ്‌ത്രേലിയന്‍ പൗരന്‍ ലോകത്തിന്റെ ഭൂപടം മാറ്റി വരച്ചത് രഹസ്യങ്ങളുടെ കലവറ തുറന്നുകൊണ്ടാണ്. വിക്കിലീക്‌സ് വഴി പുറത്തുവിട്ട വിവരങ്ങള്‍ ലോകത്തിന്റെ അവബോധത്തെ കീഴ്‌മേല്‍ മറിക്കുകയും സാമ്രാജ്യത്വത്തിന്റെ കുടില വഴികളിലേക്ക് വെളിച്ചം പരത്തുകയും ചെയ്തു. അതോടെ അധോലോകം വെളിപ്പെട്ടു. മനുഷ്യരുടെ സ്വാതന്ത്ര്യത്തിലേക്ക് എത്ര കൗശലപൂര്‍ണമായാണ് അമേരിക്കയും സഖ്യ ശക്തികളും കടന്ന് കയറിയതെന്ന് ഈ വിവര ചോര്‍ച്ചകള്‍ അടയാളപ്പെടുത്തി. ഇതോടെ അസാഞ്ചേക്ക് നില്‍ക്കക്കള്ളിയില്ലാതെയായി. അദ്ദേഹം ഓടിക്കൊണ്ടിരുന്നു. കേസുകളുടെ പത്മവ്യൂഹങ്ങള്‍ക്ക് നടുവില്‍ അകപ്പെട്ട അസാഞ്ചെക്ക് അഭയമൊരുക്കിയത് ഇക്വഡോര്‍ ആണ്. അഥവാ ഇടതുപക്ഷ ലാറ്റിനമേരിക്കന്‍ ചേരി. ലണ്ടനിലെ ഇക്വഡോര്‍ എംബസിയിലാണ് മൂന്ന് വര്‍ഷമായി അസാഞ്ചെ കഴിയുന്നത്. അവിടെ നിന്ന് പുറത്തിറങ്ങാന്‍ പോലുമാകില്ല. പുറത്തിറങ്ങിയാല്‍ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്യും. മറ്റൊരു രാജ്യത്തിന്റെ നയതന്ത്ര കാര്യാലയത്തില്‍ അഭയം തേടിയയാളെ അവിടെ കടന്ന് കയറി അറസ്റ്റ് ചെയ്യാന്‍ സാധ്യമല്ല. ആ അന്താരാഷ്ട്ര മര്യാദയുടെ പുറത്താണ് അസാഞ്ചെ ഇക്വഡോര്‍ എംബസിയില്‍ കഴിയുന്നത്. ഈ മനുഷ്യനെ ഓടിച്ചു കൊണ്ടിരിക്കുന്ന കേസ് സ്വീഡനിലാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബലാത്സംഗമാണ് കുറ്റം. കേസ് കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും അസാഞ്ചേ വാദിക്കുന്നു. അമേരിക്കക്ക് തന്നെ പിടിച്ചു നല്‍കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് കേസെന്നും അദ്ദേഹം പറയുന്നു. കേസിന്റെ മെറിറ്റെന്തുമാകട്ടേ, രണ്ടാമത്തെ വാദം വസ്തുതാപരമാണ്. സ്വീഡന്‍ അസാഞ്ചെക്ക് വിലങ്ങുമായി നടക്കുന്നത് ബലാത്സംഗക്കേസില്‍ വിചാരണ ചെയ്ത് ശിക്ഷിക്കാനല്ല. അമേരിക്കക്ക് കൈമാറാന്‍ തന്നെയാണ്. തങ്ങളുടെ ഔദ്യോഗിക രേഖകള്‍ ചോര്‍ത്തി പത്രങ്ങള്‍ക്ക് നല്‍കിയതിന് അസാഞ്ചെക്കെതിരെ നിരവധി കേസുകള്‍ അവിടെയുണ്ട്. ജീവിതകാലം മുഴുവന്‍ വിചാരണയും ജയിലുമായി കഴിയാന്‍ മാത്രം മാരകമാണ് ആ കേസുകള്‍.
