Connect with us

Kerala

സംസ്ഥാനത്തെ ആദ്യ ആകാശ നടപ്പാത കോട്ടയത്ത്

Published

|

Last Updated

കോട്ടയം: സംസ്ഥാനത്തെ ആദ്യത്തെ ആകാശ നടപ്പാതയുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. അഞ്ച് മാസത്തിനകം കോട്ടയം ശീമാട്ടി ജംഗ്ഷനില്‍ ആകാശനടപ്പാത പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആകാശ നടപ്പാത പൂര്‍ത്തിയാവുന്നതോടെ കോട്ടയം സാധ്യതകളുടെ നഗരമായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എം പി, ജില്ലാ കലക്ടര്‍ യു വി ജോസ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ. പി ആര്‍ സോന, റോഡ് സേഫ്റ്റി കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി, ജില്ലാ പോലിസ് മേധാവി സതീഷ് ബിനോ, കിറ്റ്‌കോ മാനേജിംഗ് ഡയറക്ടര്‍ സിറിയക് ഡേവിസ്, നഗരസഭാ വൈസ്‌ചെയര്‍പേഴ്‌സണ്‍ ജാന്‍സി ജേക്കബ്, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍മാരായ ജോസ് പള്ളിക്കുന്നേല്‍, അഡ്വ. ടിനോ കെ തോമസ്, ഷീബാ പുന്നന്‍ സംസാരിച്ചു. പോസ്റ്റല്‍ വകുപ്പ്, സി എസ് ഐ ചര്‍ച്ച്, കോട്ടയം നഗരസഭ എന്നീ സ്ഥാപനങ്ങള്‍ വിട്ടുനല്‍കിയ സ്ഥലം മാത്രമാണ് ആകാശ നടപ്പാതക്ക് പുതുതായി വേണ്ടിവന്നത്. നടത്തിപ്പ് ചെലവ് ആകാശപ്പാതയില്‍ ക്രമീകരിക്കുന്ന കയോസ്‌കുകളില്‍ നിന്ന് ലഭിക്കും. രണ്ടാം ഘട്ടത്തില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. ഓരോ ആഴ്ചയിലും ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നിര്‍മാണ പുരോഗതി വിലയിരുത്തും. മൂന്ന് എസ്‌കലേറ്ററുകളോടെ നിര്‍മിക്കുന്ന ആകാശപ്പാതക്ക് 6.75 മീ. ഉയരവും 15 ചതുരശ്ര അടി വിസ്തീര്‍ണവുമുണ്ട്. അഞ്ച് കോടി രൂപയാണ് നിര്‍മാണച്ചെലവ്. കിറ്റ്‌കോക്കാണ് നിര്‍മാണച്ചുമതല. ആകാശനടപ്പാത പൂര്‍ത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.

Latest