Connect with us

Gulf

ഖത്വറിന്റെ കായിക ചരിത്രം ഓര്‍മിപ്പിച്ച് കതാറയില്‍ ചിത്ര പ്രദര്‍ശനം തുടങ്ങി

Published

|

Last Updated

ദോഹ: രാജ്യത്തിന്റെ കായിക ഇന്നലെകളിലേക്ക് കാഴ്ച തുറക്കുന്ന ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് കതാറ കള്‍ചറല്‍ വില്ലേജില്‍ തുടക്കം. “ചിത്രങ്ങളും ഓര്‍മകളും” എന്ന ശീര്‍ഷകത്തിലുള്ള പ്രദര്‍ശനം ഖത്വരി ആര്‍ട്ടിസ്റ്റ് സുല്‍ത്താന്‍ ജാസിം അല്‍ ജാസിം ഉദ്ഘാടനം ചെയ്തു. കതാറ ഓപറേഷന്‍ ഡെപ്യൂട്ടി ജന. മാനേജര്‍ അഹ്മദ് അല്‍ സെയ്ദ് സംബന്ധിച്ചു.
1960കളിലെ ഖത്വര്‍ അത്‌ലറ്റുകളുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം അവസാനം വരെ പ്രദര്‍ശനം തുടരും. രാജ്യത്തെ കായിക ചരിത്രത്തിലെ അത്യപൂര്‍വമായ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇത് സന്ദര്‍ശകര്‍ക്കും ചരിത്രാന്വേഷികള്‍ക്കും മികച്ച അവസരമാണെന്നും സുല്‍ത്താന്‍ ജാസിം അല്‍ ജാസിം പറഞ്ഞു. രാജ്യത്തെ എല്ലാ മേഖലകളിലും നടന്ന നവോത്ഥാനത്തെക്കൂടി ചിത്രങ്ങള്‍ അടയാളപ്പെടുത്തുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ ഖത്വരി സമൂഹം കായിക മേഖലക്ക് എല്ലാ കാലത്തും വലിയ പ്രാധാന്യം കൊടുത്തിരുന്നുവെന്ന് പ്രദര്‍ശനം മനസ്സിലാക്കിത്തരുന്നു. ഈ രംഗത്തുണ്ടായ പുരോഗതിയെ മനസ്സിലാക്കാനും പൂര്‍വകാല ചിത്രങ്ങള്‍ അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഖത്വര്‍ കായിക മേഖലയെ പ്രചരിപ്പിക്കുന്നതിനു വേണ്ടി വിവിധ ഗള്‍ഫ് രാജ്യങ്ങല്‍ ഈ അപൂര്‍വ കായിക ചിത്രങ്ങളുടെ പ്രദര്‍ശനം ഒരുക്കാന്‍ ഉദ്ദേശിക്കുന്നതായി ആര്‍ട്ടിസ്റ്റ് സുല്‍ത്താന്‍ ജാസിം അല്‍ ജാസിം പറഞ്ഞു. കായിക രംഗത്ത് ഖത്വര്‍ പെട്ടെന്നു പൊട്ടിമുളച്ചതല്ലെന്നും പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെന്നും ആരോപകര്‍ക്കു ബോധ്യപ്പെടുത്താന്‍ കൂടി ഈ ചിത്രങ്ങള്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.