Connect with us

Gulf

ഫാമിലി സ്റ്റാറ്റസിന്റെ പടിക്കു പുറത്തു നിര്‍ത്തിയവര്‍

Published

|

Last Updated

ബാച്ചിലര്‍ പ്രവാസിയുടെ പകല്‍ക്കിനാവുകളില്‍ മുന്‍പന്തിയിലുണ്ടാകുക ഫാമിലി സ്റ്റാറ്റസായിരിക്കും. കുറച്ചു കാലമെങ്കിലും കുടുംബത്തെ ഇവിടെ കൊണ്ടു വന്ന് ഒന്നിച്ചു താമസിക്കുക. ഭാര്യയെയും കുട്ടികളെയും ജോലി ചെയ്യുന്ന നാടും നാട്ടിലെ കാഴ്ചകളും കാണിക്കുക. സ്വപ്‌നം കണ്ടു തുടങ്ങി ആണ്ടുകള്‍ പിന്നിട്ടവരും സ്പ്‌നം കണ്ടു കൊണ്ടേയിരിക്കുന്നവരും അത്യപൂര്‍വയമായി അവസരം ലഭിച്ചവരുമുണ്ടാകും. ഫാമിലിയൊന്നുമില്ലാതെ എന്തു ജീവിതം എന്ന ഗദ്ഗദം പുറപ്പെടുവിക്കാത്ത ബാച്ചിലര്‍ പ്രവാസികളുണ്ടാകുമോ നമ്മുടെ കൂട്ടത്തല്‍.
പാര്‍ക്കുകളിലും മാളുകളിലും ഫാമിലി പ്രവാസികളെ കാണുമ്പോള്‍, റസ്‌റ്റോറന്റുകളില്‍ കുടുംബത്തോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്ന കുട്ടികളെ കാണുമ്പോഴൊക്കെയാണ് ബാച്ചിലര്‍ പ്രവാസികളുടെ മനം ഉരുകുകയും പകല്‍ക്കിനാവായി ഫാമിലി ജീവിതം കണ്ണിലും കാതിലും ഖല്‍ബിലും ഉയരുകയും ചെയ്യുക. പോയ കാലത്തെ പ്രവാസികളുടെ ജീവിതാവസ്ഥകളുടെ അനുഭവങ്ങളെ അപേക്ഷിച്ച് ഇപ്പോഴത്തെ പ്രവാസം സ്വര്‍ഗതുല്യമാണ്. ടെലിഫോണ്‍ സൗകര്യങ്ങളില്ലാതെ പത്തും ഇരുപതും ദിവസം കാത്തിരിക്കേണ്ട കത്തുകളെ ആശയ വിനിമയത്തിനുപയോഗിച്ചവര്‍, അവധി കിട്ടാന്‍ മൂന്നും നാലും വര്‍ഷം കാത്തിരുന്നവര്‍, അവധി കിട്ടിയാലും വിമാന ടിക്കറ്റ് കിട്ടാന്‍ ഒടുക്കേണ്ടി വന്നിരുന്ന കൊല്ലുന്ന നിരക്ക്, ആണ്ടുകള്‍ പണിയെടുത്തിട്ടും ആവശ്യങ്ങള്‍ നിവര്‍ത്തിക്കാനാവശ്യമായി പണമില്ലാത്ത സങ്കടം.. ഈ വക സാഹചര്യങ്ങളൊന്നും 2000ങ്ങള്‍ക്കു ശേഷമുള്ള പ്രവാസം അത്ര അനുഭവിച്ചിട്ടില്ല. 2005നു ശേഷം പ്രവാസം കുറേക്കൂടി സമ്പന്നമായി. ഇന്റര്‍നെറ്റ് ഫോണ്‍ സൗകര്യത്തിനൊപ്പം നാട്ടില്‍ മൊബൈല്‍ ഫോണ്‍ വ്യാപകമാകുകയും ചെയ്തതോടെ പ്രവാസവും നാടും തമ്മിലുള്ള അകലം തീരേ കുറഞ്ഞു. എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വന്നു. വിമാന നിരക്ക് 5000 രൂപയുടെ സമീപത്തു ചുറ്റിക്കറങ്ങി. സ്മാര്‍ട്ട് ഫോണുകള്‍ക്കൊപ്പം വന്ന വാട്‌സ് ആപ്പ് ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകള്‍, കുടുംബത്തെ ദൃശ്യങ്ങളായും ശബ്ദമായും അക്ഷരങ്ങളായും കണ്‍മുന്നിലെത്തിച്ചു. ഇപ്പോള്‍ പ്രവാസം സുഖലോക സ്വര്‍ഗമാണെന്ന് പൂര്‍വ പ്രവാസികള്‍ പത്തുവട്ടം പറയും.
