Connect with us

Kerala

മുഖ്യമന്ത്രിക്കെതിരായ ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കും; സരിത

Published

|

Last Updated

കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ ശാസ്ത്രീയ തെളിവുകള്‍ അടുത്തഘട്ടത്തില്‍ സോളാര്‍ കമ്മീഷനു മുമ്പില്‍ സമര്‍പ്പിക്കുമെന്ന് സരിതാ എസ്. നായര്‍. തന്റെ സ്വകാര്യങ്ങളും അടുത്ത ഘട്ടത്തില്‍ കമ്മിഷനു മുന്നില്‍ വെളിപ്പെടുത്തും. കമ്മീഷനില്‍ നിന്ന് ഏത് തരത്തിലുള്ള നീതിയാണ് തനിക്ക് ലഭിക്കുന്നതെന്നതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടും. മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനുമായി ഒരു ഫോണ്‍ കോളിന്റെ ബന്ധം മാത്രമേയുള്ളൂ. എല്ലാ ഇടപാടുകളും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നേരിട്ടാണ് നടത്തിയതെന്നും കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ സരിത പറഞ്ഞു.

പോലീസ് അസോസിയേഷന്‍ നേതാവ് ജി.ആര്‍. അജിത്തിന് 20 ലക്ഷം രൂപ നല്‍കിയെന്ന ആരോപണം സരിത ആവര്‍ത്തിച്ചു. കൊല്ലം സംസ്ഥാന സമ്മേളനത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പിനായി 40 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. 20 ലക്ഷം നല്‍കി. സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാമെന്ന പ്രമേയം സമ്മേളനത്തില്‍ പാസാക്കാമെന്നും തനിക്ക് അനുകൂലമായ ഉത്തരവിറക്കാന്‍ സഹായിക്കാമെന്നും പരസ്യം നല്‍കാമെന്നും വാഗ്ദാനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പണം നല്‍കിയതെന്നും സരിത പറഞ്ഞു.

കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു സോളാര്‍ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാനാണ് സരിത കണ്ണൂരിലെത്തിയത്. ആദ്യ കേസിന്റെ വിചാരണയായിരുന്നു ഇന്ന്. എന്നാല്‍ മറ്റൊരു പ്രതി ബിജു രാധാകൃഷ്ണന്‍ ഹാജരാകാത്തതിനാല്‍ കേസ് മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചു. രണ്ടാമത്തെ കേസില്‍ സരിത ജാമ്യമെടുക്കുകയും ചെയ്തു.

---- facebook comment plugin here -----

Latest