Connect with us

Gulf

കായിക ദിനത്തില്‍ നാടെങ്ങും ആഘോഷം

Published

|

Last Updated

ദോഹ: ഖത്വര്‍ സ്‌പോര്‍ട്‌സ് ഡേ ആഘോഷത്തിന് നാട് തയ്യാറെടുത്തു. സര്‍ക്കാര്‍ സ്ഥാപനങ്ങളും സംഘനടകളും സ്വകാര്യ സംരംഭകരുമുള്‍പ്പെടെ രാജ്യമാകെ പങ്കു ചേരുന്ന ആഘോഷത്തിനും കായിക പരിപാടികള്‍ക്കുമാണ് ഇന്ന് രാജ്യം സാക്ഷ്യം വഹിക്കുന്നത്.
ഖത്വര്‍ ഒളിംപിക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാജ്യത്താകെ പരിപാടികളും ആഘോഷവും നടക്കുന്നത്. കതാറ കള്‍ചറല്‍ വില്ലേജില്‍ ബാസ്‌കറ്റ് ബോള്‍ മത്സരം, ഹാന്‍ഡ് ബോള്‍, ജിംനാസ്റ്റിക്‌സ്, കരാട്ടേ പ്രദര്‍ശനം, റസലിംഗ്, ചെസ്, വെയ്റ്റ് ലിഫ്റ്റിംഗ്, ടേബിള്‍ ടെന്നീസ്, സെയ്‌ലിംഗ് തുടങ്ങിയ മത്സരങ്ങളാണ് ഇന്നു നടക്കുക. രാജ്യത്തെ പ്രധാന സ്‌പോര്‍ട്്‌സ് പരിപാടികള്‍ നടക്കുന്ന വേദികൂടിയാണ് കതാറ.
കായികദിനത്തെ ഉല്ലാസത്തിനുകൂടി അവസരം സൃഷ്്ടിച്ച് ബീച്ച് വോളിബോള്‍, ഫുട്‌ബോള്‍ മത്സരങ്ങള്‍ നടക്കും. മിനി ഫുട്‌ബോള്‍ കോര്‍ട്ട്, ഫിറ്റ്‌നസ് എക്യുപ്‌മെന്റുകള്‍, കുട്ടികള്‍ക്കുള്ള കളിയുപകരണങ്ങള്‍ എന്നിവ സന്ദര്‍ശകര്‍ക്കായി ഇവിടെ ഒരുക്കും. ആസ്്‌പെയര്‍ സോണില്‍ നിരവധി ഔട്ട് ഡോര്‍, ഇന്‍ഡോര്‍ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ ഏഴു മുതല്‍ ആരംഭിക്കുന്ന പരിപാടികള്‍ ഉച്ച കഴിയും വരെ തുടരും. ബീച്ച് സോക്കര്‍, ബാസ്‌കറ്റ് ബോള്‍, ഫണ്‍ റണ്‍, കുടുംബങ്ങള്‍ക്കായി 5000 സ്റ്റെപ്പ് നടത്തം, 20 മീറ്റര്‍ സ്പിരിറ്റ് റണ്‍, ബീറ്റ് ദി ചാമ്പ്യന്‍, വെര്‍ട്ടിക്കള്‍ ജംപ്, 200 മീറ്റര്‍ ബൈക് റെയ്‌സ്, ജൂഡോ തുടങ്ങിയ മത്സരങ്ങള്‍ നടക്കും.
ഹമദ് അക്വാറ്റിക് സെന്ററാണ് അക്വാറ്റിക് സ്‌പോര്‍ട്‌സ് ഇനങ്ങളുടെ പ്രധാന വേദി. സ്വിമ്മിംഗ്, വാട്ടര്‍ പോളോ, ഡൈവിംഗ് തുടങ്ങിയ ഇനങ്ങള്‍ ഉള്‍പ്പെടുത്തിയ വാട്ടര്‍ ഫെസ്റ്റിവലാണ് ഇവിടെ നടക്കുക. ലുസൈലില്‍ ഷൂട്ടിംഗ്, ആര്‍ച്ചറി മത്സരങ്ങള്‍ രാവിലെ എട്ടു മുതല്‍ വൈകുന്നേരം ആറു വരെ നടക്കും. മന്‍സൂറ റൗദത്ത് അല്‍ ഖലീല്‍ സ്ട്രീറ്റില്‍ രാവിലെ ഒമ്പതു മുതല്‍ സ്‌നൂകര്‍, ബില്യാര്‍ഡ് ഇനങ്ങള്‍ നടക്കും. ഖത്വര്‍ പാരലിംപിക് അസോസിയേഷന്‍ രാവിലെ എട്ടര മുതല്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
മുഹമ്മദ് ബിന്‍ അബ്്ദുല്‍ വഹാബ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍, അലി ബിന്‍ അബി ത്വാലിബ് സ്‌കൂള്‍, മഅമൂറ ജര്‍മന്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഹോക്ക് ഫെസ്റ്റിവല്‍ ഉള്‍പ്പൈടെയുള്ള പരിപാടികള്‍ നടക്കും. ഇസ്്‌ലാമിക് ആര്‍ട്ട് പാര്‍ക്ക് മ്യൂസിയം, പേള്‍ ഖത്വര്‍, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, അല്‍ സഅദ് സ്‌പോര്‍ട്‌സ് ക്ലബ്, ഖത്വര്‍ എയര്‍വേയ്‌സ് തുടങ്ങിയ സ്ഥാപനങ്ങളും വിവിധ കായിക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.