ഇങ്ങനെയൊക്കെ ആശ്വസിക്കുമ്പോഴും പ്രവാസത്തിന്റെ ഫാമിലി സ്റ്റാറ്റസ് ഒരു നൊമ്പരവും നൊസ്റ്റാള്‍ജിയയും വേദനയും ഗദ്ഗദങ്ങളുടെ അവിരാമ പ്രതിഭാസവുമായി തുടരുന്നു. സന്ദര്‍ഭം ഒത്തു വന്നപ്പോള്‍ ഒരിക്കല്‍ ഫാമിലി ജീവിതം നയിക്കുകയും ഗള്‍ഫുകാരന്‍ എന്ന നിലയില്‍ മിച്ചം വെക്കാന്‍ ഒന്നുമില്ലാതാകുന്നതില്‍ മനം നൊന്ത് ഫാമിലിയെ നാട്ടിലയക്കുകയും ഒന്നു രണ്ടു വര്‍ഷം തികയുമ്പോഴേക്കും ബാച്ചിലര്‍ പ്രവാസത്തിന്റെ പേക്കിനാവുകള്‍ വീണ്ടും തികട്ടി വരുമ്പോള്‍ ഒന്നും സമ്പാദിച്ചില്ലെങ്കിലും കുഴപ്പമില്ല, ഉള്ള കാലം കുടുംബത്തോടൊപ്പം എന്നു വിചാരിച്ച് പിന്നേയും കുടുംബ ജീവിതം നയിക്കുകയും ചെയ്യുന്നവര്‍ ഒരുപാടുണ്ട്. മക്കളുടെ വിദ്യാഭ്യാസവും ഗള്‍ഫിലെ താങ്ങാനാകാത്തെ ചെലവും പരിഗണിച്ച് പ്രവാസം തന്നെ അവാസനിപ്പിച്ച് നാട്ടില്‍ സെറ്റിലാകുന്നവരുമുണ്ട് നിരവധി (ഇവരില്‍ പലരും അവിടെ ശരിയാകില്ലെന്നും പറഞ്ഞ് തലയും ചൊറിഞ്ഞ് വീണ്ടും തിരിച്ചുവരുമെന്നതു വേറെ കാര്യം)
എന്തായാലും പ്രവാസത്തില്‍ ഫാമിലി സ്റ്റാറ്റസ് അത്രമേല്‍ വിലപ്പെട്ടതാണ്. അപ്പോഴും കുടുംബം എന്ന മൗലികമായ കല്‍പ്പനയുടെ പരിധിയില്‍ വരുന്നവര്‍ ആരൊക്കെ എന്ന ഒരു ചോദ്യം, വല്ലാത്തൊരു ദുരന്താവസ്ഥയെ അറിയിക്കുകയും ചെയ്യുന്നു. ഭാര്യയും മക്കളും എന്നതാണ് അതിന്റെ ഫസ്റ്റ് ഡിഗ്രി ഉത്തരം. അതിനപ്പുറമുള്ള ഡിഗ്രിയുടെ അളവ് തീരേ ചെറുതുമാണ്. കുഞ്ഞിക്കാലു കാണാനും പിച്ച വെക്കാനും കുഞ്ഞുടുപ്പിട്ടു കാണാനും കൊതിച്ചവരെന്നും പേറ്റുനോവറഞ്ഞിവരും പോറ്റി വളര്‍ത്തിയവരെന്നുമൊക്കെ നാം പൈങ്കിളി സാഹിത്യത്തില്‍ വര്‍ണിക്കുന്ന മാതാപിതാക്കളെപ്പറ്റിയാണ് പറയുന്നത്. അവര്‍ പ്രവാസിയുടെ ഫാമിലി സ്റ്റാറ്റസിനു പുറത്താണ്. കുട്ടികള്‍ക്ക് എടുത്തു കൊടുത്ത പുതുവസ്ത്രം ഉടുത്തു കാണാന്‍ വാട്‌സ് ആപ്പില്‍ വീണ്ടും വീണ്ടും ചിത്രങ്ങളയപ്പിച്ച്, അതുനോക്കി അഭിരമിക്കുന്നു നാം. പണ്ടൊരിക്കല്‍ ഈ നമ്മൾ പുത്തന്‍ പുടയണിഞ്ഞതു കണ്ട് രസിക്കാന്‍ നമ്മേക്കാള്‍ വെമ്പല്‍ കൊണ്ടവരും രസം പിടിച്ചവരുമായിരുന്നു നാം പടിക്കു പുറത്തു നിര്‍ത്തിയ ഈ സ്റ്റാറ്റസില്ലാത്ത ഫാമിലികള്‍.

Latest