Connect with us

Editorial

ജഡ്ജിമാര്‍ക്കെതിരായ പരാതി അന്വേഷിക്കാന്‍ സംവിധാനം

Published

|

Last Updated

ഉന്നത നീതിപീഠങ്ങളിലെ ന്യായാധിപര്‍ക്കെതിരായ പരാതികള്‍ അന്വേഷിക്കുന്നതിന് പുതിയ നിയമം കൊണ്ടുവരാനുള്ള കേന്ദ്ര നീക്കം സ്വാഗതാര്‍ഹമാണ്. ജഡ്ജിമാര്‍ സാമ്പത്തിക ക്രമക്കേടുകളിലും ലൈംഗിക കുറ്റകൃത്യങ്ങളിലും അകപ്പെടുന്ന സംഭവങ്ങള്‍ അടുത്ത കാലത്തായി വര്‍ധിച്ചിരിക്കയാണ്. 2004ല്‍ ഡല്‍ഹിയില്‍ ലാപ്‌ടോപ് അഴിമതിയുമായി ബന്ധപ്പെട്ട് മുന്നൂറോളം ജഡ്ജിമാരുടെ പേരാണ് ഉയര്‍ന്നു വന്നത്. സുപ്രീം കോടതി മുന്‍ ജഡ്ജിയും ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെയര്‍മാനുമായ ജസ്റ്റിസ് സ്വതന്തര്‍ കുമാറിനെതിരായ സ്ത്രീപീഡനക്കേസ് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയതാണ്. ജസ്റ്റിസ് ഗാംഗുലി തുടങ്ങി മറ്റു പല ജഡ്ജിമാരും ലൈംഗികാപവാദക്കേസില്‍ അകപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരം ആരോപണങ്ങളെക്കുറിച്ചന്വേഷിക്കാന്‍ ശക്തമായ സംവിധാനം വേണമെന്നാവശ്യം വ്യാപകമായി ഉയര്‍ന്നു വരികയും മുന്‍ സര്‍ക്കാര്‍ ഇതിനായി “ന്യായാധിപ പ്രവര്‍ത്തന നിലവാര പ്രതിബദ്ധതാ ബില്‍” കൊണ്ടുവരികയും ചെയ്തതാണ്. എന്നാല്‍ 2014ല്‍ യു പി എ സര്‍ക്കാറിന്റെ കാലാവധി കഴിഞ്ഞതോടെ ബില്ല് ലാപ്‌സാകുകയായിരുന്നു.
രണ്ട് വര്‍ഷം മുമ്പ് സ്വതന്തര്‍കുമാറിനെതിരായ കേസിന്റെ പരിഗണനാ വേളയില്‍ സുപ്രീം കോടതി തന്നെ ഉന്നത നീതിപീഠങ്ങളിലെ ജഡ്ജിമാര്‍ക്കെതിരായ പരാതികള്‍ അന്വേഷിക്കുന്നതിന് പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കുകയും അതെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി അഭിഭാഷകരായ ഫാലി. എസ് നരിമാന്‍, കെ കെ വേണുഗോപാല്‍ എന്നിവരെ അമിക്കസ് ക്യൂറിയായി നിയമിക്കുകയും ചെയ്തിരുന്നു. ഇത്തരം കേസുകളില്‍ ഇരകള്‍ക്ക് പരാതി ഉന്നയിക്കാന്‍ ഒരു വേദി പോലും ഇല്ലെന്ന് സ്വതന്തര്‍കുമാറിന്റെ പീഡനത്തിനിരയായെന്ന് ആരോപിക്കപ്പെടുന്ന നിയമ വിദ്യാര്‍ഥിനി കോടതിയില്‍ പരാതിപ്പെട്ടപ്പോഴാണ് സുപ്രീംകോടതി ഇങ്ങനെയൊരു നിര്‍ദേശം വെച്ചത്. അമിക്കസ്‌ക്യൂറി ഇത് ശരിവെക്കുകയും ചെയ്തു. വിരമിച്ച ജഡ്ജിമാര്‍ക്കെതിരായ പരാതി സ്വീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ അതുവരെയുള്ള നിലപാട്. ജസ്റ്റിസ് എ കെ ഗാംഗുലിക്കെതിരായ പരാതിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിളിച്ചു ചേര്‍ത്ത ജഡ്ജിമാരുടെ യോഗം വിരമിച്ച ജഡ്ജിമാര്‍ക്കെതിരെയുള്ള പരാതികള്‍ പരിഗണിക്കേണ്ടതില്ലെന്നായിരുന്നു തീരുമാനിച്ചിരുന്നത്. സ്വതന്തര്‍കുമാര്‍ സംഭവത്തോടെയാണ് പരമോന്നത കോടതിയുടെ നിലപാടില്‍ മാറ്റം വന്നത്.
