Connect with us

Articles

വളരുന്ന ഇന്ത്യ, വളരാത്ത ഇന്ത്യ വിദ്വേഷത്തിന്റെ വര്‍ണഭേദങ്ങള്‍

Published

|

Last Updated

കോര്‍പറേറ്റ് ആഗോളവത്കരണം, നവ സാങ്കേതിക വിദ്യയുടെ അഭൂതപൂര്‍വമായ വളര്‍ച്ച എന്നീ ഘടകങ്ങള്‍ കഴിയാവുന്നത്ര പ്രയോജനപ്പെടുത്തി വികസിച്ചു കൊണ്ടേ ഇരിക്കുന്ന നഗരമായിട്ടാണ് ബെംഗളൂരുവിനെ പൊതുവെ വിശേഷിപ്പിക്കാറുള്ളത്. ഉദ്യാനങ്ങളുടെയും തടാകങ്ങളുടെയും വീതി കൂടിയ പാതകളുടെയും വിരമിച്ച ഉന്നതോദ്യോഗസ്ഥന്മാരുടെ വിശ്രമവാസത്തിന്റെയും മറ്റും പേരിലായിരുന്നു തൊണ്ണൂറുകള്‍ വരെ ബാംഗളൂര്‍ എന്ന് ബ്രിട്ടീഷുകാര്‍ വിളിച്ചിരുന്ന ഈ തെന്നിന്ത്യന്‍ നഗരം അറിയപ്പെട്ടിരുന്നത്. തമിഴ്‌നാടുമായി വളരെ അടുത്തും കേരളവുമായി അധികമകലത്തല്ലാതെയും സ്ഥിതി ചെയ്യുന്ന ഈ നഗരത്തില്‍ അക്കാലത്തു തന്നെ പതിനായിരക്കണക്കിന് തമിഴരും കേരളീയരും സ്ഥിരതാമസമാക്കിയിരുന്നു. തൊണ്ണൂറുകളോടെ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. ഐ ടി വിപ്ലവത്തെ തുടര്‍ന്ന്, ഇന്‍ഫോസിസും ടി സി എസും വിപ്രോയും ഐബിഎമ്മും അടക്കം നിരവധി കുത്തകകളുടെ പടു കൂറ്റന്‍ ക്യാമ്പസുകള്‍ ബാംഗളൂരില്‍ സ്ഥാപിതമായി. സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമായി ആയിരക്കണക്കിന് അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ – അവരില്‍ ഏറിയ പങ്കും ബി ടെക്കുകാര്‍ – ഈ ഐ ടി സ്വര്‍ഗത്തിലേക്ക് വന്‍ ശമ്പളത്തിന്റെ പിന്‍ബലത്തോടെ ആകര്‍ഷിക്കപ്പെട്ടു. അങ്ങിനെ ബാംഗളൂരിനെ ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നു ഓമനപ്പേരിട്ടു വിളിക്കാന്‍ തുടങ്ങി. ഇതു കൂടാതെയാണ് നഴ്‌സിംഗും എന്‍ജിനീയറിംഗുമടക്കം പഠിപ്പിക്കുന്ന നൂറു കണക്കിന് കോളജുകളും സര്‍വകലാശാലകളും സ്വകാര്യ-സ്വാശ്രയ മേഖലയില്‍ സംസ്ഥാനത്താകെ സൂകരപ്രസവം പോലെ പെരുകിയത്. കടലോ മലകളോ അതിര്‍ത്തികളായില്ലാതിരുന്നതിനാല്‍ ബെംഗളൂരു നഗരം നാലു ഭാഗത്തേക്കും യാതൊരു ആസൂത്രണവുമില്ലാതെ വീര്‍ക്കാനും തുടങ്ങി. ഗ്രാമങ്ങളിലെ കൃഷിയിടങ്ങള്‍ ഇതേ ആഗോളവത്കരണനയത്തിന്റെ ഭാഗമായി നഷ്ടങ്ങളുടെയും ആത്മഹത്യകളുടെയും കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞിരുന്നു. റിയല്‍ എസ്റ്റേറ്റുകാര്‍ ഈ അവസരം പ്രയോജനപ്പെടുത്തി സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടുകയും മറിച്ചു വില്‍ക്കുകയും ഫഌറ്റുകളും പാര്‍പ്പിട സമുച്ചയങ്ങളും മാളുകളും കോളജുകളും സര്‍വകലാശാലകളും ഉപഗ്രഹ നഗരങ്ങളും നിര്‍മിച്ചു കൊണ്ടേ ഇരിക്കുകയും ചെയ്തു. വീടുകളുടെയും ഫഌറ്റുകളുടെയും മാളുകളുടെയും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കാറുകളുടെയും ഒരു മഹാ സമുദ്രമായി ബെംഗളൂരു പരിണമിച്ചു.
