Connect with us

Kerala

സോളാറില്‍ പ്രതിപക്ഷ ബഹളം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Published

|

Last Updated

തിരുവനന്തപുരം:സോളാര്‍ കേസുമായി ബന്ധപ്പെട്ട ബഹളത്തെത്തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സോളാര്‍ കേസില്‍ പുതിയ വെളിപ്പെടുത്തല്‍ വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയും ആര്യാടന്‍ മുഹമ്മദും രാജിവെക്കണമെന്നും ഇക്കാര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നുമാവശ്യപ്പെട്ട പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് സഭയില്‍ ബഹളം തുടങ്ങിയത്.

സരിതയും സോളാര്‍ തട്ടിപ്പും ഭരണപക്ഷത്തിനെതിരേയുള്ള ആയുധമാക്കി പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിലിറങ്ങി. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരേ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ഭരണപക്ഷവും ബഹളം തുടങ്ങിയതോടെ സ്പീക്കര്‍ സഭാനടപടികള്‍ നിര്‍ത്തിവച്ചു.

സരിതയെ നന്നായി അറിഞ്ഞയാളാണ് മുഖ്യമന്ത്രിയെന്നും ക്ലിഫ് ഹൗസില്‍ സരിതയ്ക്ക് കയാറാന്‍ പാസ് വേണ്ടായിരുന്നു എന്നുമാണ് വി.എസ് ആരോപിച്ചത്. ക്ലിഫ് ഹൗസിലെ പ്രാര്‍ഥനയില്‍ പോലും സരിത പങ്കെടുത്തിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് പ്രതിപക്ഷത്തിരിക്കുന്നതില്‍ തനിക്ക് ലജ്ജയുണ്‌ടെന്നും വി.എസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബത്തെ ലക്ഷ്യമാക്കി ആരോപണങ്ങള്‍ വന്നതോടെ ഭരണപക്ഷ അംഗങ്ങള്‍ വി.എസിനെതിരേ ബഹളംവച്ചു. തുടര്‍ന്ന് പ്രതിപക്ഷവും നടുത്തളത്തില്‍ ഇറങ്ങിയതോടെ സംഘര്‍ഷ സമാനമായ സാഹചര്യമാണ് നിയമസഭയില്‍ അരങ്ങേറിയത്.

സോളാര്‍ കേസും സരിതയുടെ വെളിപ്പെടുത്തലുകളും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് രാവിലെ അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയത്. എന്നാല്‍ ജുഡീഷന്‍ കമ്മീഷന്‍ അന്വേഷിക്കുന്ന കേസിനെക്കുറിച്ച് നിയമസഭ ചര്‍ച്ച ചെയ്യാന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്നും തന്റെ വിവേചന അധികാരം ഉപയോഗിച്ച് ശൂന്യവേളയില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്നും സ്പീക്കര്‍ നിലപാടെടുത്തു.

സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരേ അന്വേഷണത്തിനു വിജിലന്‍സ് കോടതി ഉത്തരവിട്ടത് ഹൈക്കോടതി രണ്ടു മാസത്തേയ്ക്ക് സ്റ്റേ ചെയ്തതുകൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നതെന്ന് കോടിയേരി ആരോപിച്ചു. സംസ്ഥാനം ഭരിക്കുന്നത് സ്റ്റേ സര്‍ക്കാരാണെന്നും രണ്ടു മാസം കഴിഞ്ഞാല്‍ സര്‍ക്കാര്‍ താഴെവീഴുമെന്നും അദ്ദേഹം പറഞ്ഞു. സരിതയെ ക്ലിഫ് ഹൗസില്‍ നിന്നും രാത്രി നിരവധി തവണ വിളിച്ചത് ഭാഗവതം പഠിപ്പിക്കാനായിരുന്നോ എന്നും കോടിയേരി ചോദിച്ചു.

അടിയന്തരപ്രമേയത്തിനു മറുപടി നല്‍കിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതിപക്ഷം കൂട്ടുപിടിക്കുന്നത് കൊലക്കേസ് പ്രതിയെയും ക്രിമിനല്‍ കേസ് പ്രതിയെയും ആണെന്ന് ഓര്‍മ്മിപ്പിച്ചു. അരനൂറ്റാണ്ടു കാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള മുഖ്യമന്ത്രി ക്രിമിനല്‍ കേസ് പ്രതിയില്‍ നിന്നും കോടികള്‍ കോഴവാങ്ങിയെന്ന ആരോപണം കേരളത്തിലെ ഒരുകുഞ്ഞും വിശ്വസിക്കില്ലെന്ന് പറഞ്ഞു. ഡിജിപി ഉള്‍പ്പടെയുള്ള സാക്ഷികള്‍ സോളാര്‍ കമ്മീഷനു മുന്നില്‍ നല്‍കിയ മൊഴി സത്യമാകണമെന്നില്ല. കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട് വരുന്നതുവരെ പ്രതിപക്ഷം ക്ഷമ കാണിക്കണം. ആരോപണം ഉന്നയിക്കുന്നവരുടെ വിശ്വാസ്യതയും പ്രധാനമാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

പൊതുപ്രവര്‍ത്തകനെന്ന പരിഗണന പോലും പ്രതിപക്ഷം തനിക്ക് തരുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു കത്തുപോലും സരിതയ്ക്ക് അനുകൂലമായി നല്‍കിയിട്ടില്ല. മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ ലെറ്റര്‍ പാഡ് ഉപയോഗിച്ച് കത്തുണ്ടാക്കിയതിന് പത്തനംതിട്ട കോടതി ശിക്ഷിച്ചയാളാണ് സരിത. കേസില്‍ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചതു കൊണ്ടാണ് ആരോപണങ്ങള്‍ നേരിടേണ്ടി വരുന്നത്. ബിജു രാധാകൃഷ്ണന്‍ പറഞ്ഞ സിഡിയുടെ പിന്നാലെ പോയി നാണംകെട്ടതുപോലെ സരിതയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ പോയാല്‍ വീണ്ടും നാണംകെടേണ്ടി വരും. അന്ധമായ രാഷ്ട്രീയ കണ്ണിലൂടെ എല്ലാം കണ്ടാല്‍ തിരിച്ചടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ സ്പീക്കര്‍ അടിയന്തരപ്രമേയത്തിനു അനുമതി നിഷേധിച്ചു.

Latest