Connect with us

National

ഹനുമന്തപ്പ അന്തരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: സിയാച്ചനിലെ മഞ്ഞിടച്ചിലില്‍ നിന്ന് അത്ഭുതകരമായി ജീവനോടെ കണ്ടെത്തിയ ലാന്‍സ് നായിക് ഹനുമന്തപ്പ അന്തരിച്ചു. ആര്‍മി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രിയില്‍ 11.45നായിരുന്നു അന്ത്യം.

ഹനുമന്തപ്പയുടെ കരളും വൃക്കയുമുള്‍പ്പെടെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയായിരുന്നു.  അതീവ ഗുരുതരാവസ്ഥയിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനം നിലച്ചിരുന്നു. ഇതേതുടര്‍ന്ന് കോമ അവസ്ഥയിലായ അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇതിനു പുറമേ ന്യൂമോണിയ ബാധയും കൂടി പിടിപെട്ടതോടെയാണ് സ്ഥിതി വഷളായത്.

ഹനുമന്തപ്പയുടെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ആശുപത്രിയില്‍ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കരസേന മേധാവി ധല്‍വീര്‍ സിംഗ് സുഹാഗും ആശുപത്രിയില്‍ എത്തി രാജ്യത്തിന്റെ അഭിമാനമായ സൈനികനെ സന്ദര്‍ശിച്ചിരുന്നു.

ഹനുമന്തപ്പയുടെ പല അവയവങ്ങങ്ങളുടെയും പ്രവര്‍ത്തനം നിലച്ചതും ശ്വാസതടസ്സവുമാണ് മരണത്തിലേക്ക് നയിച്ചത്. ആര്‍ ആര്‍ ആശുപത്രിയിലെയും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെയും ആറു പ്രമുഖ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണു ചികിത്സിച്ചത്.

ഈ മാസം മൂന്നിനാണ് ഹനുമന്തപ്പയടക്കം 19ാം ബറ്റാലിയന്‍ മദ്രാസ് റെജിമെന്റിലെ പത്ത് സൈനികര്‍ മഞ്ഞിടിച്ചിലില്‍പ്പെട്ടത്.  ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയായ സിയാച്ചിനിലെ നിയന്ത്രണ രേഖയോടു ചേര്‍ന്ന് സമുദ്രനിരപ്പില്‍ നിന്ന് 20,000 അടി ഉയരത്തിലുള്ള സൈനിക ടെന്റിനു മുകളില്‍ ഒരു കിലോമീറ്റര്‍ നീളമുള്ള മഞ്ഞുമല ഇടിഞ്ഞുവീഴുകയായിരുന്നു. ദുരന്തത്തില്‍ കൊല്ലം സ്വദേശി ലാന്‍സ് നായിക് ബി. സുധീഷും മരണപ്പെട്ടിരുന്നു. ഹിമപാതമുണ്ടായി ആറാംദിവസം, തിങ്കളാഴ്ച വൈകിട്ടാണ് ഹനുമന്തപ്പയെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.