വികസനത്തിന്റെയും പണക്കൊഴുപ്പിന്റെയും കണ്ണാടിമാളികകള്‍ ഉയരങ്ങള്‍ കീഴടക്കുമ്പോഴും, ഇതെന്താണ് സംഭവിക്കുന്നത് എന്നറിയാതെ തദ്ദേശീയര്‍ അമ്പരന്നുനിന്നു. വ്യവസായവിപ്ലവ കാലത്തെ പടുകൂറ്റന്‍ ഫാക്ടറികള്‍ രൂപപ്പെട്ടുവന്ന കാലത്ത്, അതിന്റെ ചുറ്റു ഭാഗത്തുമുള്ള നാട്ടുകാര്‍ക്ക് എന്തെങ്കിലുമൊക്കെ പണികളും ചില്ലറ വരുമാനങ്ങളും ലഭിച്ചിരുന്നു. എന്നാല്‍, ബെംഗളൂരുവില്‍ സംഭവിച്ചതു പോലത്തെ വിസ്മയകരമായ ഐ ടി വളര്‍ച്ചയില്‍, നാട്ടുകാര്‍ക്ക് കണ്ടു നില്‍ക്കാമെന്നല്ലാതെ സാമ്പത്തികമായോ തൊഴില്‍പരമായോ യാതൊരു മെച്ചവും ലഭിച്ചില്ലെന്നു മാത്രമല്ല, സ്ഥലവിലയും മറ്റ് അവശ്യവസ്തുക്കളുടെ വിലയും മറ്റും അനിയന്ത്രിതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് നിത്യ ജീവിതം ദുസ്സഹമായിത്തീരുകയും ചെയ്തു. ഈ വൈരുധ്യവും സങ്കീര്‍ണതയും പുറത്തുവന്ന പ്രധാന സംഭവമായിരുന്നു; കന്നട സിനിമയിലെ സൂപ്പര്‍താരം രാജ്കുമാര്‍ 2006 ഏപ്രില്‍ 12ന് അന്തരിച്ചതിനെ തുടര്‍ന്ന് നഗരത്തില്‍ പൊട്ടിപ്പുറപ്പെട്ട അനിയന്ത്രിതമായ അക്രമങ്ങള്‍. ആള്‍ക്കൂട്ടം പിച്ചിച്ചീന്തിയ ഒരു പൊലീസുകാരനുള്‍പ്പെടെ എട്ടു പേര്‍ മരണപ്പെടുകയും നിരവധി കെട്ടിടങ്ങളും വാഹനങ്ങളും പെട്രോള്‍ബങ്കുകളും അഗ്നിക്കിരയാകുകയും ചെയ്ത ഈ അക്രമത്തില്‍ സോഫ്റ്റ് വെയര്‍ കമ്പനികള്‍ക്കു മാത്രം 40 ദശലക്ഷം ഡോളറിന്റെ നഷ്ടമുണ്ടായതായി കണക്കാക്കി. അസന്തുലിതവും ലാഭത്തില്‍ മാത്രം അധിഷ്ഠിതവുമായ മുതലാളിത്ത വളര്‍ച്ചയുടെ അനിവാര്യവും അപ്രതീക്ഷിതവുമായ ദുരന്തങ്ങളിലൊന്നായി ഈ അക്രമം അങ്ങിങ്ങായി തിരിച്ചറിയപ്പെട്ടെങ്കിലും അതു സംബന്ധമായ ഗാഢവും സൂക്ഷ്മവുമായ പഠനങ്ങളൊന്നും നടന്നില്ലെന്നു മാത്രമല്ല, മുഴുവന്‍ ജനങ്ങളെയും ഉള്‍ക്കൊള്ളാത്ത വികസനസങ്കല്‍പ്പങ്ങള്‍ തിരുത്താനുള്ള അര്‍ഥപൂര്‍ണവും ഭാവനാസമ്പന്നവുമായ നടപടികളൊന്നും ആലോചിക്കപ്പെട്ടതു പോലുമില്ല.
അഭൂതപൂര്‍വമായ നഗരവത്കരണം തുടര്‍ന്നു കൊണ്ടേ ഇരുന്നു. ഐ ടി അടക്കമുള്ള ജോലികള്‍ക്കായി മധ്യവര്‍ഗത്തില്‍പ്പെട്ട എല്ലാ സംസ്ഥാനക്കാരും (ഇതില്‍ മലയാളികളുടെ എണ്ണം വളരെയധികം വരും), വിദ്യാഭ്യാസാവശ്യാര്‍ഥം വിദേശികളടക്കം നിരവധി പേരും, പുറം പണികള്‍ക്കായി ഉത്തരേന്ത്യക്കാരും വടക്കുകിഴക്കന്‍ സംസ്ഥാനക്കാരുമെല്ലാം ബെംഗളൂരുവിലെത്തി. ഇവരുടെയെല്ലാം ആശാ കേന്ദ്രമായി മാറിയ നഗരത്തിന്റെ സ്വഭാവം മാറിക്കൊണ്ടേ ഇരുന്നതില്‍ അസ്വസ്ഥരായ തദ്ദേശീയര്‍, തങ്ങളുടെ മണ്ണിനെ തങ്ങളുടേതല്ലാതായി തീരുമോ എന്ന ആശങ്കയുടെ ഫലമായും മറ്റും പലവിധ പ്രതിഷേധങ്ങളും ചിലപ്പോള്‍ പ്രകടിപ്പിക്കുകയും അല്ലാത്തപ്പോള്‍ ഉള്ളിലടക്കുകയും ചെയ്തുപോന്നു. മുംബൈയിലെ ശിവസേനയെന്നതു പോലെ ശക്തമല്ലെങ്കിലും കന്നട ചാലുവാലി പോലുള്ള ഭാഷാപ്രക്ഷോഭകര്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു പോരുന്നുണ്ട്. പ്രാദേശികവാദികളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് നഗരത്തിന്റെ പേര് ബാംഗളൂര്‍ എന്ന കൊളോണിയല്‍ പതിപ്പില്‍ നിന്ന് ബെംഗളൂരു എന്ന പഴമയിലേക്കു മാറ്റിയത്. രാജ്യവ്യാപകമായി സ്ഥലനാമങ്ങളിലും മറ്റും ഇത്തരം തദ്ദേശീയവത്കരണങ്ങള്‍ നടന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ മാറ്റവും നടന്നതെന്നതിനാല്‍ അതും പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. ഇപ്പോഴും നഗരത്തിലോടുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ കന്നട ഭാഷയിലുള്ള ബോര്‍ഡുകള്‍ മാത്രമാണ് വെക്കാറുള്ളത്. 1991ല്‍ കാവേരി നദീജലത്തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് നഗരത്തിലും സംസ്ഥാനത്താകെയും തമിഴ്‌നാട്ടുകാര്‍ക്കെതിരായ വികാരവും അക്രമങ്ങളും വ്യാപകമായിരുന്നു. സംസ്ഥാനങ്ങള്‍ക്കിടയിലുള്ള ബസ് സര്‍വീസുകള്‍ പോലും നിര്‍ത്തിവെക്കപ്പെട്ടു. അക്കാലത്ത് ബെംഗളൂരുവില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ പോയ ഞാന്‍, സംസ്ഥാനാതിര്‍ത്തിയിലുള്ള ഹൊസൂരില്‍ തമിഴ്‌നാട് ബസിറങ്ങി അവിടെ നിന്ന് ടൗണ്‍ ബസ് പിടിച്ച് ബംഗളൂരുവിലെത്തിയത് ഇപ്പോഴുമോര്‍മയുണ്ട്. ചലച്ചിത്രമേളകളില്‍ അക്കാലത്ത് സ്ഥിരക്കാരായിരുന്ന കമല്‍ ഹാസനെ പോലുള്ള തമിഴ് സിനിമാക്കാര്‍ അക്കുറി പങ്കെടുക്കുകയുമുണ്ടായില്ല. 2012ല്‍ ഏറെ ദൂരെ ആസാമില്‍ ബോഡോ വംശജരും മുസ്‌ലിംകളും തമ്മില്‍ നടന്ന ഒരു കലഹത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ നിന്ന് പതിനായിരക്കണക്കിന് വടക്കു കിഴക്കന്‍ സംസ്ഥാനക്കാര്‍ തീവണ്ടി കയറി തിരിച്ചു പോകാന്‍ ശ്രമിച്ചതോടെ രൂപപ്പെട്ട പ്രശ്‌നങ്ങളും നേരത്തെ സൂചിപ്പിക്കപ്പെട്ട സങ്കീര്‍ണ വൈരുധ്യങ്ങളുടെ പ്രതിഫലനങ്ങളാണ്.
ഇപ്പോള്‍, വംശീയവെറിയുടെയും ആള്‍ക്കൂട്ട ഉന്മാദത്തിനാല്‍ നിയന്ത്രിക്കപ്പെടുകയും നിര്‍ണയിക്കപ്പെടുകയും ചെയ്യുന്ന ആക്രമണോത്സുകതയുടെയും ലൈംഗിക കടന്നാക്രമണ ത്വരകളാല്‍ തീരുമാനിക്കപ്പെടുന്ന പ്രതികാരദാഹത്തിന്റെയും വന്യതകളിലേക്ക് ബെംഗളൂരു നഗരത്തിന്റെ പ്രാന്തപ്രദേശമായ സൊളദേവനഹള്ളിയിലെ ഏതാനും നാട്ടുകാരുടെ കൂട്ടം തരം താണതും ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തപ്പെടേണ്ടത്. പന്ത്രണ്ടായിരത്തിലധികം വിദേശ വിദ്യാര്‍ഥികളാണ് ബെംഗളൂരു നഗരത്തിലും സമീപപ്രദേശങ്ങളിലുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നത്. ഇതില്‍ ഏറിയ പങ്കും മൂന്നാം ലോകരാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അതില്‍ തന്നെ നല്ലൊരു പങ്കും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍. തെക്കേ ഇന്ത്യക്കാര്‍, പൊതുവേ തവിട്ട് അല്ലെങ്കില്‍ കറുപ്പ് തൊലി നിറമുള്ളവരാണെങ്കിലും നമ്മുടെ സൗന്ദര്യ സങ്കല്‍പ്പങ്ങളിലെ വര്‍ണരാജികള്‍ വെളുപ്പിനെ തന്നെയാണ് മനോഹാരിതയായി പ്രതിഷ്ഠിക്കുന്നത്. അതുകൊണ്ട് കറുപ്പിനെ തെറ്റ്, മോശം, പ്രതിഷേധം, വൈരൂപ്യം, തുടങ്ങിയ ഘടകങ്ങളുടെ പ്രതീകമായി നാം ആന്തരവത്കരിച്ചിരിക്കുന്നു. വെളുത്ത സായിപ്പിനെ കണ്ടാല്‍ കവാത്തു മറന്ന് കമിഴ്ന്നടിച്ച് സാഷ്ടാംഗം പ്രണമിക്കുന്ന നമ്മുടെ നാട്ടുകാര്‍ക്ക്, കറുത്ത തൊലി നിറമുള്ള ആഫ്രിക്കക്കാരെയും മറ്റും കുഴപ്പക്കാരും മയക്കുമരുന്നു കള്ളക്കടത്തുകാരും ഇന്റര്‍നെറ്റ് തട്ടിപ്പുകാരും