സ്വീഡനിലെ കേസില്‍ അസാഞ്ചെ സമീപിച്ച എല്ലാ കോടതികളില്‍ നിന്നും എതിര്‍ വിധികളാണ് സമ്പാദിക്കാനായത്. ഈ ഘട്ടത്തിലാണ് നീതി തേടി യു എന്‍ ഏജന്‍സിക്ക് അസാഞ്ചെ പരാതി നല്‍കിയത്. യു എന്‍ വര്‍ക്കിംഗ് ഗ്രൂപ്പ് ഓണ്‍ ആര്‍ബിറ്ററി ഡിറ്റന്‍ഷന് മുന്നിലെത്തിയ പരാതിയില്‍ അസാഞ്ചെക്ക് അനുകൂലമായി തീര്‍പ്പ് വന്നിരിക്കുന്നു. ഇക്വഡോര്‍ എംബസിയില്‍ ഈ മനുഷ്യന്‍ അനുഭവിക്കുന്നത് നിര്‍ബന്ധിത തടവ് തന്നെയാണ്. അതിന് സ്വീഡനും ബ്രിട്ടനും നഷ്ടപരിഹാരം നല്‍കണം. അറസ്റ്റില്‍ നിന്നുള്ള പരിരക്ഷക്ക് അസാഞ്ചെക്ക് അര്‍ഹതയുണ്ടെന്നും യു എന്‍ ഏജന്‍സി തീര്‍പ്പ് കല്‍പ്പിച്ചു. യു എന്നിന്റെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പോലെ തന്നെ പല്ലു കൊഴിഞ്ഞ സിംഹമാണ് ഈ ഏജന്‍സിയും. അതിന്റെ തീര്‍പ്പ് മുഖവിലക്കെടുക്കാനുള്ള നിയമപരമായ ബാധ്യത ബ്രിട്ടനില്ല. അത്‌കൊണ്ട് തന്നെ അസാഞ്ചെയുടെ ഇപ്പോഴത്തെ നിലയില്‍ കാര്യമായ മാറ്റമുണ്ടാക്കാന്‍ ഈ വിധിക്ക് സാധിക്കുകയില്ല. യു എന്‍ ഏജന്‍സിയുടെ വിധി ഏകപക്ഷീയവും വസ്തുതാവിരുദ്ധവുമാണെന്ന് ബ്രിട്ടീഷ് അധികാരികള്‍ പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. “അസാഞ്ചെ സ്വയം തടവ് വരിക്കുകയാണ്. തടവില്‍ കഴിയാന്‍ ആരും ശഠിക്കുന്നില്ല. പുറത്തിറങ്ങിയാല്‍ നിയമപരമായ എല്ലാ പരിരക്ഷകളും അദ്ദേഹത്തിന് ലഭിക്കും. അറസ്റ്റ് ചെയ്ത് സ്വീഡന് കൈമാറുകയെന്ന ദൗത്യം മാത്രമേ തങ്ങള്‍ക്കുള്ളൂ”. ഇതാണ് ബ്രിട്ടന്റെ നിലപാട്. നിയമത്തിന് മുന്നില്‍ കീഴടങ്ങുന്നതിന് പകരം തന്ത്രങ്ങള്‍ മെനയുന്നവരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ഇക്കാര്യത്തില്‍ യു എന്‍ കൈക്കൊണ്ടിരിക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. പുറത്തിറങ്ങിയാല്‍ അറസ്റ്റ് ഉറപ്പാണ്.