അതേസമയം ജഡ്ജിമാര്‍ക്കെതിരായ ആരോപണങ്ങള്‍ ജഡ്ജിമാരുടെ സമിതി തന്നെ അന്വേഷിക്കുന്നതില്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ക്ക് അഭിപ്രായമുണ്ടായിരുന്നില്ല. നിയമ വൃത്തങ്ങളിലെ പ്രമുഖര്‍ കൂടി ഉള്‍പ്പെട്ട സ്വതന്ത്ര സമിതിക്കായിരിക്കണം അന്വേഷണ ചുമതലയെന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇതടിസ്ഥാനത്തിലാണ് മുന്‍സര്‍ക്കാര്‍ “ന്യായാധിപ പ്രവര്‍ത്തന നിലവാര പ്രതിബദ്ധതാ ബില്‍” ആവിഷ്‌കരിച്ചത്. അതിന്റെ ചുവട് പിടിച്ചാണ് നരേന്ദ്രമോദി സര്‍ക്കാര്‍ പുതിയ ബില്ലിന് രൂപം നല്‍കുന്നത്്. മുന്‍സര്‍ക്കാര്‍ കൊണ്ടുവന്നതിനേക്കാളും ശക്തവും സുതാര്യവുമായിരിക്കും പുതിയ ബില്ലെന്നാണ് നിയമ മന്ത്രാലയത്തിന്റെ അവകാശവദം. കേന്ദ്ര നിയമമന്ത്രി അധ്യക്ഷനും അറ്റോര്‍ണി ജനറല്‍, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യാ പ്രതിനിധി, ദേശീയ നിയമ കമ്മീഷന്‍ അധ്യക്ഷന്‍, സുപ്രീം കോടതി രജിസ്ട്രാര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് നിയമ മന്ത്രാലയം വിഭാവനം ചെയ്യുന്നത്. ജഡ്ജിമാര്‍ക്ക് സ്വാതന്ത്ര്യവും നിഷ്പക്ഷതയും ഉറപ്പുവരുത്തുന്നതോടൊപ്പം തങ്ങളുടെ ഉത്തരവാദിത്വം അവരെ ബോധ്യപ്പെടുത്തുക കൂടി ചെയ്യുന്ന പുതിയ നിയമത്തില്‍ ജഡ്ജിമാരുടെ സ്വത്തും മറ്റു ബാധ്യതകളും ഉള്‍പ്പെടെ പരസ്യമാക്കാനും വ്യവസ്ഥയുണ്ട്.
ഭരണകൂടത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് നീതിന്യായവ്യവസ്ഥ. സാമൂഹിക നീതി ഉറപ്പാക്കുന്നതിലും ജനാധിപത്യത്തിന്റെ സംരക്ഷണത്തിലൂം നീതിന്യായ വ്യവസ്ഥയുടെ പങ്ക് അദ്വിതീയമാണ്. അതിനെ നയിക്കുന്നവരുടെയും തലപ്പത്തുള്ളവരുടെയും സ്വഭാവശുദ്ധിയെയും കാര്യക്ഷമതയെയും ആശ്രയിച്ചിരിക്കുന്നു പൊതുസമൂഹത്തിന് അതിലുള്ള വിശ്വാസ്യത. ന്യായാധിപന്മാരുടെ ഏറ്റവും വലിയ സമ്പത്ത് അവരുടെ വിജ്ഞാനവും സ്വഭാവ ശുദ്ധിയുമാണ്. സമൂഹനന്മ മനസ്സില്‍ വെച്ചു പ്രവര്‍ത്തിക്കുന്നതോടൊപ്പം മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും അവര്‍ക്ക് സാധിക്കണം. ജഡ്ജിമാര്‍ അവിഹിത സ്വാധീനങ്ങള്‍ക്ക് വഴങ്ങുകയോ വികാരങ്ങള്‍ക്ക് അടിപ്പെട്ട് അരുതാത്തത് പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ ജനങ്ങള്‍ക്ക് അവരിലും കോടതികളിലുമുള്ള വിശ്വാസം നഷ്ടമാകുന്നു. ന്യായാധിപന്മാരുടെ ദുര്‍നടപ്പ്, യോഗ്യത തുടങ്ങിയവയെ കുറിച്ചുള്ള പരാതി അന്വേഷിക്കുന്നതിന് ശക്തമായ സംവിധാനം ഇതിന് ഒരളവോളം പരിഹാരമാണ്. ഈ ലക്ഷ്യത്തില്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന നിയമം നീതിന്യായ വ്യവസ്ഥയുടെ മേലുള്ള കൈയേറ്റമായി വ്യാഖ്യാനിച്ച് അതിനെ പരാജയപ്പെടുത്തുന്ന നീക്കം ജഡ്ജിമാരുടെ ഭാഗത്ത് നിന്നുണ്ടാകരുത്. നേരത്തെ യു പി എ സര്‍ക്കാര്‍ ആവിഷ്‌കരിച്ച നിയമം ജഡ്ജിമാരുടെ കടുത്ത എതിര്‍പ്പിന് വിധേയമായിരുന്നു. ന്യായാധിപന്മാരുമായി കൂടിയാലോചിച്ചു ഇരുവിഭാഗത്തിനും തൃപ്തികരവും കോടതികളുടെ വിശ്വാസ്യത കാത്തു സൂക്ഷിക്കാന്‍ സഹായകവുമായ ഒരു സംവിധാനമാണ് ആവശ്യം.

---- facebook comment plugin here -----

Latest