Connect with us

Ongoing News

നാഗ്ജി ഫുട്‌ബോള്‍: ഷംറോക്ക് റോവേഴ്‌സിന് ജയം

Published

|

Last Updated

കോഴിക്കോട്: സേട്ട് നാഗ്ജി ടൂര്‍ണമെന്റില്‍ യൂറോപ്യന്‍ ഫുട്‌ബോളിന്റെ മുഴുവന്‍ സൗന്ദര്യവും ആവാഹിച്ച മത്സരത്തില്‍ ജര്‍മന്‍ ക്ലബ്ബ് ടി എസ് വി മ്യൂണിക്കിനെതിരെ ഐറിഷ് ക്ലബ്ബ് ഷംറോക്ക് റോവേഴ്‌സിന് ജയം (3-2). മൂന്ന് പെനാല്‍ട്ടി ഗോളുള്‍പ്പെടെ അഞ്ച് ഗോളുകളുകളാണ് മത്സരത്തില്‍ പിറന്നത്. അയര്‍ലന്‍ഡിന് വേണ്ടി 31ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഗ്രേ മക്കാബെ പെനാല്‍ട്ടിയിലൂടെയും, 44 മിനിറ്റില്‍ ഡാനി നോര്‍ത്തും 51ാം മിനിറ്റില്‍ ഗാവിന്‍ ബ്രണ്ണനുമാണ് ഗോള്‍ നേടിയത്. മ്യൂണിക്കിന്റെ ഇരു ഗോളുകളും പെനാല്‍റ്റിയിലൂടെയായിരുന്നു. 13, 41 മിനിറ്റുകളിലായി ക്യാപ്റ്റന്‍ മൈക്കല്‍ കൊകോസിന്‍സ്‌കിയാണ് സ്‌കോര്‍ ചെയ്തത്. സമനിലയും ജയവുമായി നാലു പോയിന്റെടുത്ത ഷംറോക്ക് സെമി സാധ്യത സജീവമാക്കി. ഒരു ജയം മാത്രമുള്ള ടി എസ് വി മ്യൂണിക്ക് മൂന്ന് പോയിന്റുമായി മറ്റ് മത്സരഫലങ്ങളില്‍ നോട്ടമിട്ടിരിക്കുന്നു.
ഇരു ടീമുകളും അക്രമ പ്രത്യാക്രമങ്ങളിലൂടെ മുന്നേറിയ ആദ്യ പകുതിയില്‍ നാല് ഗോളുകളാണ് പിറന്നത്. മത്സരത്തിനായി വിസില്‍ മുഴങ്ങിയതോടെ ആദ്യ പത്ത് മിനിറ്റുകളില്‍ മികച്ച മുന്നേറ്റത്തിലൂടെ തുടങ്ങിയ ഐറിഷ് പട ജര്‍മന്‍ ഗോള്‍ മുഖത്തേക്ക് ഇരച്ചു കയറാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.പതിയെ പ്രതിരോധത്തിലൂന്നി എതിര്‍ടീമിന്റെ തന്ത്രം മനസ്സിലാക്കിയ ജര്‍മന്‍ പട പിന്നെ ശക്തമായ തിരിച്ചടിയിലേക്ക് നീങ്ങിയതോടെ കളിയുടെ ആവേശത്തിന് മൂര്‍ച്ച കൂടി.പതിനൊന്നാം മിനിറ്റില്‍ ഐറിഷ് ഗോള്‍മുഖത്തേക്ക് ഇരമ്പിക്കയറിയ നിക്കോളാസിന്റെ മുന്നേറ്റം ഐറിഷ് ഡിഫണ്ടേര്‍സ് പണിപ്പെട്ട് ക്ലിയര്‍ ചെയ്തു.1
2ാം മിനിറ്റില്‍ഇടക്ക് പന്തുമായി മുന്നേറിയ സൈമണ്‍ സെഫറിംഗ്‌സിനെ ഐറിഷ് താരം ഡേവിഡ് വെബ്‌സറ്റര്‍ ചവിട്ടി വീഴ്ത്തിയതിനെതുടര്‍ന്ന് ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് ആദ്യ ഗോള്‍ പിറന്നത്. കിക്കെടുത്ത ജര്‍മന്‍ ക്യാപ്റ്റന്‍ മൈക്കല്‍ കൊകൊസിന്‍സ്‌കിക്ക് പിഴച്ചില്ല. ഐറിഷ് ഗോളി ബാരി മര്‍ഫിയെ നിസ്സഹായനാക്കി ഇടങ്കാല്‍ കിക്ക് പോസ്റ്റിലേക്ക്.സ്‌കോര്‍1-0.
