Connect with us

Editorial

സികാ വൈറസ്

Published

|

Last Updated

മനുഷ്യന്റെ അഹംബോധങ്ങള്‍ക്കും വെട്ടിപ്പിടിക്കലുകള്‍ക്കും അവിവേകങ്ങള്‍ക്കും അതിബുദ്ധികള്‍ക്കും മേല്‍ കടുത്ത പ്രഹരങ്ങളേല്‍പ്പിച്ച് എക്കാലത്തും മഹാമാരികള്‍ ഉണ്ടായിരുന്നു. രോഗങ്ങള്‍ക്ക് മുന്നില്‍ അവന്റെ എല്ലാ അറിവുകളും നിഷ്പ്രഭമാകുന്നു. വ്യാഖ്യാനിക്കാനാകാത്ത പ്രതിഭാസമായി, ഉത്തരം കിട്ടാത്ത ചോദ്യമായി അവ ജീവിതങ്ങള്‍ക്ക് പൂര്‍ണ വിരാമമിട്ടു കൊണ്ടിരിക്കുന്നു. രോഗം വ്യക്തിപരമായ പീഡയില്‍ നിന്ന് സാമൂഹികമായ പങ്കുവെപ്പായി മാറുന്നു പകര്‍ച്ച വ്യാധികളില്‍. ഇവയുടെ അശ്വമേധങ്ങള്‍ക്ക് മുന്നില്‍ ഇടുങ്ങിയ യുക്തി ബോധങ്ങള്‍ അസ്തമിക്കുകയും “ദൈവമേ അങ്ങില്‍ മാത്രമേ ശമനമുള്ളൂ” എന്ന എളിമയിലേക്ക് അവന്‍ ഉണരുകയും ചെയ്യുന്നു. കോളറ, പോളിയോ, ഇന്‍ഫഌവന്‍സ, വസൂരി, സാര്‍സ്, പക്ഷിപ്പനി, പന്നിപ്പനി, ചിക്കുന്‍ഗുനിയ, ഇ കോലി, എബോള… വിവിധ കാലത്ത് വിവിധ ദേശത്ത് വിവിധ രൂപഭാവങ്ങളില്‍ രോഗങ്ങള്‍ ഇരച്ചുവരുന്നു. ഉച്ചസ്ഥായിലേക്ക് കത്തിക്കയറി മെല്ലെ ശാന്തമാകുന്നു. പിന്നെയും അടുത്ത വൃത്തം. ഓരോ ഘട്ടത്തിലും മനുഷ്യന്‍ ആധുനികവും പരമ്പരാഗതവുമായ അറിവുകളും ഗവേഷണങ്ങളും ഉപയോഗിച്ച് ഔഷധങ്ങള്‍ കണ്ടെത്തുന്നു. മുന്‍കരുതല്‍ മരുന്നുകളുടെ കാവലില്‍ ചില രോഗങ്ങള്‍ മടങ്ങിപ്പോകുന്നു. എന്നാല്‍ ആ പോക്ക് എന്നേക്കുമല്ല. ഇടവേളക്ക് ശേഷം പിന്നെയും വരുന്നു. വഴിവിട്ട ജീവിതത്തിന്റെ ശമ്പളമായ എയിഡ്‌സും പ്രകൃതിവിരുദ്ധ ജീവിത, ഭക്ഷണ ക്രമത്തിന്റെ ഉപോത്പന്നമായ ക്യാന്‍സറുകളും സമൃദ്ധിയില്‍ നിന്ന് രൂപപ്പെട്ട ജീവിത ശൈലീ രോഗങ്ങളുമൊക്കെ തന്നിലേക്ക് നോക്കി വേദനിക്കാന്‍ മാനവകുലത്തെ പ്രേരിപ്പിക്കുന്നു.
ലോകത്തെയാകെ പേടിപ്പെടുത്തിക്കൊണ്ട് പുതുതായി കടന്നുവന്നിരിക്കുന്നത് സികാ വൈറസ് ആണ്. സാധാരണഗതിയില്‍ അത്ര അപകടകാരിയല്ലാത്തതാണ് ഈ വൈറസ്. എന്നാല്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ഗര്‍ഭിണികളില്‍ ഈ വൈറസ് ബാധ കാണപ്പെടുകയും അവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഗുരുതരമായ മസ്തിഷ്‌ക പ്രശ്‌നങ്ങള്‍ കണ്ടെത്തുകയും ചെയ്തതോടെയാണ് സികാ ഭീതി പടരുന്നത്. ചിക്കുന്‍ ഗുനിയയും ഡെങ്കിയുമൊക്കെ പടര്‍ത്തുന്ന ഈഡിസ് കൊതുകുകളാണ് വൈറസ് വാഹകരാകുന്നതെന്നതും ഇവ മനുഷ്യരെ കടിക്കുമ്പോഴാണ് രക്തത്തില്‍ എത്തിച്ചേരുന്നതെന്നതും ഈ വൈറസ് ബാധയെ കൂടുതല്‍ മാരകമാക്കുന്നു. ലൈംഗിക ബന്ധത്തിലൂടെയും രോഗം പകരാമെന്ന് യു എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ മുന്നറിയിപ്പ് നല്‍കിയതും ഏറെ പ്രസക്തതമാണ്.