യു എന്നിന്റെ തനിക്ക് എതിരാണെങ്കില്‍ അറസ്റ്റിന് വഴങ്ങുമെന്ന് ജൂലിയന്‍ അസാഞ്ചെ പത്രക്കാര്‍ക്ക് അയച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. തനിക്കെതിരെ അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന ഗൂഢാലോചനകള്‍ തുറന്ന് കാണിക്കാനുള്ള അവസരമായി യു എന്‍ തീരുമാനത്തെ ഉപയോഗിക്കുകയാണ് ഇനി അസാഞ്ചെ ചെയ്യുക. യു എന്‍ വിധിയോടെ താന്‍ കുറ്റവിമുക്തനായെന്നും അദ്ദേഹം വാദിക്കും. 30 ചതുരശ്ര മീറ്റര്‍ വിസ്താരമുള്ള മുറിയില്‍ മൂന്ന് വര്‍ഷമായി കഴിയുന്ന താന്‍ അനുഭവിക്കുന്ന മാനസിക, ശാരീരിക പീഡകള്‍ അദ്ദേഹം തുറന്ന് കാണിക്കും. ലോകത്താകെയുള്ള സാമ്രാജ്യത്വവിരുദ്ധരെ ഈ വാക്കുകള്‍ പ്രതിഷേധത്തിന്റെ തീച്ചൂളയിലേക്ക് നയിക്കും. അതിന്റെ അലയൊലികള്‍ തുടങ്ങിക്കഴിഞ്ഞു. അസാഞ്ചെയുടെ മോചനമാവശ്യപ്പെട്ട് ആയിരങ്ങളാണ് ലണ്ടനില്‍ പ്രകനം നടത്തിയത്. മനുഷ്യരുടെ സ്വാതന്ത്ര്യവും സ്വസ്ഥതയും കവരുന്ന ഭരണകൂടങ്ങളുടെ നെറികേടുകള്‍ പുറത്ത് കൊണ്ടുവരുന്ന മനുഷ്യരെ സംരക്ഷിക്കേണ്ടത് മനുഷ്യാവകാശ സംരക്ഷണത്തിന്റെ ഭാഗമാണെന്ന വലിയ സന്ദേശമാണ് ഈ പ്രതിഷേധങ്ങള്‍ മുന്നോട്ട് വെക്കുന്നത്. അസാഞ്ചെയുടെ പേരിലുള്ള കേസുകളുടെ നിജസ്ഥിതിയല്ല, ആ കേസുകള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ ചോദ്യങ്ങളാണ് പ്രസക്തം.
സത്യം വിളിച്ചു പറയുന്നവരെ ഭരണകൂടങ്ങള്‍ രാജ്യദ്രോഹികളെന്ന് വിളിക്കും. വ്യവസ്ഥാപിത നിയമത്തിന്റെ കണ്ണില്‍ അവര്‍ ചാരന്‍മാരും വര്‍ഗവഞ്ചകരും വിഘടനവാദികളും നികൃഷ്ടരുമാണ്. “മനോഹരമായ ചതി”കള്‍ നടത്തുന്ന ഇത്തരം മനുഷ്യരെ സമാധാന സ്‌നേഹികള്‍ വിളിക്കുക മനുഷ്യാവകാശ സംരക്ഷകര്‍ എന്നാണ്. വിസില്‍ബ്ലോവേഴ്‌സ്. ഉണര്‍ത്തുപാട്ടുകാര്‍. പെരുമ്പറക്കാര്‍. രാജാവ് നഗ്നനാണെന്ന് വിളിച്ചു പറഞ്ഞ കുട്ടിയോടാണ് ഇവര്‍ക്ക് സാമ്യം. പൗരനും മനുഷ്യനും തമ്മില്‍ വേര്‍പിരിയുമ്പോഴാണ് ഇത്തരം വിവരച്ചോര്‍ച്ചകള്‍ നടക്കുന്നത്. പൗരത്വം ഭാരിച്ച ഉത്തരവാദിത്വമാണ്. ഒന്നാമത് അത് ദേശസസ്‌നേഹമെന്ന ഉപാധി മുന്നോട്ട് വെക്കുന്നുണ്ട്. രാഷ്ട്രമെന്ന സംവിധാനത്തിന്റെ നിലനില്‍പ്പിനായി സ്വന്തം ബോധ്യങ്ങളെ അവഗണിക്കാന്‍ പൗരന്‍ പലപ്പോഴും ബാധ്യതപ്പെട്ടവനാകുന്നു. അപ്പോള്‍ മഹാപാതകങ്ങളെ രാഷ്ട്രത്തിന്റെ കണ്ണിലൂടെ നോക്കി വലിയ ശരിയാണെന്ന് വിധിക്കേണ്ടി വരും. കൊലപാതകം, ചാരപ്പണി, കുത്തിത്തിരുപ്പുണ്ടാക്കല്‍, കലാപം വിതക്കല്‍, പക്ഷം ചേരല്‍, ആരാന്റെ രഹസ്യങ്ങളിലേക്ക് ഒളിഞ്ഞു നോക്കല്‍, അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍, കരാറുകള്‍ ലംഘിക്കല്‍ തുടങ്ങിയ ന്യായക്കേടുകള്‍ സ്വന്തം രാഷ്ട്രം ചെയ്യുമ്പോള്‍ അവയെല്ലാം സുരക്ഷിതത്വത്തിനായുള്ള ക്രമീകരണമാണെന്ന് പൗരന്‍ ന്യായീകരിച്ചു കൊള്ളണം. രഹസ്യങ്ങള്‍ സൂക്ഷിക്കുകയെന്നതാണ് പൗരത്വത്തിന്റെ ഏറ്റവും വലിയ സമ്മര്‍ദം. രാഷ്ട്രത്തിന്റെ മാരകമായ രഹസ്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പൗരന്‍മാരാണ് ഈ സമ്മര്‍ദം നേരിട്ട് അനുഭവിക്കുന്നത്. അവര്‍ മൂന്ന് തലങ്ങളില്‍ ജീവിക്കുന്നു. ഒന്ന് പൗരന്‍. രണ്ട്, ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥന്‍. മൂന്ന് സ്വതന്ത്രനായ മനുഷ്യന്‍. ആദ്യത്തെ രണ്ട് തലങ്ങള്‍ മാത്രമാണ് രാഷ്ട്രം ആവശ്യപ്പെടുന്നത്. അപൂര്‍വം ദശാസന്ധികളില്‍ ചിലര്‍ മാത്രം സ്വതന്ത്രനായ മനുഷ്യരാകും. ഭരണകൂടത്തിന്റെ വിമര്‍ശകരാകും. അപ്പോള്‍ രഹസ്യങ്ങള്‍ ലോകം അറിയണമെന്ന് അയാള്‍ ആഗ്രഹിക്കും. തന്റെ രാഷ്ട്രം തിരുത്തപ്പെടേണ്ട വലിയ തെറ്റാണെന്ന് അദ്ദേഹം വിളിച്ചു പറയും.
വിക്കിലീക്‌സിന് അമേരിക്കന്‍ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ ബ്രാഡ്‌ലി മാന്നിംഗ് എന്ന സൈനികന്‍ അതാണ് ചെയ്തത്. (ട്രാന്‍സ് ജെന്‍ഡറാണ് കക്ഷി. ലിംഗമാറ്റം പ്രഖ്യാപിക്കുകയും ചെല്‍സിയ മാന്നിംഗ് എന്ന പേര് സ്വീകരിക്കുകയും ചെയ്തു) 2010ല്‍ ഇറാഖില്‍ അറസ്റ്റിലായ മാന്നിംഗിന്റെ വിചാരണ മൂന്ന് വര്‍ഷത്തിന് ശേഷം മേരി ലാന്‍ഡിലെ ഫോര്‍ട്ട് മെഡേ സൈനിക ക്യാമ്പില്‍ നടന്നു 35 വര്‍ഷത്തെ തടവ് അനുഭവിക്കുകയാണ് കക്ഷിയിപ്പോള്‍. മാന്നിംഗ് നല്‍കിയ വിവരങ്ങള്‍ വിക്കിലീക്‌സില്‍ പ്രസിദ്ധീകരിച്ചു എന്ന കുറ്റത്തിന് ജൂലിയന്‍ അസാഞ്ചെക്കും ഇതിനോടടുത്ത ശിക്ഷ ലഭിക്കും. അത് അമേരിക്കയില്‍ അനുഭവിക്കണോ സ്വന്തം രാജ്യമായ ആസ്‌ത്രേലിയയില്‍ അനുഭവിക്കണോ എന്നത് മാത്രമേ അറിയാനുള്ളൂ. ഈ വസ്തുത ലോകത്തെ അറിയിക്കുക മാത്രമാണ് യു എന്‍ പാനലിലെ ഹരജി കൊണ്ട് അസാഞ്ചെയും അദ്ദേഹത്തിന്റെ അഭിഭാഷകരും ഉദ്ദേശിച്ചിട്ടുള്ളൂ.
