Connect with us

Kerala

കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന 99 ശതമാനം പച്ചക്കറിയും ഭക്ഷ്യയോഗ്യമെന്ന് പഠനം

Published

|

Last Updated

തിരുവനന്തപുരം:കേരളത്തിലെ പച്ചക്കറി കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളില്‍ 99 ശതമാനവും ഭക്ഷ്യയോഗ്യമാണെന്ന് കണ്ടെത്തല്‍. വെള്ളായണി കാര്‍ഷിക കോളജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലാബറട്ടറി പ്രൊഫ. ആന്‍ഡ് ഹെഡ് ഡോ. തോമസ് ബിജു മാത്യൂവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഗവേഷക സംഘം നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ തെളിയിക്കാനായത്. കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ സെപ്തംബര്‍ 30 വരെ സംസ്ഥാനത്ത കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നിന്ന് നേരിട്ട് ശേഖരിച്ച് പരിശോധിച്ച 210 സാമ്പിളുകളില്‍ 208 എണ്ണവും “സേഫ് റ്റു ഈറ്റ്” (ഭക്ഷിക്കാന്‍ സുരക്ഷിതം) മാനദണ്ഡം നിലനിര്‍ത്തിയതായി പദ്ധതിയുടെ പരിശോധനാ ഫലങ്ങള്‍ കാണിക്കുന്നു.

ജില്ല തിരിച്ചുള്ള കണക്ക് നോക്കിയാല്‍ ജൈവജില്ലയായി പ്രഖ്യാപിച്ച കാസര്‍കോട് ജില്ലയിലെ കര്‍ഷകരില്‍ നിന്ന് ശേഖരിച്ച രണ്ട് സാമ്പിളുകളിലും ഇടുക്കിയിലെ കര്‍ഷകരില്‍ നിന്ന് ശേഖരിച്ച ഒരു സാമ്പിളിലും വിഷാംശം കണ്ടെത്തിയെങ്കിലും അതിന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ് എസ് എസ് എ ഐ) പരിധി നിശ്ചയിച്ചിട്ടില്ലാത്തതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശേഷിച്ച ജില്ലയിലെ കര്‍ഷകരില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ വിഷാംശം ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
തിരുവനന്തപുരം ജില്ലയില്‍ നിന്ന് ശേഖരിച്ച 63 പച്ചക്കറി സാമ്പിളുകളില്‍ ആറ് എണ്ണം മാത്രമാണ് കീടനാശിനി അവശിഷ്ട വിഷാംശം കണ്ടെത്തിയത്. അതില്‍ സേഫ് റ്റു ഈറ്റ് മാനദണ്ഡം ലംഘിച്ചത് രണ്ട് സാമ്പിള്‍ മാത്രമാണ്. പാവല്‍, ചുവപ്പ് ചീര, പയര്‍, സലാഡ് വെള്ളരി, പടവലം എന്നിവയുടെ സാമ്പിളുകളിലാണ് കീടനാശിനി അവശിഷ്ടം കണ്ടെത്തിയത്.
ക്ലോര്‍പൈറിഫോസ്, ഫെന്‍വാലറേറ്റ്, ലാംബ്ഡാ സൈഹാലോത്രിന്‍, സൈപെര്‍മെത്രിന്‍ കീടനാശിനികളാണ് പച്ചക്കറി സാമ്പിളുകളില്‍ കാണപ്പെട്ടത്. പരിധി ലംഘിച്ച സാമ്പിളിന്റെ വിവരങ്ങള്‍ വിപണി അധികൃതരിലൂടെ കര്‍ഷകരെ അറിയിച്ച് കീടനാശിനി പ്രയോഗത്തില്‍ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി ഉപദേശം നല്‍കിയിട്ടുണ്ടെന്ന് പരിശോധനക്ക് മേല്‍നോട്ടം നല്‍കുന്ന കാര്‍ഷിക സര്‍വകലാശാലാ അധികൃതര്‍ അറിയിച്ചു. കര്‍ഷകരുടെ പച്ചക്കറി സാമ്പിളുകള്‍ സൗജന്യമായി പരിശോധിച്ച് ഉത്പന്ന പരിശോധനാ സാക്ഷ്യപത്രം നല്‍കുന്ന പരിപാടി സേഫ്ടു ഈറ്റ് പദ്ധതിയുടെ ഭാഗമായി തുടരുകയാണ്. കൃഷി ഓഫീസറുടെ ശിപാര്‍ശക്കത്തുമായി പരിശോധിക്കേണ്ട പച്ചക്കറികളുടെ ഒരു കിലോ സാമ്പിള്‍ വീതം പ്ലാസ്റ്റിക്ക് അല്ലാത്ത ബാഗില്‍ ലേബലിട്ട് വെള്ളായണി കാര്‍ഷിക കോളജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലാബറട്ടറിയില്‍ എത്തിച്ചുകൊടുക്കുകയാണെങ്കില്‍ സൗജന്യമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്.

Latest