Connect with us

Editorial

വിവാദ സി ഡി പരസ്യപ്പെടുത്തണം

Published

|

Last Updated

സര്‍ക്കാറിന്റെ അവിഹിത താത്പര്യങ്ങള്‍ക്ക് വഴങ്ങാത്തതിന്റെ പേരില്‍ യു പിയിലെ സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം ഇതിനിടെ മാധ്യമങ്ങളില്‍ വന്നിരുന്നു. യു പി വനംവകുപ്പിലെ ഉന്നത ഉദ്യാഗസ്ഥനായ ഡോ. രാംലഖന്‍ സിംഗാണ് കഥാപാത്രം. വനമേഖലയിലെ ചില പ്രത്യേക പ്രദേശങ്ങള്‍ സംരക്ഷിത മേഖലയില്‍ നിന്ന് ഒഴിവാക്കുന്നതിന് ശിപാര്‍ശ നല്‍കണമെന്ന് മുഖ്യമന്ത്രി അദ്ദേഹത്തോട് നിര്‍ദേശിച്ചു. ആവശ്യം അന്യായമായതിനാല്‍ സത്യസന്ധനായ രാംലഖന്‍ സിംഗ് വിസമ്മതം പ്രകടിപ്പിച്ചു. സിംഗിനെ അനധികൃത സ്വത്തു സമ്പാദന കേസില്‍ അകപ്പെടുത്തി ജയിലില്‍ അടച്ചാണ് മുഖ്യമന്ത്രി ഇതിന് പ്രതികാരം ചെയ്തത്. നീണ്ട പതിനൊന്ന് വര്‍ഷത്തെ നിയമ യുദ്ധത്തിനൊടുവില്‍ നിരപരാധിയാണെന്ന് കണ്ട് കോടതി അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു.
ബാര്‍കോഴക്കേസ് അന്വേഷണോദ്യോഗസ്ഥന്‍ എസ് പി. ആര്‍ സുകേശനെതിരെ ക്രൈബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട ആഭ്യന്തര വകുപ്പ് തീരുമാനം അറിഞ്ഞപ്പോള്‍ ചിലരെങ്കിലും രാംലഖന്‍ സിംഗിന്റെ അനുഭവം ഓര്‍ത്തിരിക്കാം. മന്ത്രി മാണിയേയും മറ്റു മൂന്ന് മന്ത്രിമാരെയും കേസില്‍ അകപ്പെടുത്തുന്നതിന് ബാര്‍ ഉടമ ബിജുരമേശുമായി ഗുഢാലോചന നടത്തിയെന്നാണ് സുകേശനെതിരായ കേസ്. ബാര്‍ കോഴക്കേസില്‍ ബിജു രമേശ് കോടതിയില്‍ സമര്‍പ്പിച്ച സി ഡിയിലുണ്ടെന്ന് പറയപ്പെടുന്ന ചില തെളിവുകളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ആര്‍ ശങ്കര്‍ റെഡ്ഡി ആഭ്യന്തര വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടിന്മേലാണ് നടപടി. കേസില്‍ നാല് മന്ത്രിമാരുടെ പേര് പറയാന്‍ സുകേശന്‍ തന്നെ പ്രേരിപ്പിച്ചുവെന്നും എങ്കില്‍ അവര്‍ക്കെതിര കുറ്റപത്രം നല്‍കാമെന്ന് സുകേശന്‍ ഉറപ്പ് നല്‍കിയതായും 2014 ഡിസംബറില്‍ എറണാകുളത്ത് ചേര്‍ന്ന ബാര്‍ അസോസിയേഷന്‍ യോഗത്തില്‍ ബിജു രമേശ് പറയുന്നതായി സി ഡിയിലുണ്ടത്രെ.
ഈ സി ഡി അന്വേഷണോദ്യോഗസ്ഥരുടെ കൈവശം വന്നിട്ട് ഒരു വര്‍ഷത്തിലേറെയായി. കോഴക്കേസിലെ തെളിവുകള്‍ വിജിലന്‍സ് തലനാരിഴ കീറി പരിശോധിച്ചുവെന്നും എന്നിട്ടും മാണിക്കെതിരെയോ മറ്റു മന്ത്രിമാര്‍ക്കെതിരെയോ ഒരു തെളിവും ലഭിച്ചില്ലെന്നുമാണ് അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നത്. ആ പരിശോധനകളിലൊന്നും സുകേശനെ പ്രതിക്കൂട്ടിലാക്കുന്ന സി ഡിയിലെ സംസാരം കണ്ടെത്തിയില്ലെന്നും അത് കണ്ടെത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ഘട്ടത്തോളം കാത്തിരിക്കേണ്ടി വന്നുവെന്നതാണ് ഈ പ്രശ്‌നത്തിലെ ശ്രദ്ധേയമായ ഒരു വശം. സി ഡിയിലെ മാണിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ തെളിവല്ലെന്ന് വിധിയെഴുതി അദ്ദേഹത്തിനെതിരെ കേസ് അവസാനിപ്പിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടവര്‍ തന്നെയാണ് അതേ സി ഡിയിലെ ശബ്ദ രേഖ തെളിവാക്കി സുകേശനെതിരെ കേസെടുക്കുന്നതെന്ന വിരോധാഭാസവും ശ്രദ്ധിക്കപ്പെടേണ്ടതാണ്. മാത്രമല്ല, വിജിലന്‍സില്‍ ക്ലീന്‍ ഇമേജുള്ള ഉദ്യോഗസ്ഥനാണ് സുകേശന്‍. ഇക്കാലത്തിനിടയില്‍ അദ്ദേഹത്തിനെതിരെ എന്തെങ്കിലും അഴിമതിയോ മറ്റു ആരോപണങ്ങളോ ഉയര്‍ന്നിട്ടുമില്ല.
