Connect with us

Articles

ഈ വാഹനത്തിന് തൊട്ടു പിന്നാലെ... ജനരോഷ യാത്ര

Published

|

Last Updated

ജനരക്ഷായാത്ര, കേരള യാത്ര, നവകേരളയാത്ര, വിമോചന യാത്ര. ഇത് കടന്നു പോയിട്ടും ഉണരാത്തവര്‍ക്കായി ഉണര്‍ത്തു യാത്ര. ജാഗ്രത കുറഞ്ഞു പോയെങ്കില്‍ ജനജാഗ്രത യാത്ര. ജനകീയത വേണമെങ്കില്‍ ഇതാ ജനകീയ യാത്ര.

ഈ യാത്രകള്‍ ആരംഭിക്കുന്നതിന് മുമ്പാണ് സി.ഡി യാത്ര നടന്നത്. ബിജുവും പൊലീസും സി.ഡിക്കായി കേരളം വിട്ടത്. പക്ഷേ സി.ഡിയില്ല. ഓടിയോടി, വാടിത്തളര്‍ന്ന് അവര്‍ തിരിച്ചു വന്നു.
ഇപ്പോഴിതാ സി.ഡി യാത്ര വീണ്ടും. ഓരോ ദിവസവും പുതിയ പുതിയ സി.ഡിയുമായാണ് വരവ്. നമ്മുടെ നേതാക്കളുടെ സംഭാഷണമാണ് ഇതിവൃത്തം. എന്താണിപ്പോള്‍ ഇങ്ങനെ സി.ഡി ഇറങ്ങി നടക്കുന്നതെന്നറിയില്ല. പഴയ കോണ്‍ഗ്രസുകാരിയാണ് സി.ഡിയുമായി രംഗത്ത്. ഇനിയും പലതും വെളിപ്പെടുത്താനുണ്ടെന്നും കേള്‍ക്കുന്നു. അന്ന് പിതൃതുല്യന്‍, ഇന്ന് പഴിമുഴുവന്‍.
ബാറുകാര്‍ക്ക് ഇപ്പോള്‍ വലിയ പണിയൊന്നുമില്ല. ബാറൊക്കെ അടഞ്ഞു കിടപ്പല്ലേ. അതിനാല്‍ ഇറങ്ങി നടപ്പാണ്. കോടതി യാത്ര. നേതാക്കളുടെ വീട്ടിലേക്ക് യാത്ര. ശിവനോടും കൃഷ്ണനോടും ഒത്തിരുന്ന് ചര്‍ച്ച. പിന്നെ പ്രസ്‌ക്ലബുകളിലേക്ക് യാത്ര. ആരോ പണം വാങ്ങിയെന്നാണ്. കോടി മുതലാണ് തുടക്കം.
രാത്രി ചാനലുകളില്‍ കയറി ഫുള്‍ ബോട്ടില്‍ ചര്‍ച്ച. ഒടുവില്‍ പിച്ചും പേയും, ചാനല്‍ അടക്കുന്നത് വരെ. പിറ്റേന്നതാ വീണ്ടുമെത്തുന്നു ആരോ പണവുമായി..!
മദ്യനയം ഇപ്പോള്‍ പറയില്ലെന്നാണ് നവകേരള നേതാവ് പറയുന്നത്. അതൊക്കെ അധികാരത്തില്‍ വന്നിട്ടാകാമെന്നാണ്. എന്നാല്‍ അതിരപ്പള്ളി പദ്ധതിയാകാമെന്ന്. അതും വെള്ളത്തിന്റെ കാര്യമല്ലേ, അധികാരത്തിലെത്തി തീരുമാനിച്ചാല്‍ പോരേയെന്ന് നാട്ടുകാര്‍.
ഇതാണ് മറ്റൊരു യാത്രക്കാരനായ സുധീരന് പിടിക്കാത്തത്. ലാവലിന്‍ പറയില്ല പോലും. പ്രസിഡന്റ് ആദ്യം ലാവ്‌ലിന്‍, ലാവ്‌ലിന്‍ എന്നൊക്കെ പറഞ്ഞു നോക്കിയിരുന്നു. പല തവണ വാക്കാല്‍ കുത്ത് കൊടുത്തു നോക്കി. നോ ഫലം. ലാവ്‌ലിന്‍ നവകേരളയില്‍ പെടില്ലാന്നാണ് സഖാവിന്റെ വാദം. അതേപ്പറ്റി ഒന്നും ചോദിക്കണ്ടാന്ന്, പറയില്ലാന്ന്.
സുധീരനുണ്ടോ, ഇരിക്കപ്പൊറുതി കിട്ടുന്നു. കുത്ത് നിര്‍ത്തി ആദര്‍ശധീരന്‍ കത്തയച്ചു. ഇപ്പോള്‍ ഒരുമാതിരി ആളൊന്നും എഴുതാത്ത സാധനമാണ്. കല്യാണക്കത്താണ് നാട്ടില്‍ നിലവിലുള്ളത്. പോസ്‌റ്റോഫീസിലാണെങ്കില്‍ എത്രയും ബഹുമാനപ്പെട്ട സ്വന്തം ഭര്‍ത്താവ് വായിച്ചറിയാന്‍ മാതിരി കത്ത് വരാത്തത് ഏറെ നാളായി. ബാറില്‍ വീണുരുളുമ്പോഴാണ് സുധീരന്റെ കത്ത്. തുറന്ന കുത്ത്. നടുവിനിട്ടാണ്. നട്ടം തിരിഞ്ഞു പോയെന്നാണ് തോന്നുന്നത്. കത്ത് കണ്ടപ്പോള്‍ നവകേരളയാത്രക്കിടെ മറുപടി വന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് ലാവ്‌ലിന്‍ വരുന്നതെന്നാണ് സഖാവിന്റെ കുറ്റപ്പെടുത്തല്‍. കേസ് വിധിയായിട്ട് രണ്ട് വര്‍ഷം കഴിഞ്ഞില്ലേ എന്നൊക്കെയാണ്. നമ്മുടെയൊക്കെയൊരു വിധി!
കത്ത് രൂപത്തിലും മറുപടി വന്നു. അതും തുറന്ന കത്ത്. എഴുത്തുകാരന്‍ സാക്ഷാല്‍ ഐസക്. സാമ്പത്തിക കാര്യ വിദഗ്ധന്‍. പണത്തിന്റെ കാര്യമാകുമ്പോള്‍ അങ്ങോരാണല്ലോ കത്തിന് മറുപടി അയക്കേണ്ടത്.
വെറുതെ മൈക്കിന്റെ മേക്കിട്ട് കയറിയിട്ട് കാര്യമില്ലെന്ന് ജനരക്ഷായാത്രയുടെ അവസാനഭാഗത്താണ് സുധീരന് മനസ്സിലായത്. ഇനി നമ്മുടെ രക്ഷ കത്ത് മാത്രം.
പറഞ്ഞു തുടങ്ങിയത് യാത്രകളുടെ കാര്യമാണ്. അത് നന്നായി നടക്കുന്നു. ഗതാഗതസ്തംഭനവും നേതാക്കള്‍ക്ക് വയര്‍ സ്തംഭനവുമുണ്ടാകുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മറ്റൊരു യാത്ര കാണാം. ഈ വാഹനത്തിന് തൊട്ടു പിന്നാലെ കടന്നു വരുന്നു, ജനരോഷ യാത്ര! അന്ന് ആരെന്നുമെന്തെന്നുമാര്‍ക്കറിയാം?

 

Latest