Connect with us

Gulf

തര്‍ക്കരഹിത കരാറുകള്‍ക്കാണ് ഖത്വര്‍ ശ്രമിക്കുന്നതെന്ന് ഊര്‍ജ മന്ത്രി

Published

|

Last Updated

ദോഹ: കരാറുകള്‍ പരമാവധി തര്‍ക്കരഹിതമാക്കാനാണ് ഖത്വര്‍ ശ്രദ്ധിക്കുന്നതെന്ന് ഊര്‍ജ, വ്യവസായ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ സദ. കരാറുകള്‍ തര്‍ക്കരഹിതമാക്കുന്നതിലൂടെ മധ്യസ്ഥ ഇടപെടലുകള്‍ ഇല്ലാതാക്കാന്‍ സാധിക്കും. ഇന്റര്‍നാഷനല്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച ആദ്യ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനില്‍ സംസാരിക്കുകയായിരുന്നു അല്‍ സദ.
കരാറുകള്‍ പാലിക്കാനുള്ള പ്രതിബദ്ധത കാരണം വ്യാപാര പങ്കാളികള്‍ ഖത്വറിനെ എപ്പോഴും മാനിക്കാറുണ്ട്. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും തര്‍ക്കങ്ങള്‍ വഷളാകാതിരിക്കാനും വാണിജ്യ മാധ്യസ്ഥ്യം അനിവാര്യമാണ്.
ഊര്‍ജസ്രോതസ്സുകളുടെ ആഗോള വ്യാപാരത്തിന്റെ തോതും ആഗോള ആഭ്യന്തര ഉത്പാദന വളര്‍ച്ചയില്‍ ഊര്‍ജ മേഖലയുടെ സംഭാവനയും പരിഗണിക്കുകയാണെങ്കില്‍ ഊര്‍ജമേഖലയുമായി ബന്ധപ്പെട്ട മാധ്യസ്ഥ്യത്തിന്റെ പ്രാധാന്യം വ്യക്തമാകും.
തര്‍ക്കങ്ങള്‍ പരിഹരിക്കാനും വ്യാപാര ഇടപാടില്‍ ഇരു കക്ഷികളും അടിസ്ഥാനതത്വങ്ങള്‍ വിശദീകരിക്കാനും സ്വതന്ത്രവും പരിചയസമ്പന്നവുമുള്ള റഫറന്‍സ് ആയി അവ ശേഖരിക്കാനുമുള്ള സംവിധാനത്തിന്റെ ആവശ്യകതയിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നുണ്ടെന്നും അല്‍ സദ കൂട്ടിച്ചേര്‍ത്തു.
മേഖലാതലത്തിലും പ്രാദേശികമായും മധ്യസ്ഥതയുടെ പ്രാധാന്യം വര്‍ധിക്കുകയാണെന്ന് ഐ സി സി അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ കോടതി സെക്രട്ടറി ജനറല്‍ ആന്ദ്രെ കാളെവാരിസ് പറഞ്ഞു. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഖത്വറിലെയും ഗള്‍ഫ് മേഖലയിലെയും കമ്പനികള്‍ മാധ്യസ്ഥ്യ വഴി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആഗോള വികസനത്തില്‍ എണ്ണ മേഖലക്ക് വലിയ പങ്കാണുള്ളതെന്നും മേഖലയിലെ കരാര്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പുതിയ സംവിധാനം വേണമെന്നും ഐ സി സി ഖത്വര്‍ ചെയര്‍മാന്‍ ശൈഖ് ഖലീഫ ബിന്‍ ജാസിം അല്‍ താനി പറഞ്ഞു.