Connect with us

International

ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം അമേരിക്കയില്‍ രാഷ്ട്രീയ ആയുധമാകുന്നു

Published

|

Last Updated

വാഷിംഗ്ടണ്‍: ഉത്തര കൊറിയയുടെ ദീര്‍ഘ ദൂര മിസൈല്‍ പരീക്ഷണം റിപ്പബ്ലിക്കന്‍ പാര്‍ട്ടി യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ രാഷ്ട്രീയ ആയുധമാക്കുന്നു. പ്രസിഡന്റ് ബരാക് ഒബാമയും ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഹിലാരി ക്ലിന്റണും ഇക്കാര്യത്തില്‍ എന്തു പറയുന്നുവെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ ചോദിച്ചു.
മുന്‍ വിദേശകാര്യ സെക്രട്ടറി കൂടിയായ ഹിലാരിയും ഒബാമയും ഉ. കൊറിയയെ നിലക്ക് നിര്‍ത്താന്‍ ശ്രമിക്കാത്തത് കൊണ്ടാണ് അവര്‍ പുതിയ ഭീഷണികളുമായി വരുന്നതെന്ന് റിപ്പബ്ലിക്കന്‍ നേതാക്കള്‍ കുറ്റപ്പെടുത്തി. എന്താണ് താന്‍ ചെയ്യുന്നതെന്ന് പ്രസിഡന്റ് ഒബാമ അറിയുന്നില്ല. അദ്ദേഹത്തിന്റെ അയോഗ്യതയാണ് ഇത് കാണിക്കുന്നത്. അത്‌കൊണ്ട് രാജ്യം നരകത്തിലേക്ക് പോകുകയാണ്- റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനായി മത്സരരംഗത്ത് മുന്‍പന്തിയിലുള്ള ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളെ നിശ്ചയാക്കാനുള്ള ആദ്യ വോട്ടെടുപ്പായ അയോവ കോക്കസിന് ശേഷം ന്യൂ ഹാംപ്‌ഷെയര്‍ കോക്കസ് നാളെ നടക്കാനിരിക്കെയാണ് പുതിയ വിഷയം വീണ് കിട്ടിയിരിക്കുന്നത്. ഈ ഘട്ടത്തില്‍ ചൈനക്കേ എന്തെങ്കിലും ചെയ്യാനാകുകയുള്ളൂ. അതിന് അവര്‍ തയ്യാറാകണമെന്നും ട്രംപ് പറഞ്ഞു. അയോവയില്‍ വേണ്ടത്ര തിളങ്ങാന്‍ സാധിക്കാതിരുന്ന ട്രംപിനെ മറിച്ചിട്ട് ടെഡ് ക്രൂസ് ആയിരുന്നു മുന്നിലെത്തിയത്. ഈ ക്ഷീണം മാറ്റാന്‍ കൂടിയാണ് ട്രംപ് ഉ. കൊറിയന്‍ വിഷയത്തില്‍ ഒബാമയെയും ഹിലാരിയെയും കടന്നാക്രമിക്കുന്നത്.
അയോവയില്‍ മെച്ചപ്പെട്ട വോട്ടുകള്‍ നേടി റിപ്പബ്ലിക്കന്‍ ക്യാമ്പില്‍ മൂന്നാമതെത്തിയ ഫോളോറിഡാ സെനറ്റര്‍ മാര്‍കോ റൂബിയോയും ശക്തമായ വിമര്‍ശവുമായി രംഗത്തെത്തി. എല്ലാ ഉപരോധങ്ങളും ലംഘിച്ച് ഉ. കൊറിയക്ക് മിസൈല്‍ പരീക്ഷണം നടത്താന്‍ സാധിക്കുന്നുവെന്നത് ഗുരുതരമായ പ്രശ്‌നമാണ്. ഇക്കാര്യത്തില്‍ ബരാക് ഒബാമ ചൈനയുമായി കൈകോര്‍ക്കണമെന്ന് റൂബിയോ പറഞ്ഞു. ഉത്തര കൊറിയയെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ബില്‍ ക്ലിന്‍ണ്‍ ഭരണകൂടത്തെ വിമര്‍ശിച്ചു കൊണ്ടാണ് ടെഡ് ക്രൂസ് ഡെമോക്രാറ്റിക് പാര്‍ട്ടിയെ കടന്നാക്രമിച്ചത്.
ക്ലിന്റണ്‍ ഭരണകൂടമാണ് ഉത്തര കൊറിയക്കെതിരായ ഉപരോധത്തില്‍ ആദ്യമായി ഇളവ് ചെയ്തത്. അന്ന് ആണവായുധങ്ങള്‍ ഉണ്ടാക്കുന്നത് നിര്‍ത്തിവെക്കുന്നതിന് പ്രേരിപ്പിക്കാനായി കോടിക്കണക്കിന് ഡോളര്‍ ഉത്തര കൊറിയയിലേക്ക് ഒഴുകി. ഇന്ന് ആ തുകയെല്ലാം ആണവായുധമുണ്ടാക്കാന്‍ അവര്‍ ഉപയോഗിച്ചിരിക്കുകയാണെന്ന് ക്രൂസ് ആരോപിച്ചു. ഉത്തര കൊറിയക്ക് ബലപ്രയോഗത്തിന്റെ ഭാഷ മാത്രമേ മനസ്സിലാകൂ എന്നും അതിന് അമേരിക്ക തയ്യാറാകുകയാണ് വേണ്ടതെന്നും റിപ്പബ്ലിക്കന്‍ നേതാവും ന്യൂജേഴ്‌സി ഗവര്‍ണറുമായ ക്രിസ് ക്രിസ്റ്റി പറഞ്ഞു. അതേസമയം, പ്രത്യാക്രമണവുമായി ഹിലാരി ക്ലിന്റണ്‍ രംഗത്തെത്തിയിട്ടുണ്ട്. ഉത്തര കൊറിയ ആദ്യമായി ആണവ പരീക്ഷണം നടത്തിയത് ജോര്‍ജ് ഡബ്ലിയു ബുഷിന്റെ കാലത്തായിരുന്നുവെന്ന് ഹിലാരി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
താന്‍ വിദേശകാര്യ സെക്രട്ടറിയായ കാലത്ത് ജപ്പാനുമായും ദക്ഷിണ കൊറിയയുമായും ഊഷ്മള ബന്ധത്തിന് ശ്രമിക്കുകയും അതുവഴി ഏഷ്യയില്‍ അമേരിക്കയും ശക്തി വര്‍ധിപ്പിക്കുകയുമാണ് ചെയ്തത്. ഉത്തര കൊറിയയെ ഒരിക്കലും സഹായിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.