Connect with us

Kerala

ഷുക്കൂര്‍ വധം: സിബിഐ അന്വേഷണം സിപിഎമ്മിനെതിരായ ഗൂഡാലോചന: പിണറായി

Published

|

Last Updated

ആലപ്പുഴ: ഷുക്കൂര്‍ വധക്കേസ് സി ബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള നീക്കത്തിന് പിന്നില്‍ സി പി എമ്മിനെതിരായ ഗൂഡാലോചനയാണെന്ന് പി ബി അംഗം പിണറായി വിജയന്‍.നവകേരളമാര്‍ച്ചിന്റഎ ഭാഗമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ബി ജെ പി-കോണ്‍ഗ്രസ് അവിശുദ്ധ ബന്ധത്തിന് ലീഗിന്റെ സഹായം ഉറപ്പാക്കാനുള്ള വഴിയായി കേസിനെ ഉമ്മന്‍ചാണ്ടി ഉപയോഗപ്പെടുത്തുകയാണെന്ന് പിണറായി ആരോപിച്ചു.

കേസ് ശരിയായ നിലയില്‍ അന്വേഷിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കോടതിയില്‍ ബോധിപ്പിച്ചത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കഴിവുകെട്ടവനാണെന്ന് പറഞ്ഞുവെക്കലാണ്.പോലീസിന്റെ കാര്യം ശരിക്കു നോക്കാന്‍ കഴിവില്ലാത്തയാളാണ് ചെന്നിത്തലയെന്ന് സര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തിയിരിക്കയാണ്.സി പി എമ്മിനെ ലക്ഷ്യം വെക്കുമ്പോള്‍ തന്നെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നുവെന്ന് ഇതില്‍ നിന്ന് തെളിഞ്ഞിരിക്കുകയാണെന്ന് പിണറായി പറഞ്ഞു.അബ്ദുല്ലക്കുട്ടിക്കെതിരെ മൊഴികൊടുക്കാന്‍ കോണ്‍ഗ്രസുകാര്‍ തന്നെ പ്രേരിപ്പിച്ചതാണെന്ന് സരിത വെളിപ്പെടുത്തിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

സാധാരണഗതിയില്‍ കേസ് ചാര്‍ജ് ചെയ്തുകഴിഞ്ഞാല്‍ അന്വേഷണ ഏജന്‍സിയെ മാറ്റുന്ന പതിവില്ല.കുറ്റപത്രം നല്‍കിയ കേസുകളില്‍ അന്വേഷണ ഏജന്‍സിയെ മാറ്റുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് പിണറായി പറഞ്ഞു. ഷുക്കൂര്‍ കേസ് സി ബി ഐ അന്വേഷിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സി പി എം സുപ്രീംകോടതിയെ സമീപിക്കുമെന്ന് പിണറായി വ്യക്തമാക്കി. കണ്ണൂരിലെ സി പി എം നേതാക്കളെ ഒതുക്കാന്‍ കേരളത്തിലെ പോലീസ് കുറെ കാലം നോക്കി.നടക്കാതെ വന്നപ്പോള്‍ സി ബി ഐയെക്കൊണ്ട് ഒതുക്കിക്കാമോയെന്ന്നോക്കുകയാണിപ്പോള്‍.മദ്യനിരോധനം സി പി എം നയമല്ല.മദ്യവര്‍ജനവും മദ്യാസക്തി കുറച്ചുകൊണ്ടുവരലുമാണ് സി പി എം ലക്ഷ്യം വെക്കുന്നത്. ബാറുകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അതിനെ സ്വാഗതം ചെയ്തവരാണ് സി പി എം.എന്നാല്‍ അടച്ച ബാറുകള്‍ തുറക്കണമെന്നാഗ്രഹിച്ചവരാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമെന്ന് പിണറായി പറഞ്ഞു.

ബിജു രമേശിന്റെ സംഭാഷണ സി ഡി എഡിറ്റ് ചെയ്ത് മാധ്യമങ്ങള്‍ ചോര്‍ത്തിക്കൊടുത്ത സംഭവം മറുപടി അര്‍ഹിക്കുന്നതല്ല. എ ഡി ജി പി ശങ്കര്‍ റെഡ്ഡി പുറത്ത് വിട്ട രേഖ സി പി എമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ്.ആസൂത്രിത നീക്കമാണിതിന് പിന്നില്‍ നടന്നിട്ടുള്ളത്.ഒരു പോലീസുദ്യോഗസ്ഥന്‍ ഇത്തരത്തില്‍ സി പി എമ്മിനെതിരെ കള്ളക്കഥയുണ്ടാക്കാനും പ്രചരിപ്പിക്കാനും കൂട്ടുനില്‍ക്കുന്നത് ശരിയല്ല. പോലീസ് ഉദ്യോഗസ്ഥന്‍ രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാകുന്നത് നല്ല കളിയല്ലെന്നും പിണറായി ഓര്‍മിപ്പിച്ചു.

സി പി എമ്മില്‍ ഏതെങ്കിലും വ്യക്തികള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന രീതിയില്ലെന്നും പിണറായി പറഞ്ഞു.തെളിവുകള്‍ നശിപ്പിക്കുന്ന മാഫിയ സംസ്‌കാരത്തിലേക്ക് കേരളത്തിലെ ഭരണം മാറിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റേത് ദയനീയാവസ്ഥയാണ്.അങ്ങേയറ്റം ജീര്‍ണത ബാധിച്ച ഒരു പാര്‍ട്ടിക്ക് മാത്രമേ സര്‍ക്കാരിന്റെ ഇത്തരം നിലപാടുകളെ ന്യായീകരിക്കാന്‍ കഴിയൂ എന്ന് പിണറായി പറഞ്ഞു.

Latest