ബാര്‍കോഴക്കേസില്‍ മന്ത്രി മാണിയെ പ്രതിയാക്കാനും അദ്ദേഹത്തിന്റെ രാജിക്കും വഴിയൊരുക്കിയത് 2014 ഡിസംബര്‍ 9 ന് സമര്‍പ്പിച്ച സുകേശന്റെ അന്വേഷണ റിപ്പോര്‍ട്ടായിരുന്നു. ബാറുടമകളില്‍ നിന്ന് ധനമന്ത്രി കെ എം മാണി കോഴ വാങ്ങിയതായി സാഹചര്യത്തെളിവുകള്‍ വ്യക്തമാക്കുന്നതിനാല്‍ അഴിമതി നിരോധ നിയമപ്രകാരം അദ്ദേഹത്തിനെതിരെ കേസെടുത്തു വിചാരണ ചെയ്തു കൊണ്ടുള്ള റിപ്പോര്‍ട്ടാണ് സുകേശന്‍ സമര്‍പ്പിച്ചിരുന്നത്. ഇക്കാര്യം മറച്ചു വെച്ചു മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ കോടതിയില്‍ സമര്‍പ്പിച്ചതെങ്കിലും ചില സന്ദേഹങ്ങളെ തുടര്‍ന്ന് എല്ലാ അന്വേഷണ രേഖകളും കോടതി വാങ്ങി പരിശോധിച്ചതോടെയാണ് കൃത്രിമം പുറത്തായത്. സര്‍ക്കാറിനെ കുഴപ്പത്തിലാക്കിയ സുകേശന്‍ അന്നേ ചിലരുടെ നോട്ടപ്പുള്ളിയായിരുന്നുവെന്നും അവര്‍ നടത്തുന്ന കരുനീക്കങ്ങളുടെ ഭാഗമാണ് സുകേശനെതിരെയുള്ള ഗുഢാലോചനക്കേസെന്നും വിലയിരുത്തുന്നവരുണ്ട്. സുകേശിന്റെ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കെട്ടുകഥയാണെന്ന് വരുത്തിത്തീര്‍ക്കാനും അതുവഴി യു ഡി എഫിനെ കൈയൊഴിഞ്ഞു ബി ജെ പി മുന്നണിയിലേക്ക് ചേക്കേറാന്‍ അവസരം പാര്‍ത്തു കഴിയുന്ന കേരളാ കോണ്‍ഗ്രസിനെ യു ഡി എഫില്‍ തന്നെ പിടിച്ചു നിര്‍ത്താനും ഇത് സഹായകമാകുകയും ചെയ്യും.
ബാര്‍ ഉടമകളുമായി ചേര്‍ന്ന് സുകേശന്‍ ഗുഢാലോചന നടത്തിയിട്ടുണ്ടെങ്കില്‍ അതീവ ഗുരുതരം തന്നെയാണത്. മന്ത്രിമാര്‍ക്കെതിരെ കള്ളക്കഥ മെനഞ്ഞുണ്ടാക്കി അവരുടെ പ്രതിച്ഛായക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന ഉദ്യോഗസ്ഥരെ വെച്ചു പൊറുപ്പിക്കാവതല്ല. അവരെ നിയമത്തിന്റെ കരങ്ങളില്‍ ഏല്‍പ്പിക്കുക തന്നെ വേണം. എന്നാല്‍ സുകേശനെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുത്ത സമയവും മറ്റു സാഹചര്യങ്ങളും ഇതില്‍ എന്തൊക്കയോ അപാകതകളുണ്ടെന്ന സന്ദേഹത്തിനിടയാക്കുന്നുണ്ട്. സി ഡി യിലെ തെളിവുകള്‍ വെച്ചാണല്ലോ സുകേശനെതിരെ കേസെടുത്തത്. ബിജു രമേശ് പറയുന്നത് സി ഡിയില്‍ ഗുഢാലോചന സൂചിപ്പിക്കുന്ന സംഭാഷണമേ ഇല്ലെന്നും അതിലെ ചില വാചകങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്താണ് സുകേശനും തനിക്കുമെതിരെ ഇത്തരമൊരു കേസ് ചുമത്തിയതെന്നുമാണ്. യഥാര്‍ഥത്തില്‍ ഈ കേസില്‍ ഗുഢാലോചന നടത്തുന്നത് വിജിലന്‍സ് ഡയറക്ടറാണെന്നും ബിജു ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ വിവാദ സി ഡി പ്രസിദ്ധം ചെയ്താല്‍ ഇതുസംബന്ധിച്ച സത്യാവസ്ഥ ബോധ്യപ്പെടുകയും സന്ദേഹങ്ങള്‍ മാറിക്കിട്ടുകയും ചെയ്യും. സുകേശന്‍ ഗുഢാലോചനക്കാെരങ്കില്‍ ജനങ്ങള്‍ക്കും അത് ബോധ്യപ്പെടട്ടെ. അതുകൊണ്ട് സി ഡി പുറത്തുവിടാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരട്ടെ.

Latest