Connect with us

Gulf

ഇന്ധന വില കുറഞ്ഞെങ്കിലും നിരക്കു കുറക്കാനില്ലെന്ന് ഖത്വര്‍ എയര്‍വേയ്‌സ്

Published

|

Last Updated

ദോഹ: ഇന്ധന വില കുറഞ്ഞെങ്കിലും യാത്രാ ടിക്കറ്റ് നിരക്ക് കുറക്കാന്‍ ഉദ്ദേശ്യമില്ലെന്ന് ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍. ന്യൂസ് വീക്ക് മിഡില്‍ ഈസ്റ്റിനു നല്‍കിയ ഇന്റര്‍വ്യൂവിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ധന നിരക്ക് ഉയര്‍ന്നു നിന്നപ്പോള്‍ കമ്പനി യാത്രാ നിരക്ക് ഉയര്‍ത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ലാഭം നേടുമെന്നാണ് പ്രതീക്ഷയെന്നും എന്നാല്‍ കഴിഞ്ഞ വര്‍ഷം എണ്ണ വില ബാരലിന് 130 ഡോളറായിരുന്നുവെന്ന് മറക്കരുത്. അപ്പോള്‍ നിരക്ക് ഉയര്‍ത്തിയിട്ടില്ല. വിമാനത്തിന് ഇന്ധന സബ്‌സിഡി ലഭിക്കുന്നുവെന്നത് അദ്ദേഹം നിഷേധിച്ചു. വിമാനം തന്നെ ഗവണ്‍മെന്റിന്റെതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഇന്ധന സര്‍ചാര്‍ജ് യാത്രാ നിരക്കില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ അടിസ്ഥാന നിരക്കില്‍ സമീപഭാവിയില്‍ മാറ്റം വരുത്തില്ല.
അതേസമയം, ഇന്ധന സര്‍ചാര്‍ജ് ഇപ്പോഴും ടിക്കറ്റില്‍ രേഖപ്പെടുത്തുന്നുണ്ടെന്ന് ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ദോഹയില്‍നിന്നും ലണ്ടനിലേക്കുള്ള റിട്ടേണ്‍ ടിക്കറ്റിന് 300 റിയാല്‍ രേഖപ്പെടുത്തിയതായാണ് വെബ്‌സൈറ്റ് അറിയിക്കുന്നത്.
ഖത്വര്‍ എയര്‍വേയ്‌സിന്റെ ഓഹരികള്‍ വിറ്റഴിക്കാനുള്ള ആലോചനയെ അദ്ദേഹം തള്ളി. എന്നാല്‍ പത്തു വര്‍ഷത്തിനുള്ളില്‍ മേഖലാ, രാജ്യാന്തര വിപണിയില്‍ ഐ പി ഒ സ്വന്തമാക്കുന്നതിന് ശ്രമമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെയും റോയല്‍ എയര്‍ മൊറോക്കോയുടെയും പത്തു ശതമാനം ഓഹരികള്‍ വാങ്ങാനുള്ള നീക്കം സംബന്ധിച്ചുള്ള ചോദ്യങ്ങളെയും അദ്ദേഹം നിഷേധിച്ചു.
മറ്റു വിമാനങ്ങളുടെ പേരു പറയാന്‍ വിസമ്മതിച്ച അദ്ദേഹം അതു വലിയ ഒന്നായിരിക്കുമെന്നു പ്രതികരിച്ചു. ഇറ്റാലിയന്‍ വിമാനമായ മെറിഡിയന്‍ തങ്ങളുടെ പകുതി ഓഹരികള്‍ ഖത്വര്‍ എയര്‍വേയ്‌സ് വാങ്ങുന്നതിന് ധാരണയായതായി പ്രഖ്യാപിച്ചിരുന്നു. ഇതേക്കുറിച്ച് ആരാഞ്ഞപ്പോള്‍, ഇറ്റലിയിലെ നാലാമത്തെ വിമാനമായ കമ്പനിയെങ്ങനെ വലിയ ഒന്നാകുമെന്നായിരുന്നു അക്ബര്‍ അല്‍ ബാകിറിന്റെ പ്രതികരണം.

Latest