Connect with us

Kerala

ഐ ഒ സി സമരം: എസ്മ പ്രയോഗിക്കാന്‍ തീരുമാനം

Published

|

Last Updated

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഉദയംപേരൂര്‍ എല്‍ പി ജി പ്ലാന്റില്‍ നടന്നുവരുന്ന മെല്ലെപ്പോക്കുസമരം അവസാനിപ്പിക്കാന്‍ തൊഴിലാളി യൂനിയനുകള്‍ക്കും കരാറുകാര്‍ക്കും സര്‍ക്കാറിന്റെ അന്ത്യശാസനം. ഇന്ന് ഉച്ചക്ക് പന്ത്രണ്ടിനുള്ളില്‍ പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ അവശ്യസാധന നിയമ പ്രകാരം അറസ്റ്റ് ഉള്‍പ്പെടെ നടപടിക്രമങ്ങള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്നലെ വൈകീട്ട് കലക്ടറുടെ ചേംബനല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ റാണി അപരാജിത, പോലീസ് അസി. കമ്മീഷണര്‍ രാജേഷ്, മാനേജ്‌മെന്റ് പ്രതിനിധികള്‍, കരാറുകാര്‍, തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇന്ന് പന്ത്രണ്ടിനു ശേഷം പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ ബദല്‍ സംവിധാനം പോലീസ് സംരക്ഷണത്തോടെ സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. സമരം ഇന്ന് ഉച്ചക്ക് അവസാനിപ്പിക്കുന്നതിനൊപ്പം അടുത്ത 15 ദിവസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിന് അവസരമൊരുക്കാമെന്ന് കലക്ടര്‍ ഉറപ്പുനല്‍കി. ഒമ്പത് മാസമായി കരാറുകാരന്‍ തങ്ങളുടെ വേതനം പുതുക്കുന്നതിന് ഒരു നടപടിയും സ്വീകരിച്ചില്ലെന്നു യൂനിയനുകള്‍ കലക്ടറെ അറിയിച്ചു. നിയമപ്രകാരമുള്ള അടിസ്ഥാനത്തില്‍ നിന്നുകൊണ്ടാണു സമരത്തിനു നോട്ടീസ് നല്‍കിയതെന്നും അവര്‍ പറഞ്ഞു. അടിസ്ഥാന ശമ്പളമായി 8420 രൂപയും ഒരു സിലിന്‍ഡറിന് 50.4 പൈസ നിരക്കിലുമാണ് ഇപ്പോള്‍ ലോഡിംഗ് തൊഴിലാളിക്ക് വേതനം ലഭിക്കുന്നത്. ഇത് 15,000 രൂപയായി ഉയര്‍ത്തണമെന്നാണു യൂനിയനുകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, ഈ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കരാറുകാരന്‍ നിയാസ് യോഗത്തില്‍ അറിയിച്ചു.
ഹൗസ് കീപ്പിംഗ് തൊഴിലാളിക്ക് നിലവില്‍ 9400 രൂപയാണു അടിസ്ഥാന വേതനമായി ലഭിക്കുന്നത്. അലവന്‍സുകള്‍ ഉള്‍പ്പെടെ ഒരു ലോഡിംഗ് തൊഴിലാളിക്ക് ആകെ 25368 രൂപ കൊടുക്കുന്നുണ്ടെന്നും പറഞ്ഞു. അതേസമയം, ഒരു തൊഴിലാളിക്ക് ദിവസം 500 രൂപയുടെ പ്രതിഫലമെങ്കിലും ലഭിക്കണമെന്നാണു തങ്ങള്‍ ആവശ്യപ്പെടുന്നതെന്നു യൂനിയനുകളും പറയുന്നു.

---- facebook comment plugin here -----

Latest