Connect with us

Articles

സരിതോര്‍ജം ഈ സഭയുടെ ഐശ്വര്യം

Published

|

Last Updated

പതിമൂന്നാം കേരള നിയമസഭക്ക് ഈ സമ്മേളനത്തോടെ കര്‍ട്ടണ്‍ വീഴുമ്പോള്‍ സഭാ രേഖയില്‍ ഏറ്റവും കൂടുതല്‍ ഇടംപിടിച്ച വാക്ക് ഏതെന്ന് ചോദിച്ചാല്‍ ഉത്തരം സോളാറും സരിതയുമായിരിക്കും. 2013ല്‍ തുടങ്ങിയത് വോള്‍ട്ടേജിന് ഒട്ടും കുറവില്ലാതെ ഇപ്പോഴും സഭയിലാകെ ഇത് പ്രവഹിച്ച് കൊണ്ടിരിക്കുന്നു.
നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച തുടങ്ങുകയായിരുന്നു ഇന്നലെ. അതിന് മുമ്പേ സരിതോര്‍ജം സഭയില്‍ ഓവര്‍ലോഡിലായിരുന്നു. ചോദ്യോത്തര വേളയില്‍ ആര്യാടന്‍ മുഹമ്മദിലേക്ക് കടത്തിവിട്ട സരിതോര്‍ജം ശൂന്യവേളയായതോടെ ഉമ്മന്‍ചാണ്ടിയില്‍ കേന്ദ്രീകരിച്ചു. വി എസ് അച്യുതാനന്ദന്‍ മുതല്‍ വി ശിവന്‍കുട്ടി വരെ കളത്തിലിറങ്ങി. ഷിബു ബേബി ജോണ്‍ തുടങ്ങി ശിവദാസന്‍ നായര്‍ വരെ ചട്ടത്തിന്റെ ബലത്തില്‍ സരിതോര്‍ജം തടുത്ത് നിര്‍ത്താന്‍ നോക്കിയെങ്കിലും അതിന് മുമ്പേ സ്പീക്കര്‍ വിവേചനാധികാരം ഉപയോഗിച്ച് അവതരണാനുമതി നല്‍കിക്കഴിഞ്ഞിരുന്നു.
പ്ലക്കാര്‍ഡ്, ബാനര്‍, മുദ്രവാക്യം ഇത്യാധി പതിവ് സാധനസാമഗ്രികള്‍ കരുതിയാണ് പ്രതിപക്ഷം സഭയിലെത്തിയത്. ആദ്യ ചോദ്യത്തിന് മറുപടി നല്‍കേണ്ടത് ആര്യാടന്‍ മുഹമ്മദ് ആയിരുന്നതിനാല്‍ ബഹളം അവിടെ തുടങ്ങി. ശൂന്യവേളയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത് കോടിയേരി ബാലകൃഷ്ണന്‍. സ്റ്റേ എന്ന വെന്റിലേറ്ററില്‍ കഴിയുന്ന സര്‍ക്കാറിന് രണ്ട് മാസത്തെ ആയുസ് ഉണ്ടാകുമോയെന്ന് കോടിയേരി സംശയിച്ചു. വേട്ടയാടുന്നത് കരുണാകരന്റെ വാക്കുകളാണ്. ചാരക്കേസില്‍ കരുണാകരനെ കുടുക്കിയ ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന വന്ന പത്രം കോടിയേരി മേശപ്പുറത്ത് വെച്ചു. സരിതയില്‍ നിന്ന് പോലും കൈക്കൂലി വാങ്ങി. ഇല നക്കിയവന്റെ ചിറി നക്കിയെന്ന പരിഹാസവും.
തട്ടിപ്പുകാരുടെ ശ്രമം പരാജയപ്പെടുമ്പോള്‍ അവര്‍ ഉന്നയിക്കുന്ന ആരോപണത്തിന്റെ പിറകെ പോയാല്‍ ജനം വിശ്വസിക്കില്ലെന്ന് രമേശ് ചെന്നിത്തല ഉപദേശിച്ചു. ഉമ്മന്‍ ചാണ്ടിയെ പോലെയൊരാള്‍ കൈക്കൂലി വാങ്ങിയെന്ന് പറഞ്ഞാല്‍ ആര് കേള്‍ക്കും. തന്റെ പ്രായത്തേക്കാള്‍ പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള ആര്യാടന്‍ മുഹമ്മദിനെതിരെ ആരോപണം ഉന്നയിക്കുന്നത് തന്നെ നിന്ദ്യവും ക്രൂരവുമാണ്. സര്‍ക്കാറിനെ ആരും അട്ടിമറിക്കാന്‍ നോക്കേണ്ടെന്ന് പറഞ്ഞാണ് രമേശ് നിര്‍ത്തിയത്. പൊതുജീവിതത്തിലെ പരസ്പര സ്‌നേഹത്തെക്കുറിച്ചാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്. 46 വര്‍ഷത്തെ സഭാജീവിതത്തില്‍ ഇങ്ങിനെയൊരനുഭവം ഇതാദ്യം. 6500 രൂപയുടെ വണ്ടിച്ചെക്ക് നല്‍കിയവര്‍ 1.90 കോടി നല്‍കിയെന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കുമെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.
ഇത് പോലൊരു മുഖ്യമന്ത്രിയുടെ മുന്നില്‍ പ്രതിപക്ഷ നേതാവായി ഇരിക്കേണ്ടി വന്നതിന്റെ ഗതികേടായിരുന്നു വി എസ് അച്യുതാനന്ദന്. മഷിയിട്ട് നോക്കിയിട്ട് പോലും ഒരു ക്ലീന്‍ മന്ത്രിയെ കാണാനില്ല. ഇനി ജയലക്ഷ്മിയെ എങ്ങാനും കണ്ടാല്‍ ആയി. തിരിച്ചുവന്നെങ്കിലും കെ ബാബുവിനും സ്വസ്ഥതയില്ല. വെന്റിലേറ്ററില്‍ ആയിരുന്ന ബാബു ഐ സി യുവില്‍ ആയെന്ന് മാത്രം. നാട്ടില്‍ ഇയ്യം പൂശാനുണ്ടോയെന്ന് ചോദിച്ചെത്തുന്ന തൊഴിലാളികളെ പോലെ ഗൂഢാലോചനയുണ്ടോയെന്ന് ചോദിച്ച് ഉടന്‍ അന്വേഷണത്തിന് ഉത്തരവിടുകയാണ്. നുണകള്‍ മാത്രം പറയുകയും നുണകളില്‍ ഉണ്ണുകയും നുണകളില്‍ ഉറങ്ങുകയും ചെയ്യുന്ന മുഖ്യമന്ത്രി നുണകളുടെ കാര്യത്തില്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ സ്ഥാനം പിടിച്ചെന്നും വി എസ് പരിഹസിച്ചു.

Latest