ഗോള്‍ തിരിച്ചടിക്കാനുള്ള ഐറിഷ് പടയുടെ കഠിന ശ്രമത്തിനൊടുവില്‍ 31ാം മിനിറ്റില്‍ ഗോള്‍ പിറന്നു.കാണികളെ കോരിത്തരിപ്പിച്ച ഒന്നാം നമ്പര്‍ ഷോട്ട് പാസ്സുകളിലൂടെ മുന്നേറിയ ഐറിഷ് താരങ്ങള്‍ ജര്‍മന്‍ പ്രതിരോധത്തെ വിറപ്പിച്ചു.പന്തിനെ കാലുകളില്‍ ആവാഹിച്ച് വലത് വിംഗിലൂടെ പറന്നുകറിയ ഡേവിഡ് വെബ്സ്റ്ററിനെ ബോക്‌സിനുള്ളില്‍ ജര്‍മന്‍ താരം ലൂക്കാസ് ജന്‍കിംഗര്‍ വീഴ്ത്തിയതിനെത്തുടര്‍ന്ന് റഫറി പെനാല്‍റ്റി പോയിന്റിലേക്ക് വിരല്‍ചൂണ്ടി്. കിക്കെടുക്കാന്‍ വന്ന ഷാംറോക്ക് ക്യാപ്റ്റന്‍ ഗാരി മക്കാബ അനായാസം ഗോളടിച്ചു, സ്‌കോര്‍ 1-1. 41ാം മിനിറ്റില്‍ ജര്‍മനിയുടെ രണ്ടാം ഗോള്‍ പിറന്നു.പന്തുമായി കുതിച്ച നിക്കോളസ് ഹെല്‍ബ്രക്റ്റിനെ ബോക്‌സിനുള്ളില്‍ ഐറിഷ് പ്രതിരോധ നിരക്കാരന്‍ ഡേവിഡ് ഓകോണര്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി ലഭിച്ചത്.വീണ്ടും കിക്കെടുത്ത ക്യാപ്റ്റന്‍ കൊകൊസിന്‍സ്‌കിക്ക് ലക്ഷ്യം തെറ്റിയില്ല. പന്ത് ഗോള്‍ വലയുടെ ഇടതു മൂലയിലേക്ക് നൂണ്ടുകയറി. സ്‌കോര്‍ 2-1.
ഗോള്‍വീണതിനെത്തുടര്‍ന്ന് ഉണര്‍ന്ന് കളിച്ച ഐറിഷ് പട നിമിഷങ്ങള്‍ക്കകം തിരിച്ചടിച്ചു. മധ്യനിരയില്‍ നിന്ന് ലഭിച്ച പന്തുമായി കുതിച്ച മുന്നേറ്റക്കാരന്‍ ഡാനി നോര്‍ത്തിന്റെ തകര്‍പ്പന്‍ ഷോട്ട് ഗോളി കൈ ഫ്രിറ്റ്‌സ് ആയാസത്തോടെ തടുത്തിട്ടു,റീബൗണ്ട് ചെയ്ത് പന്ത് ഇടത് വിംഗിലേക്ക് തെറിച്ചു.ലോംഗ് പാസ്സിലൂടെ വീണ്ടും പന്ത് ഡാനി നോര്‍ത്തിന്റെ കാലില്‍ തന്നെ,മുന്നില്‍ ഗോളി മാത്രം, ഓഫ്‌സൈഡ് സംശയത്തില്‍ ജര്‍മന്‍ പ്രതിരോധനിരക്കാര്‍ അമാന്തിച്ചു നില്‍ക്കവേ ഞൊടിയിടയില്‍ ഡാനിയുടെ ഷോട്ട് ഗോളിയെ കാഴ്ചക്കാരനാക്കിവല ഇടത് വിംഗിലൂടെ തുളച്ച് കയറി. മ്യൂണിക് താരങ്ങള്‍ പ്രതിഷേധവുമായെത്തിയെങ്കിലും റഫറി ഗോള്‍ അനുവദിച്ചു. സ്‌കോര്‍ 2-2.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ജര്‍മന്‍ ലീഡിനായി കിണഞ്ഞുശ്രമിച്ചുകൊണ്ടിരുന്നു.നാല്‍പ്പത്തൊന്‍പതാം മിനിറ്റില്‍ കണ്ണഞ്ചിപ്പിക്കുന്ന ജര്‍മന്‍ മുന്നേറ്റത്തിന് ഇത്തവണ തടസ്സമായത് ഐറിഷ് ഗോളിയായിരുന്നു.ജര്‍മന്‍ അക്രമണത്തെ അതേനാണയത്തില്‍ തിരിച്ചടിച്ച ഐറിഷ് പടയുടെ കൂട്ടമായ കൗണ്ടര്‍ അറ്റാക്കിന് ഫലം കണ്ടു.
മൈതാനത്തിന്റെ വലതു വിംഗിലൂടെ പന്തുമായി മുന്നേറിയ ഗ്രേ മക്കാബ പന്ത് ഡാനി നോര്‍ത്തില്‍ നല്‍കി ജര്‍മന്‍ ബോക്‌സിലേക്ക് ഇരച്ചു കയറി.വീണ്ടും പന്ത് ഡാനി നോര്‍ത്തില്‍ നിന്ന് പന്ത് ക്യാപ്റ്റന്‍ ഗ്രേ മക്കാബയിലേക്ക്.ഞൊടിയിടയില്‍ പന്ത് മക്കാബെ പോസ്റ്റിന് മുന്നിലൂടെ ഇടതു മൂലയിലേക്ക് ക്രോസ്സ് ചെയ്തു.ജര്‍മന്‍ പ്രതിരോധക്കാരുടെ പിടിയില്‍ നിന്ന് കുതറി കുതിച്ചെത്തിയ ഗാവിന്‍ ബ്രണ്ണന്റെ കണ്ണഞ്ചിപ്പിക്കുന്ന ഹെഡര്‍ ഗോളിക്ക് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.സ്‌കോര്‍ 3-2.
പരുക്കന്‍ അടവു പുറത്തെടുത്തതിന് അയര്‍ലന്റിന്റെ റോബര്‍ട്ട് കോണ്‍വാളിനും ബ്രണ്ടന്‍ മിയലിക്കും റഫറി മഞ്ഞകാര്‍ഡ് നല്‍കി.