Connect with us

Kerala

ആര്‍എസ്എസ് അജണ്ടയാണ് സിബിഐ നടപ്പാക്കുന്നത്: പിണറായി

Published

|

Last Updated

തിരുവനന്തപുരം: ആര്‍എസ്എസ് അജണ്ടയാണ് സിബിഐ നടപ്പാക്കുന്നതെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ മെമ്പര്‍ പിണറായി വിജയന്‍. ഇന്ന് സിപിഐ എമ്മിനെ തകര്‍ക്കാന്‍ ഉപയോഗിക്കുന്ന സിബിഐയെ നാളെ മറ്റ് പലര്‍ക്കെതിരേയും ഉപയോഗിക്കാം. ഇതിനെതിരെ പൊതുസമൂഹം ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസിന്റെ ആവശ്യങ്ങള്‍ സിബിഐ അന്വേഷണ നിഗമനമായി അവതരിപ്പിക്കുകയാണ്. ആര്‍എസിഎസിന്റെ ചട്ടുകമായി സിബിഐ മാറുന്നത് നാടിന് ആപത്താണ്. അത് സിപിഐഎമ്മിനെതിരെ ആയതിനാല്‍ കുഴപ്പമില്ലെന്ന് പ്രചരിപ്പിക്കുന്ന മറ്റ് ജനാധിപത്യ പാര്‍ട്ടികള്‍ക്കും ഇത് ഓര്‍മ്മയുണ്ടാകണം.

സിപിഐഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജനെ കൊലക്കേസില്‍പ്പെടുത്താനുള്ള ആര്‍എസ്എസിന്റെ തീരുമാനം ഇപ്പോള്‍ പുറത്ത് വന്നിരിക്കയാണ്. പി ജയരാജനെതിരെ ആര്‍എസ്എസ് ബിജെപി അധ്യക്ഷന്‍ അമിത് ഷാക്ക് അയച്ച കത്ത് ഇന്നലെ ചാനലുകള്‍ പുറത്ത് വിട്ടിരുന്നു. പി ജയരാജനെതിരായ കേസില്‍ സിബിഐ ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ പറയുന്നതും അമിത്ഷാക്കയച്ച കത്തിലെ അതേ വാചകങ്ങളാണ്. ആര്‍എസ്എസിനും സിബിഐക്കും ഒരേ ഭാഷ വരുന്നത് എങ്ങിനെയാണെന്നും പിണറായി ചോദിച്ചു.
നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കുന്ന ഭരണപക്ഷം ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കുകയാണ്. പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുന്നത് ഇതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.