Connect with us

Malappuram

ചെത്തുകടവ് പാലം അപ്രോച്ച് റോഡിന്റെ അപാകത പരിഹരിക്കാന്‍ നടപടി

Published

|

Last Updated

കാളികാവ്: വിവാദമായ ചെത്തുകടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തിലെ അപാകത പരിഹരിക്കാന്‍ പൊന്നുംവിലക്ക് ഭൂമി ഏറ്റെടുക്കാന്‍ തീരുമാനമായി. പ്രശ്‌ന പരിഹാരത്തിനായി രൂപവത്കരിച്ച ഉപ സമിതി യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. സെന്റ് ഒന്നിന് മൂന്നര ലക്ഷം രൂപ പ്രകാരം അപ്രോച്ച് റോഡിന്റെ വളവ് തീര്‍ക്കുന്നതിന് ആവശ്യമായ ഭൂമി ഏറ്റെടുക്കും. ഇതിന് ആവശ്യമായ ഭൂമിയുടെ അളവ് തിട്ടപ്പെടുത്തിയ ശേഷം തുക സ്വരൂപിക്കാനാണ് ഉപ സമിതി തീരുമാനം.
മൂന്നര കോടി രൂപ ചെലവിലാണ് കാളികാവ് ചെത്തുകടവില്‍ പാലം പൂര്‍ത്തിയായത്. പിന്നീട് ഇരുകരകളിലുമായി അപ്രോച്ച് റോഡ് നിര്‍മിക്കാന്‍ രണ്ടേകാല്‍ കോടി രൂപ അനുവദിക്കുകയായിരുന്നു. നിലമ്പൂര്‍ പെരുമ്പിലാവ് സംസ്ഥാന പാതയില്‍ നിന്ന് പാലത്തിലേക്ക് പ്രവേശിക്കുന്ന അപ്രോച്ച് റോഡ് നിര്‍മിച്ചപ്പോള്‍ ഒരു വാഹനത്തിന് കഷ്ടിച്ച് കടന്നു പോകാവുന്ന തരത്തില്‍ ഇടുങ്ങിയ വളവോടു കൂടിയാണ് പണിതത്. അശാസ്ത്രീയമായ വിധം അപ്രോച്ച് റോഡ് നിര്‍മിക്കുന്നത് സിറാജ് വാര്‍ത്ത ചെയ്തിരുന്നു.
പ്രവൃത്തിയിലെ അപാകത ഉടന്‍ പരിഹരിക്കാന്‍ സ്ഥലം എം എല്‍ എ യും മന്ത്രിയുമായ എ പി അനില്‍കുമാര്‍ കര്‍ശന നിര്‍ദേശം അധികൃതര്‍ക്ക് നല്‍കി. തുടര്‍ന്നാണ് സര്‍വ്വകക്ഷിയോഗം ചേര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഖാലിദ് മാസ്റ്റര്‍ ചെയര്‍മാനായി ഉപസമിതിയെ തിരഞ്ഞെടുത്തത്. എന്നാല്‍ റവന്യൂ തല സര്‍വേ നടത്തിയാല്‍ ആവശ്യമായ ഭൂമി കണ്ടെത്താനാകുമെന്നും പൊതു ജനങ്ങളില്‍ നിന്ന് പിരിക്കുന്നതിനോട് യോജിക്കുന്നില്ലെന്നുമാണ് സി പി എം നിലപാട്. നാളെ ഉപസമിതി വീണ്ടും യോഗം ചേരും.
അപ്രോച്ച് റോഡിനുള്ള രണ്ടേകാല്‍ കോടിയില്‍ പ്രശ്‌ന പരിഹാരത്തിനുള്ള തുക കൂടി അധികമായി അടങ്ങിയിട്ടുണ്ടെന്ന് രാഷ്ട്രീയ കക്ഷികള്‍ക്കും പി ഡബ്ലിയു ഡി അധികൃതര്‍ക്കും അഭിപ്രായമുണ്ട്. എന്നാല്‍ പ്രശ്‌ന പരിഹാരം നീളുന്നത് ഉദ്ഘാടനത്തിന് വൈകുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.