International
നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള അന്തരിച്ചു
കാഠ്മണ്ഡു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള (77) അന്തരിച്ചു. ന്യുമോണിയ ബാധയെ തുടര്‍ന്ന് ഏതാനും ദിവസങ്ങളിലായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച അര്‍ധരാത്രി 12.50 നായിരുന്നു മരണം. സുശീല്‍ കൊയ്‌രാളയുടെ പ്രൈവറ്റ് സെക്രട്ടറി അതുല്‍ കൊയ്‌രാളയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
2010 മുതല്‍ നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡന്റാണ് സുശീല്‍ കൊയ്‌രാള. 2014 ഫെബ്രുവരി 10 മുതല്‍ 2015 ഒക്‌ടോബര്‍ 12 വരെയാണ് അദ്ദേഹം നേപ്പാള്‍ പ്രധാനമന്ത്രിയായിരുന്നത്. നേപ്പാളില്‍, പ്രസിഡന്റ് റാം ബരന്‍ യാദവ് കഴിഞ്ഞ സെപ്റ്റംബറില്‍ പുതിയ ഭരണഘടന പ്രഖ്യാപിച്ചിരുന്നു. അത് അംഗീകരിക്കപ്പെട്ടതോടെയാണ് സുശീല്‍ രാജിവയ്ക്കാന്‍ തീരുമാനമെടുത്തത്.
1939ല്‍ ഇന്ത്യയിലെ ബനാറസിലായിരുന്നു കൊയ്‌രാളയുടെ ജനനം. 1954 ലാണ് നേപ്പാള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സുശീല്‍ അംഗമാകുന്നത്. രാജഭരണം 1960 ല്‍ നേപ്പാളില്‍ ജനാധിപത്യം നിരോധിച്ചപ്പോള്‍ അദ്ദേഹം ഇന്ത്യയില്‍ അഭയം തേടിയിരുന്നു. മുന്‍ നേപ്പാള്‍ പ്രധാനമന്ത്രിമാരായ മന്ത്രിക പ്രസാദ് കൊയ്‌രാളയുടെയും ഗിരിജ പ്രസാദ് കൊയ്‌രാളയുടെയും ബിശ്വേശ്വര പ്രസാദ് കൊയ്‌രാളയുടെയും ബന്ധുവാണ് സുശീല്‍.