Connect with us

Education

ഹയര്‍ സെക്കന്‍ഡറിയില്‍ 2,653 തസ്തികകള്‍

Published

|

Last Updated

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറിയില്‍ 2653 തസ്തികകള്‍ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2014-15, 2015-16 വര്‍ഷങ്ങളില്‍ അംഗീകാരം നല്‍കിയ 235 സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളിലാണ് തസ്തികകള്‍ അനുവദിച്ചത്. ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍, ജൂനിയര്‍ ടീച്ചര്‍, ലൈബ്രറി അസിസ്റ്റന്റ് തസ്തികകളാണ് അനുവദിക്കുക.
കെ എസ് ആര്‍ ടി സിയുടെ ഓര്‍ഡിനറി ബസുകളിലെ ടിക്കറ്റ് ചാര്‍ജ് ഒരു രൂപ കുറക്കാനും തീരുമാനിച്ചിട്ടുണ്ട്. ഓര്‍ഡിനറി ബസുകളിലെ മിനിമം ചാര്‍ജ് ഏഴില്‍ നിന്ന് ആറായി കുറയും. മറ്റ് ടിക്കറ്റ് നിരക്കുകളിലും ഒരു രൂപയുടെ കുറവുണ്ടാകും. എ ന്നാല്‍, ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് തുടങ്ങിയ സര്‍വീസുകളില്‍ നിലവിലെ ടിക്കറ്റ് നിരക്ക് തുടരും. അന്താരാഷ്ട്ര വിപണയില്‍ എണ്ണവിലയിലുണ്ടായ കുറവിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് ടിക്കറ്റ് നിരക്ക് കുറക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടിക്കറ്റ് നിരക്ക് കുറക്കുന്നതോടെ കെ എസ് ആര്‍ ടി സിയുടെ പ്രതിദിന വരുമാനത്തില്‍ 27 ലക്ഷം രൂപയുടെ കുറവുണ്ടാകും. തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരുത്താന്‍ കെ എസ് ആര്‍ ടി സിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന് ആനുപാതികമായ സ്വകാര്യ ബസുകളുടെ നിരക്കും കുറക്കാന്‍ ബസ് ഉടമകളോട് സര്‍ക്കാര്‍ ആവശ്യപ്പെടും. ഉടമകളുടെ സംഘടനകളുമായി ചര്‍ച്ച നടത്താന്‍ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.
സംസ്ഥാനത്തെ ബസ്ചാര്‍ജ് വര്‍ധിപ്പിക്കാന്‍ നിരക്ക് നിര്‍ണയിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് സി രാമചന്ദ്രന്‍ കമ്മീഷന്‍ ശിപാര്‍ശ അനുസരിച്ച് കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് മിനിമം ചാര്‍ജ് ആറില്‍നിന്ന് ഏഴ് രൂപയാക്കാന്‍ തീരുമാനിച്ചത്. ഇതാണ് ഇപ്പോള്‍ ഒരു രൂപ കുറച്ച് ആറ് രൂപയാക്കി തീരുമാനിച്ചത്. മറ്റ് സര്‍വീസുകളുടെ മിനിമം ചാര്‍ജ് പഴയപടി തുടരും. സൂപ്പര്‍ ഫാസ്റ്റിന്റേത് 13 രൂപയായും സൂപ്പര്‍ എക്‌സ്പ്രസിന്റേത് 20 രൂപയായും സൂപ്പര്‍ ഡീലക്‌സ്/ സെമി സ്ലീപ്പറിന്റേത് 28 രൂപയായും വര്‍ധിപ്പിക്കും. ലക്ഷ്വറി/ഹൈടെക് എ സി, വോള്‍വോ ബസ്സുകളുടെ മിനിമം നിരക്ക് 40 രൂപയായും മള്‍ട്ടി ആക്‌സില്‍ സര്‍വീസുകളുടെ മിനിമം നിരക്ക് 70 രൂപയായും തുടരും.
റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന് പുതിയ ക്യാമ്പസ് തുടങ്ങാന്‍ ഭൂമി അനുവദിച്ചു. തിരുവനന്തപുരം പുലയനാര്‍കോട്ട റ്റിബി സാനിറ്റോറിയത്തിന്റെ ഭൂമിയില്‍ നിന്ന് 15 ഏക്കര്‍ സ്ഥലമാണ് ക്യാന്‍സര്‍ സെന്ററിന് നല്‍കുക. പ്രതിവര്‍ഷം പതിനാറായിരത്തോളം പുതിയ രോഗികളും 2.25 ലക്ഷം തുടര്‍ചികിത്സ ചെയ്യുന്നവരും ആശ്രയിക്കുന്ന ആര്‍ സി സിയുടെ നിലവിലുള്ള ക്യാമ്പസ് തുടര്‍ വികസനത്തിന് അപര്യാപ്തമെന്ന് കണ്ടാണ് ഭൂമി അനുവദിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കേരളത്തിലെ നദികളുടെ സമഗ്രവും ഏകീകൃതവുമായ ജലവിഭവ നിര്‍വഹണം ഉദ്ദേശിച്ചുള്ള കേരള റിവര്‍ മാനെജ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ടിനായി എറണാകുളം ജില്ലയിലെ തൃക്കാക്കര നോര്‍ത്ത് വില്ലേജില്‍ 1.08 ഏക്കര്‍ ഭൂമി നല്‍കും. പ്രശസ്ത സംഗീതജ്ഞന്‍ പത്മഭൂഷണ്‍ അംജദ് അലി ഖാന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സംഗീത അക്കാദമി സ്ഥാപിക്കാന്‍ തിരുവനന്തപുരം ജില്ലയില്‍ ഭൂമി അനുവദിച്ചു. കടകംപള്ളി വില്ലേജില്‍ ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 25 ഏക്കര്‍ ഭൂമിയില്‍ നിന്ന് രണ്ട് ഏക്കര്‍ ഭൂമിയാണ് അംജദ് അലിഖാന് നല്‍കുക. കേരളത്തില്‍ അക്കാദമി ആരംഭിക്കണമെന്നുള്ള അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് നടപടി.
സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വേണ്ടി അനാഥാലയങ്ങള്‍ സര്‍ക്കാറിന് നല്‍കേണ്ട സൂപ്പര്‍വിഷന്‍ ചാര്‍ജ് ഒഴിവാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Latest