Connect with us

Ongoing News

സാഗില്‍ ഇന്ത്യന്‍ ആധിപത്യം

Published

|

Last Updated

ഗുവാഹത്തി: മലയാളി താരങ്ങളുടെ സുവര്‍ണ നേട്ടങ്ങളുടെ മികവില്‍ പന്ത്രണ്ടാമത് ദക്ഷിണേഷ്യന്‍ ഗെയിംസി(സാഗ്)ല്‍ ഇന്ത്യയുടെ സമ്പൂര്‍ണാധിപത്യം. 23 സ്വര്‍ണം നേടിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നത്.
ഇന്നലെ രണ്ടിനങ്ങളിലാണ് മലയാളി താരങ്ങള്‍ സ്വര്‍ണം സ്വന്തമാക്കിയത്. നീന്തലില്‍ സജന്‍ പ്രകാശും സൈക്ലിംഗില്‍ ലിഡിയ മോള്‍ സണ്ണിയുമാണ് സുവര്‍ണ താരങ്ങളായത്. 1,500 മീറ്റര്‍ ഫ്രീസ്‌റ്റൈലിലാണ് സജന്റെ നേട്ടം. ഗെയിംസ് റെക്കോര്‍ഡോടെയാണ് സജന്റെ പ്രകടനമെന്നത് നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു. ദേശീയ ഗെയിംസിലെ മികവ് സജന്‍ ഇവിടെയും ആവര്‍ത്തിക്കുകയായിരുന്നു. കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ ആറ് സ്വര്‍ണവും രണ്ട് വെള്ളിയും ഉള്‍പ്പെടെ എട്ട് മെഡലുകള്‍ നേടിയ സജന്‍ ഗെയിംസിലെ മികച്ച പുരുഷതാരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ ഇനത്തില്‍ സൗരവ് സാംഗ് വേക്കര്‍ വെള്ളി നേടി.
സൈക്ലിംഗില്‍ 40 കിലോമീറ്റര്‍ ക്രൈറ്റീരിയം വിഭാഗത്തിലായിരുന്നു ലിഡിയയുടെ സ്വര്‍ണം. ഇന്ത്യയുടെ തന്നെ മനോരമാ ദേവി ഈയിനത്തില്‍ വെള്ളി സ്വന്തമാക്കി..
ഭാരോദ്വഹനത്തില്‍ സരസ്വതി റാവത്തും സാംബോ ലപുംഗും നീന്തലില്‍ സയാനി ഘോഷും ഇന്ത്യക്കായി സ്വര്‍ണം സ്വന്തമാക്കി. വനിതകളുടെ 58 കിലോ ഭാരദ്വഹനത്തിലായിരുന്നു സരസ്വതി റാവത്തിന്റെ മിന്നും പ്രകടനം. പുരുഷന്മാരുടെ 60 കിലോ വിഭാഗത്തിലാണ് സാംബോ ലപുംഗ് സ്വര്‍ണം നേടിയത്. 127 കിലോ ഉയര്‍ത്തിയാണ് സരസ്വതി നേട്ടം സ്വന്തമാക്കിയത്. വനിതകളുടെ 400 മീറ്റര്‍ നീന്തലിലാണ് സയാനി ഘോഷ് സ്വര്‍ണം മുങ്ങിയെടുത്തത്.
ഈ ഇനത്തില്‍ വെള്ളിയും ഇന്ത്യ സ്വന്തമാക്കി. പ്രതീക്ഷിച്ചപോലെ ഷൂട്ടിംഗില്‍ ഇന്ത്യയുടെ സമഗ്രാധിപത്യമായിരുന്നു. നാല് സ്വര്‍ണവും നാല് വെള്ളിയും ഇന്ത്യ ഉറപ്പാക്കിക്കഴിഞ്ഞു. ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ സെമിയില്‍ പ്രവേശിച്ചു.

Latest