Connect with us

Qatar

ഇന്ത്യക്കു പിറകേ പാക്കിസ്ഥാനും ഖത്വറുമായി ഗ്യാസ് ഇറക്കുമതി കരാറിന്

Published

|

Last Updated

ദോഹ: ഖത്വറില്‍നിന്നും ഗ്യാസ് ഇറക്കുമതി ചെയ്യുന്നതിനുള്ള ദീര്‍ഘകാല കരാറില്‍ ഒപ്പു വെക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറെടുക്കുന്നു. പ്രതിവര്‍ഷം 3.5 ദശലക്ഷം ടണ്‍ യൂനിറ്റ് പ്രകൃതി വാതകം വാങ്ങുന്നതിനുള്ള 15 വര്‍ഷത്തെ കരാറിനാണ് പാക്കിസ്ഥാന്‍ ഖത്വറുമായി ധാരണയായിരിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മുന്‍ കരാര്‍ പുതുക്കി പകുതി വിലക്ക് ഗ്യാസ് വാങ്ങാന്‍ ഇന്ത്യ കരാര്‍ ഒപ്പിട്ടതിനു പിറകേയാണ് പാക്കിസ്ഥാനും കരാറിലെത്തുന്നത്.
നേരത്തേ പ്രതിവര്‍ഷം 1.5 ദശലക്ഷം ടണ്‍ യൂനിറ്റ് ഗ്യാസ് ഇറക്കുമതിക്കായിരുന്നു ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടന്നത്. എന്നാല്‍ പീന്നീട് അളവ് ഇരട്ടിയിലധികമായി ഉയര്‍ന്നു.
ഖത്വറുമായുണ്ടാക്കുന്ന കരാറിന്റെ വിശദാംശങ്ങള്‍ അടുത്ത ദിവസം വെളിപ്പെടുത്തുമെന്ന് പാക്കിസ്ഥാന്‍ അധികൃതര്‍ പറഞ്ഞു. മാര്‍ച്ചിലോ ഏപ്രിലിലോ ആദ്യഘട്ടം ഗ്യാസ് ഇറക്കുമതി നടക്കുന്ന രീതിയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
വിപണയില്‍ വില കുറഞ്ഞ സാഹചര്യത്തില്‍ മത്സരാധിഷ്ഠിത വിലക്ക് ഗ്യാസ് വിതരണം ചെയ്യാവുന്ന രീതിയിലാണ് കരാറെന്നും പാക് വൃത്തങ്ങള്‍ പറയുന്നു. ഇന്ത്യയുമായുണ്ടാക്കിയ കരാറിന്റെ പശ്ചാത്തലത്തില്‍ താരതമ്യേന കുറഞ്ഞ വിലയില്‍ തന്നെയാണ് പാക്കിസ്ഥാനിലേക്കും ഗ്യാസ് കയറ്റി അയക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
അതേസമയം, പാക്കിസ്ഥാനുമായി ഗ്യാസ് കയറ്റുമതിക്കരാറിലെത്തുന്നത് ഖത്വറിന് ആശ്വാസമാകും. വിപണയില്‍ വില കുറഞ്ഞ സാഹചര്യത്തില്‍ വലിയ അളവില്‍ ഗ്യാസ് വാങ്ങാന്‍ ഒരു രാജ്യം രംഗത്തു വരുന്നതിന്റെ ഗുണഫലം രാജ്യത്തെ പെട്രോളിയം വിപണയില്‍ പ്രതിഫലിക്കുമെന്നാണ് നിരീക്ഷണങ്ങള്‍.

Latest