Connect with us

Eranakulam

ഉദയംപേരൂര്‍ ഐഒസി ബോട്ടലിംഗ് പ്ലാന്റിലെ തൊഴിലാളികളുടെ അനിശ്ചിതകാല സമരം ആരംഭിച്ചു

Published

|

Last Updated

കൊച്ചി: വേതന വര്‍ധനവുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊച്ചി ഉദയംപേരൂര്‍ ഐഒസി ബോട്ടലിംഗ് പ്ലാന്റിലെ തൊഴിലാളികളുടെ അനിശ്ചിതകാല സമരം ആരംഭിച്ചു. വേതനവര്‍ധന ആവശ്യപ്പെട്ട് രണ്ടാഴ്ചയായി നടന്നുവരുന്ന മെല്ലെപ്പോക്കു സമരം ഒത്തു തീര്‍പ്പാക്കാന്‍നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്.

ലോഡിംഗ് ഹൗസ്‌കീപ്പിംഗ് വിഭാഗത്തിലെ തൊഴിലാളികളാണ് പണിമുടക്ക് നടത്തുന്നത്. അടിസ്ഥാന മാസ വേതനം 15000 രൂപയിലേക്ക് ഉയര്‍ത്തണം എന്നാണ് ആവശ്യം. ലോഡിംഗ് വിഭാഗത്തിന് നിലവിലെ വേതനം 8424 രൂപയും ഹൌസ് കീപ്പിംഗ് വിഭാഗത്തിന് 9400 രൂപയുമാണ് നിലവില്‍ ലഭിക്കുന്ന വേതനം. പ്രശ്‌ന പരിഹാരത്തിനായി ലേബര്‍ ഓഫീസറുടെ മധ്യസ്ഥതയിലും ഐ ഒ സി അധികൃതര്‍ മുന്‍കൈ എടുത്തും പലതവണ ചര്‍ച്ച നടത്തിയെങ്കിലും ധാരണായായില്ല. കരാര്‍ കാലാവധി അവസാനിച്ച് 10 മാസങ്ങള്‍ പിന്നിട്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

മെല്ലപ്പോക്ക് സമരത്തെ തുടര്‍ന്ന് സിലിണ്ടര്‍വിതരണം ഇതിനോടകം പ്രതിസന്ധിയിലാണ്. സമരം ശക്തമാകുന്നതോടെ മധ്യകേരളത്തിലെ പാചകവാതക പ്രതിസന്ധി കൂടുതല്‍രൂക്ഷമാകും. പ്ലാന്റ് പൂര്‍ണമായും സ്തംഭിപ്പിച്ച് സമരം നടത്തിയാല്‍ അവശ്യസാധനനിരോധന നിയമപ്രകാരം നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Latest