Connect with us

Eranakulam

ഐ ഒ സി പ്ലാന്റിലെ പണിമുടക്ക് പിന്‍വലിച്ചു

Published

|

Last Updated

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഉദയം പേരൂര്‍ എല്‍ പി ജി ബോട്ട്ലിംഗ് പ്ലാന്റിലെ കരാര്‍ തൊഴിലാളികള്‍ കഴിഞ്ഞ ഒരാഴ്ചയായി തുടര്‍ന്നുവന്ന പണിമുടക്ക് പിന്‍വലിച്ചു. ഇന്നലെ ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ തൊഴിലാളികളും ഐ ഒ സി മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. തൊഴിലാളികള്‍ക്ക് ഇടക്കാല ആശ്വാസമായി പതിനായിരം രൂപ നല്‍കും. സേവന വേതന വ്യവസ്ഥകളില്‍ പതിനഞ്ച് ദിവസത്തിനകം തീരുമാനമെടുക്കുമെന്നും ഐ ഒ സി മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയതോടെയാണ് സമരം താത്കാലികമായി പിന്‍വലിക്കാന്‍ യൂനിയനുകള്‍ തീരുമാനിച്ചത്.
കരാറുകാരും ഐ ഒ സി മാനേജ്‌മെന്റുമായി കൂടിയാലോചിച്ച് ഒരു മാസത്തിനകം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്ന് കലക്ടര്‍ രാജമാണിക്യം യൂനിയനുകള്‍ക്ക് ഉറപ്പ് നല്‍കി. ഇതേത്തുടര്‍ന്ന് ഇന്ന് മുതല്‍ ജോലിയില്‍ പ്രവേശിക്കുമെന്ന് തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ അറിയിച്ചു. ഒരാഴ്ചയായി തുടര്‍ന്നുവന്ന സമരം കാരണം മധ്യ കേരളത്തിലെ പാചക വാതക നീക്കം കടുത്ത പ്രതിസന്ധിയിലായിരുന്നു. സമരക്കാരുമായി കലക്ടറര്‍ തിങ്കളാഴ്ച നടത്തിയ സമരം പരാജയപ്പെട്ടിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് മുമ്പ് സമരം അവസാനിപ്പിച്ചില്ലെങ്കില്‍ എസ്മ പ്രയോഗിക്കുമെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Latest