വ്യഭിചാരികളും ആണ്‍വേശ്യകളും ആയി മാത്രമേ വിലയിരുത്താന്‍ കഴിയാറുള്ളൂ. മാധ്യമങ്ങളുടെ അവതരണവും സമാനമാണ്. ഒന്നു രണ്ടു വര്‍ഷം മുമ്പാണ്, ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി സംസ്ഥാന മന്ത്രിയുമായ സോംനാഥ് ഭാരതിയുടെ നേതൃത്വത്തില്‍, ഡല്‍ഹിയിലെ കിട്ക്കി വില്ലേജില്‍ നൈജീരിയന്‍, ഉഗാണ്ടന്‍ രാഷ്ട്രക്കാരായ യുവതികളെ പരസ്യമായി ആള്‍ക്കൂട്ടത്തെക്കൊണ്ട് തല്ലിച്ചതച്ചത്. ഇപ്പോഴിതാ, അന്താരാഷ്ട്ര ചലച്ചിത്രമേളയുടെയും ആഗോള നിക്ഷേപക സംഗമത്തിന്റെയും തിളക്കങ്ങളില്‍ കുളിച്ചു നിന്ന ബെംഗളൂരു നഗരപ്രാന്തത്തില്‍, ടാന്‍സാനിയന്‍ രാഷ്ട്രക്കാരിയായ വിദ്യാര്‍ഥിനിയെ പരസ്യമായി ആള്‍ക്കൂട്ടം കടന്നാക്രമിക്കുകയും നഗ്നയാക്കി നടത്തുകയും തല്ലിച്ചതക്കുകയും ചെയ്തിരിക്കുന്നു. സുഡാന്‍കാരനായ ഒരു വിദ്യാര്‍ഥിയുടെ കാര്‍ ഇടിച്ച് ഒരു വഴിയാത്രക്കാരി മരണപ്പെട്ടതിന്റെ പ്രതികാരമായിട്ടാണ്, ആ സംഭവവുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരു രാഷ്ട്രക്കാരിയായ യുവതിയെ അവര്‍ ആഫ്രിക്കക്കാരിയാണെന്നതു കൊണ്ടും കറുത്ത തൊലി നിറമുള്ളവളാണെന്നതു കൊണ്ടും മാത്രം നിഷ്ഠൂരമായി ആക്രമിക്കപ്പെട്ടിരിക്കുന്നത്. കൊല്ലപ്പെട്ടത് സ്ത്രീയാണെന്നതുകൊണ്ട് തിരിച്ച് സ്ത്രീയെ അപമാനിക്കുക എന്ന നാടുവാഴി ഭരണകാലത്തെ വംശീയവെറിയുടെയും ലിംഗാധിപത്യത്തിന്റെയും നീതിയും ആള്‍ക്കൂട്ടം നടപ്പില്‍ വരുത്തിയിരിക്കുന്നു. ജാതിവെറിയുടെ ഭാഗമായി ഉത്തരേന്ത്യയിലെ ഗ്രാമങ്ങളില്‍ ഖാപ് പഞ്ചായത്തുകാരും മറ്റും നടത്തുന്ന പരസ്യ ബലാത്സംഗങ്ങളും നഗ്നയാക്കിനടത്തലും മുതല്‍; ഉന്നത സര്‍വകലാശാലകളില്‍ ബ്രാഹ്മണാധിപത്യത്തിന്റെ ക്രൂര നീതി കാരണം രോഹിത് വെമുലമാര്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നതു വരെയുള്ള ആക്രമണോത്സുക ഇന്ത്യയുടെ വര്‍ത്തമാനമാണ് ബെംഗളൂരുവിലും പ്രത്യക്ഷമായിരിക്കുന്നത്. ലോകത്തിനു മുന്നില്‍, ഇന്ത്യ ജാതിവെറിയുടെയും സ്ത്രീവിദ്വേഷത്തിന്റെയും വര്‍ണവിവേചനത്തിന്റെയും പ്രാദേശികവാദഭ്രാന്തിന്റെയും ആള്‍ക്കൂട്ട ഉന്മാദ സ്ഥലമായി തുറന്നു കാട്ടപ്പെട്ടിരിക്കുന്നു.