1947ല്‍ ഉഗാണ്ടയില്‍ കുരങ്ങുകളിലാണ് ഈ വൈറസ് രോഗം ആദ്യം കണ്ടെത്തിയത്. 1954ല്‍ നൈജീരിയയില്‍ മനുഷ്യരോഗബാധ സ്ഥിരീകരിച്ചു. പിന്നീട് പലയിടങ്ങളിലും അപകരമല്ലാത്ത പകര്‍ച്ച വ്യാധിയായി ഈ രോഗം പ്രത്യക്ഷപ്പെട്ടെങ്കിലും 2014ല്‍ ബ്രസീലില്‍ വ്യാപകമായി രോഗം പടര്‍ന്നതോടെയാണ് ലോകത്തിന്റെ സജീവ ശ്രദ്ധയിലേക്ക് സികാ കടന്നു വന്നത്. നേരിയ പനി, ശരീരത്തില്‍ ചുവന്ന പാട്, ചെങ്കണ്ണ് തുടങ്ങിയ രോഗ ലക്ഷണങ്ങളില്‍ ഒതുങ്ങുകയാണ് പതിവ്. എന്നാല്‍, ഗര്‍ഭിണിയില്‍ ഈ വൈറസ് ബാധ ഉണ്ടായാല്‍ നവജാത ശിശുവിന് മൈക്രോസെഫാലി എന്ന രോഗാവസ്ഥക്ക് കാരണമായേക്കാമെന്നതാണ് ഭീകരം. തലയുടെ വലിപ്പം കുറയുകയും തലച്ചോറിന്റെ വളര്‍ച്ച ശുഷ്‌കമാകുകയും ചെയ്യുന്ന അവസ്ഥയാണിത്. ബ്രസീലില്‍ 2014ല്‍ 150 മൈക്രോസെഫാലി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2015 ആയപ്പോഴേക്കും ഇത് 3500 കവിഞ്ഞു.
സികാ വൈറസ് ബാധ സ്‌ഫോടനാത്മകമായ രീതിയില്‍ പടരുന്നുവെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. യൂറോപ്പിലേക്കും ആസ്‌ത്രേലിയയിലേക്കും ഏഷ്യയിലേക്കും രോഗബാധ കടക്കുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ലോകാരാഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പുറപ്പെടുവിച്ചിരിക്കുകയാണ്. പൊതു ജനാരോഗ്യത്തിന് കടുത്ത വെല്ലുവിളിയുയര്‍ത്തുന്ന രോഗത്തെ പ്രതിരോധിക്കാന്‍ എല്ലാ രാജ്യങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ഡബ്ലിയു എച്ച് ഒ ഡയറക്ടര്‍ ജനറല്‍ മാര്‍ഗരറ്റ് ചാന്‍ ആഹ്വാനം ചെയ്യുന്നു.
രോഗം പടരുന്നതിന് മുമ്പേ രോഗഭീതി പടരുകയാണല്ലോ പതിവ്. സികയുടെ കാര്യത്തിലും സ്ഥിതി മറ്റൊന്നല്ല. ഭീതിയല്ല വിവേകപൂര്‍ണമായ മുന്‍കരുതലുകളാണ് ആവശ്യം. ഇന്ത്യയെപ്പോലെ ജനനിബിഡവും കൊതുകുജന്യ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന അനുഭവവുമുള്ള രാജ്യം അങ്ങേയറ്റത്തെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. പതിവ് കാട്ടിക്കൂട്ടലുകള്‍ക്ക് പകരം കൃത്യമായ പദ്ധതികള്‍ തയ്യാറാക്കി പ്രവൃത്തി പഥത്തിലെത്തിക്കണം. വ്യക്തി ശുചിത്വം മാത്രം പോര പരിസര ശുചിത്വവും അനിവാര്യമാണ്. നമ്മുടെ നഗരങ്ങളും ഗ്രാമങ്ങളും കൊതുകു വളര്‍ത്തു കേന്ദ്രങ്ങളായി മാറുമ്പോള്‍ ഇത്തരം രോഗങ്ങള്‍ വളരെ വേഗം കടന്നുവരുന്നു. എല്ലാ ഉത്തരവാദിത്വവും സര്‍ക്കാറില്‍ കെട്ടിവെച്ച് കുറ്റപ്പെടുത്താന്‍ മാത്രം മെനക്കെടുന്നവര്‍ താന്‍ എന്ത് ചെയ്തുവെന്ന് സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു. ചിക്കുന്‍ഗുനിയയും ഡെങ്കിയുമൊക്കെ വെന്നിക്കൊടി നാട്ടിയ കേരളത്തിന്റെ കാര്യത്തില്‍ ഈ തിരിച്ചറിവ് ഏറെ പ്രസക്തമാകുന്നു. ഒപ്പം ഇത്തരം രോഗങ്ങള്‍ക്ക് ശമനൗഷധങ്ങളും വാക്‌സിനുകളും കണ്ടെത്താന്‍ ഗവേഷണങ്ങള്‍ നടക്കുകയും ചെയ്യട്ടെ.

Latest