Connect with us

Health

ഈഡിസ് കൊതുകിനെ സൂക്ഷിക്കുക, സിക വൈറസ്, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം

Published

|

Last Updated

കോഴിക്കോട്: സിക വൈറസ് പടരാതിരിക്കാന്‍ ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നതായി ഡി എം ഒ ഡോ ആര്‍ എല്‍ സരിത അറിയിച്ചു. ലോകാരോഗ്യ സംഘടന സിക വൈറസ് വ്യാപനത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യവകുപ്പിന്റെ നിര്‍ദേശമനുസരിച്ച് ജില്ലയില്‍ കഴിഞ്ഞ നാല് ദിവസങ്ങളിലായി വിവധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരികയാണ്. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുക് തന്നെയാണ് സികയും പരത്തുന്നതെന്നത് കൊണ്ട് തന്നെ പ്രത്യേക ജാഗ്രത പാലിക്കുന്നുണ്ട്. കേരളത്തില്‍ ഡെങ്കിപ്പനി നേരത്തെ തന്നെ കണ്ടുവരുന്നുണ്ട്. ഗ്രാമ നഗര വ്യത്യാസമില്ലാതെ എല്ലായിടത്തും കാണുന്നതാണ് ഈഡിസ് കൊതുക്. ഈ ഇനം കൊതുക് വളരുന്നതിനുള്ള സാഹചര്യമില്ലാതാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഈ സാഹചര്യത്തില്‍ കൊതുക് പ്രജനന സാധ്യതയില്ലാതാക്കാനായി വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുകയും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം നീക്കം ചെയ്യുകയും ചെയ്യുന്ന പ്രവര്‍ത്തനം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരികയാണ്. ജനങ്ങളും ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തേണ്ടതുണ്ട്. വീടിനകത്തും പുറത്തുമുള്ള ശുദ്ധജലത്തിലാണ് ഈഡിസ് കൊതുക് മുട്ടയിട്ടു വളരുന്നത്. അത് കൊണ്ട് തന്നെ വീടിനകത്തും പുറത്തും കൊതുക് വളരുന്ന എല്ലാ സാഹചര്യങ്ങളും ഒഴിവാക്കണമെന്ന് ഡി എം ഒ അറിയിച്ചു. കൊതുക് കടിച്ചാല്‍ മാത്രം വരുന്ന രോഗമെന്ന നിലയിലും ഈഡിസ് കൊതുക് ധാരാളമുള്ളതിനാലും സിക വൈറസ് സാധ്യത കേരളത്തിലുമുണ്ട്.കൊതുക് നശീകരണത്തിനായി കഴിഞ്ഞ ദിവസങ്ങളില്‍ ഫോഗിംഗും നടത്തിയിരുന്നു. സിക വൈറസ് കൂടുതലായി കണ്ടു വന്നിട്ടുള്ളത് ബ്രസീലിലാണ്. കോഴിക്കോട് എട്ട് വിദേശടീമുകള്‍ പങ്കെടുക്കുന്ന നാഗ്ജി ഫുട്‌ബോള്‍ നടക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് കൂടുതല്‍ ജാഗ്രത പാലിക്കുന്നുണ്ട്. ബ്രസീല്‍ ടീമംഗങ്ങള്‍ താമസിക്കുന്ന ഹോട്ടലുകളില്‍ കേന്ദ്ര ആരേഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. നാഗ്ജി സംഘാടകര്‍ക്കും നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഏതെങ്കിലും വിദേശ ടീമംഗത്തിന് ലക്ഷണം കണ്ടാല്‍ അതാത് ദിവസം അഞ്ച് മണിക്ക് മുമ്പ് ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. കളി നടക്കുന്ന സ്റ്റേഡിയവും പരിസരവും കൊതുക്പ്രജനന സാധ്യത ഇല്ലാതാക്കണം. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മോണിട്ടറിംഗ് ചെയ്യും. ബ്രസീല്‍ ടീമംഗങ്ങള്‍ സ്വദേശത്ത് നിന്ന് യാത്ര തിരിക്കുന്നതിന് മുമ്പ് പ്രതിരേധത്തിനുള്ള മിലറോണ്‍ എന്ന ഗുളിക കഴിച്ചിട്ടുണ്ടെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. ജില്ലയിലും സിക വൈറസ് സാധ്യതയില്ലാതാക്കാനുള്ള ഊര്‍ജ്ജിത ശ്രമങ്ങളാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നതെന്ന് ഡി എം ഒ അറിയിച്ചു.