ഇറാഖില്‍ സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്യവേ വെറും 25 വയസ്സുള്ളപ്പോഴാണ് മാന്നിംഗ് വിക്കിലീക്‌സിന് ക്ലാസിഫൈഡ് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ശരി ചെയ്തുവെന്നുമാണ് വിചാരണാ വേളയില്‍ മാന്നിംഗ് പറഞ്ഞത്. അമേരിക്കയുടെ സൈനികവും നയന്ത്രപരവുമായ 70,000 രേഖകളാണ് സി ഡിയിലാക്കി വിക്കിലീക്‌സിന് കൈമാറിയത്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രഹരമായിരുന്നു അത്. ഇറാഖ്, അഫ്ഗാന്‍ തുടങ്ങിയ ആക്രമണ മുഖങ്ങളില്‍ അമേരിക്ക കാട്ടിക്കൂട്ടുന്ന കൊടും ക്രൂരതകളെക്കുറിച്ച് മനുഷ്യ സ്‌നേഹികള്‍ നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന സത്യങ്ങള്‍ രേഖകള്‍ സഹിതം തെൡിക്കപ്പെടുകയായിരുന്നു. ഇറാഖില്‍ പത്രപ്രവര്‍ത്തകനെ ബോംബിട്ട് കൊന്ന് ആര്‍ത്തു ചിരിക്കുന്ന വീഡിയോയും ചോര്‍ത്തി നല്‍കിയവയില്‍ പെടും. സാധാരണ മനുഷ്യരെ ഒരു പ്രകോപനവുമില്ലാതെ പച്ചക്ക് കൊല്ലുന്ന ദൃശ്യവും പുറത്ത് വന്നു. ഇന്ത്യടക്കമുള്ള രാജ്യങ്ങളുടെ പരമാധികാരത്തിലേക്ക് നുഴഞ്ഞ് കയറുന്ന അമേരിക്കന്‍ നയതന്ത്രത്തിന്റെ നഗ്നത വെളിപ്പെട്ടു. ഒരോ മുക്കും മൂലയും സി ഐ എയുടെ ചാരക്കണ്ണുകല്‍ വലയം ചെയ്തിരിക്കുന്നുവെന്ന വസ്തുത ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിക്കപ്പെട്ടു. ആധുനിക ചരിത്രത്തിലുടനീളം അമേരിക്ക നടത്തിയ പരോക്ഷ ആക്രമണങ്ങളുടെ നേര്‍ചിത്രം അനാവരണം ചെയ്യപ്പെട്ടു. വിക്കലീക്‌സില്‍ നിന്ന് ഗാര്‍ഡിയനിലേക്കും ന്യൂയോര്‍ക്ക് ടൈംസിലേക്കും പരന്നൊഴുകിയ രഹസ്യങ്ങള്‍ ലോകത്തുടനീളമുള്ള മാധ്യമങ്ങള്‍ ഏറ്റെടുത്തു. ടുണീഷ്യയിലെ ജനകീയ മുന്നേറ്റങ്ങള്‍ക്ക് വിക്കിലീക്‌സ് രേഖകള്‍ പ്രചോദനമായി.
അസാഞ്ചെയെപ്പോലെ അലയുന്ന മറ്റൊരു മനുഷ്യന്‍ കൂടിയുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും ആഭ്യന്തരമായും അമേരിക്ക ഫോണ്‍, ഇന്റര്‍നെറ്റ്, ഇ മെയില്‍ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന രഹസ്യം പുറത്തു വിട്ട എഡ്വേര്‍ഡ് സ്‌നോഡനാണ് അത്. രഹസ്യാന്വേഷണ വിഭാഗം മുന്‍ ഉദ്യോഗസ്ഥനാണ്. യു എസ് ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ എസ് എ)യുടെ ടെക്‌നിക്കല്‍ കോണ്‍ട്രാക്ടറായിരുന്നു. മൂന്ന് പദ്ധതികളിലായി വ്യാപകമായി വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് അദ്ദേഹം ഗാര്‍ഡിയന്‍ പത്രത്തോട് പറഞ്ഞത്. മെറ്റാ ഡാറ്റ, പ്രിസം, ടെമ്പോറ എന്നിവയാണ് അവ. ഇതില്‍ പ്രിസം തന്നെയാണ് പ്രധാനം. മാന്നിംഗിനെപ്പോലെ സ്‌നോഡനും താന്‍ തെറ്റൊന്നും ചെയ്തില്ലെന്ന് വിശ്വസിക്കുന്നു. രാജ്യദ്രോഹം, രാജ്യത്തിന്റെ സ്വത്ത് മോഷ്ടിക്കല്‍, ശത്രുവിന് വേണ്ടി ചാരപ്രവൃത്തി നടത്തല്‍ തുടങ്ങി തന്റെ മേല്‍ ചുമത്തിയിട്ടുള്ള മുഴുവന്‍ കുറ്റങ്ങളും അദ്ദേഹം നിഷേധിക്കുന്നു. ഒരു സാമൂഹിക ജീവിയെന്ന നിലയിലുള്ള കര്‍ത്തവ്യമാണ് താന്‍ നിര്‍വഹിച്ചതെന്ന് ഈ മുപ്പതുകാരന്‍ വിശ്വസിക്കുന്നു. ഒബാമ അധികാരത്തില്‍ വരുന്നതിന് മുമ്പു തന്നെ ഈ വിവരങ്ങള്‍ ലോകത്തിന് മുന്നില്‍ വെക്കണമെന്ന് സ്‌നോഡന്‍ ഉറപ്പിച്ചിരുന്നുവത്രേ. ഒബാമയില്‍ അദ്ദേഹം പ്രതീക്ഷയര്‍പ്പിച്ചു. അമേരിക്ക മാറുമെന്ന ഒബാമയുടെ വാഗ്ദാനം വിശ്വസിച്ചു. ബുഷില്‍ നിന്ന് അടിസ്ഥാനപരമായി വ്യത്യാസപ്പെടാന്‍ ഒബാമക്ക് സാധിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് രഹസ്യങ്ങള്‍ വിളിച്ചു പറയാന്‍ താന്‍ തീരുമാനിച്ചതെന്ന് സ്‌നോഡന്‍ പറയുന്നു. ഇങ്ങനെ ന്യായീകരിക്കുമ്പോഴും നിയമത്തിന്റെ ഇതൊന്നും നിലനില്‍ക്കില്ലെന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ട് പലായനം തുടങ്ങി. ആദ്യം ഹോംഗ്‌കോംഗിലേക്ക്. അവിടെയെത്തി അമേരിക്കന്‍ അധികാരികള്‍ പിടിക്കുമെന്നായപ്പോള്‍ മോസ്‌കോയിലേക്ക്. മോസ്‌കോയില്‍ നിന്ന് ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലേക്ക് തിരിച്ചുവെന്നാണ് ആദ്യം പുറത്തു വന്ന വാര്‍ത്ത. ഇതിന് പിന്നാലെയാണ് സ്‌നോഡന്‍ “അപ്രത്യക്ഷനാ”യെന്ന് കേട്ടത്. ലോകം മുഴുവന്‍ നിരീക്ഷണത്തില്‍ കൊണ്ടുവരാന്‍ കെല്‍പ്പുള്ള അമേരിക്കന്‍ രഹസ്യാന്വേഷണ സംവിധാനത്തിന് സ്‌നോഡന്‍ എവിടെയുണ്ടെന്ന് തീര്‍ച്ചയാക്കാന്‍ സാധിച്ചിട്ടില്ല. റഷ്യ പറയുന്നതാണ് ശരിയെങ്കില്‍ സ്‌നോഡന്‍ ഇപ്പോഴും മോസ്‌കോയിലുണ്ട്.
ജയിലില്‍ കഴിയുന്ന മാന്നിംഗും ഇക്വഡോര്‍ എംബസിയുടെ ഇത്തരിവട്ടത്തില്‍ കഴിയുന്ന അസാഞ്ചെയും മോസ്‌കോയില്‍ ഉണ്ടെന്ന് പറയുന്ന സ്‌നോഡനും സാമ്രാജ്യത്വത്തെ അവരുടെ നിലയില്‍ വെല്ലുവിളിച്ചവരാണ്. മനുഷ്യനെന്ന നിലയില്‍ അവര്‍ വെച്ചു പുലര്‍ത്തിയ ബോധ്യങ്ങള്‍ ലോകത്തിന് മുന്നില്‍ തുറന്ന് വെച്ചതിനാണ് അവര്‍ ഇരകളാക്കപ്പെടുന്നത്. വ്യവസ്ഥാപിത നിയമങ്ങള്‍ മനുഷ്യരുടെ മൂല്യ ബോധത്തിന് അതിര്‍ത്തികള്‍ വരക്കുന്നതിന്റെയും നിയമവാഴ്ച മനുഷ്യാവകാശങ്ങള്‍ക്ക് മേല്‍ കടന്നു കയറുന്നതിന്റെയും വിശാലമായ തലത്തില്‍ നിന്ന് കൊണ്ട് വേണം ഈ പ്രശ്‌നത്തെ വിലയിരുത്തേണ്ടത്. അല്ലെങ്കില്‍ ഇവരുടേത് വെറും ചാരക്കേസാകും. അതില്‍ വിചാരണ നേരിടാത്തതിനെ ചോദ്യം ചെയ്ത് ഗാര്‍ഡിയന്‍ പോലുള്ള പത്രങ്ങള്‍ മുഖപ്രസംഗമെഴുതും.

 

 

എഡ്വേര്‍ഡ് സ്‌നോഡന്‍ ജൂലിയന്‍ അസാഞ്ചെ

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest