Connect with us

Sports

ത്രില്ലര്‍ സമാസമം

Published

|

Last Updated

ഉക്രെയിന്‍ ക്ലബ്ബായ എഫ് സി വോളിന്‍ ലുസ്‌കിനെതിരെ ബ്രസീല്‍ ക്ലബ്ബായ അത്‌ലറ്റിക്കോ പാരനെന്‍സിന് വേണ്ടി ആദ്യ ഗോള്‍ നേടുന്ന വെസ്ലേ ലിമാഡാസ് സില്‍വ

കോഴിക്കോട്: ബ്രസീലും ഉക്രൈനും കൊണ്ടും കൊടുത്തും ആവേശം കൊള്ളിച്ച മത്സരം 2-2ന് സമാസമം. നാഗ്ജിയിലെ മികച്ച മത്സരങ്ങളിലൊന്നായി മാറിയ പോരില്‍ ഉക്രൈന്‍ ക്ലബ്ബ് വോളിന്‍ ലുറ്റിസ്‌കിനെതിരെ ബ്രസീല്‍ ടീമായ അത്‌ലറ്റികോ പെരാനെന്‍സ് അവസാന മിനുട്ടിലാണ് ആവേശകരമായ സമനില ഗോളടിച്ചത്. ഉക്രൈന് വേണ്ടി ഇരുപത്തിയെട്ടാം മിനിറ്റില്‍ ലോഗിനോവ് സെര്‍ജിയും അറുപത്തിമൂന്നാം മിനിറ്റില്‍ മെമഷേവ് റെഡ്വാനുമാണ് ഗോള്‍ നേടിയത്.ബ്രസീലിന് വേണ്ടി ഇരുപത്തിയൊന്നാം മിനിറ്റില്‍ വെസ്ലി ലിമാ ഡിസില്‍വേയും തൊണ്ണൂറാം മിനിറ്റില്‍ യാഗോസില്‍വയുമാണ് വല ചലിച്ചിപ്പിച്ചത്.
ഗാലറി ഇതുവരെ കാണാത്തയത്രയും ബ്രസീല്‍ ആരാധകരുടെ ആര്‍പ്പുവിളിയിലും ആവേശത്തിനുമിടയിലാണ് മാച്ച് ആരംഭിച്ചത്.ആദ്യ പകുതിയില്‍ പന്തിന്റെ നിയന്ത്രണം ഭൂരിഭാഗവും ബ്രസീലിന്റെ കയ്യിലായിരുന്നു.മത്സരം തുടങ്ങി നാലാം മിനിറ്റില്‍ ഉക്രെയിനിന്റെ സെര്‍ജിയുടെ ലോംഗ് റേഞ്ചര്‍ ബ്രസീലിന്റെ പോസ്റ്റിനെ വിറപ്പിച്ച് പുറത്തുപോയി.തുടക്കം മുതല്‍ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത ബ്രസീലിനെ വിറപ്പിച്ച് കൊണ്ട് ഇടക്കിടക്ക് ഉക്രെയിനിന്റെ മുന്നേറ്റങ്ങള്‍ കാണാമായിരുന്നു.പത്തൊമ്പതാം മിനിറ്റില്‍ ബ്രസീലിനെ വിറപ്പിച്ച് കൊണ്ട് ഉക്രെയിനിന്റെ ജെറാലിമ്യുക് എടുത്ത ഫ്രീകിക്ക് ഗോളി ലൂക്കാസ് ഫെറേറിയ തട്ടിയിട്ടു,റീബൗണ്ടായി ലഭിച്ച പന്ത് വീണ്ടും പോസ്റ്റിലേക്ക് വന്നപ്പേള്‍ മുഴുനീളെ ഡൈവിലൂടെ ഗോളി വീണ്ടും രക്ഷകനായി.തുടര്‍ന്ന് അപകടം മണത്ത ബ്രസീലിയന്‍ പടയും അക്രമണ്ത്തിന് മൂര്‍ച്ച കൂട്ടിത്തുടങ്ങി.ബ്രസീല്‍ ആരാധകരെ കോരിത്തരിപ്പിച്ച് കൊണ്ട് 21ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. പന്തുമായി വലതുവിങ്ങിലൂടെ കുതിച്ച ഗുസ്താവോ ഡി ആസിസ് നീട്ടി നല്‍കിയ സുന്ദരമായ പാസ് ഉക്രയിന്‍ ബോക്‌സിന് ് അകലെ നിന്ന് വെസ്ലി സില്‍വ കാലുകളിലേക്ക് കോരിയെടുത്ത് പ്രതിരോധ ഭടന്മാരെ കബളിപ്പിച്ച് വെസ്ലി ഗോളി ഷട് ബോധനെയുടെ തലയ്ക്കു മുകളിലൂടെ പന്ത് തട്ടിയിട്ടു,ബ്രസീല്‍ആരാധകരെ കോരിത്തരിപ്പിച്ച് ഉക്രെയിന്‍ വലകുലുങ്ങി.സ്‌കോര്‍ 1-0 .
ഗോള്‍ വീണതോടെ കുടുതല്‍ ഉണര്‍ന്ന് കളിച്ച ഉക്രെയിന്‍ മിനിറ്റുകള്‍ക്കകം തിരിച്ചടിച്ചു. ബ്രസീല്‍് ഗോള്‍ മുഖത്ത് നിരന്തരം നടത്തിയ അക്രമങ്ങള്‍ക്ക് ശേഷം 28ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കിലൂടെയായിരുന്നു ഉക്രെയിനിന്റെ ആദ്യ ഗോള്‍. കിക്കെടുത്ത ഒലേഗില്‍ നിന്ന് പന്ത് മെമെഷെവ് റെദ്വാന്റെ തലയ്ക്ക് പാകത്തിന്. റദ്വാന്റെ ഹെഡര്‍ ഗോളി ലൂക്കാസ് ഫെറേറിയ തടുത്തിട്ടു.റീബൗണ്ടായി വന്ന പന്ത് ഉക്രെയിനിന്റെ മുന്നേറ്റ നിരക്കാര്‍ ലോഗിനോവ് സെര്‍ജിയുടെ കാലിലേക്ക്. ഒട്ടും അമാന്തിക്കാതെ സെര്‍ജി തട്ടിയിട്ട പന്ത് പെരാനസ് ഗോള്‍പോസ്റ്റിലേക്ക്. സ്‌കോര്‍ 1-1.
ഇരു ടീമുകളും അക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിക്കൊണ്ട് കളം നിറഞ്ഞപ്പോള്‍ 38ാം മിനിറ്റില്‍ ബ്രസീലിന്റെ മുന്നേറ്റം സ്‌റ്റേഡിയത്തെ ഇളക്കി മറിച്ചു. മൈതാനത്തിന്റെ വലുതുഭാഗത്ത് നിന്ന് ഉക്രെയിന്‍ താരങ്ങളെ മറികടന്ന് നിക്കോളസ് സില്‍വയുടെ ലോങ്ങ് റേഞ്ചര്‍, ഗോളിയുടെ കയ്യില്‍ തട്ടിത്തെറിച്ച പന്ത് അന്ദ്രേ ആല്‍ഫ്രഡോയിലേക്ക്, ആല്‍ഫ്രഡോ ചെത്തി നല്‍കിയ പന്ത് രണ്ട് ഡിഫണ്ടര്‍മാരെ കബളിപ്പിച്ച് വിക്ടര്‍ ഫ്രയിറ്റസ് പോസ്റ്റിലേക്ക് തൊടുത്തു വിട്ടു.നിര്‍ഭാഗ്യവശാല്‍ പന്ത് പുറത്തേക്ക്.
രണ്ടാം പകുതി ആരംഭിച്ചതോടെ ബ്രസീലും ഉക്രയിനും കൂടുതല്‍ അക്രമണത്തിലേക്ക് കടന്നു.ഒത്തൊരുമിച്ച് മനോഹര പാസ്സുകളിലൂടെ ബ്രസീല്‍ ഗോള്‍മുഖത്തേക്ക് ഇരമ്പിയാര്‍ത്ത ഉക്രെയിന്‍ പട ബ്രസീല്‍ പ്രതിരോധ മതിലുകളെ നിഷ്പ്രഭരാക്കി വീണ്ടും വല ചലിപ്പിച്ചു. 63ാം മിനിറ്റില്‍ മെമെഷെവ് റെദ്വാനാണ് രണ്ടാം ഗോള്‍ നേടിയത്.
ലോഗിനോവ് സെര്‍ജി നീട്ടി നല്‍കിയ കിടിലന്‍ പാസ്സ് ബ്രസീല്‍ പ്രതിരോധ നിരക്കാരായ ജോസ് സില്‍വയെയും ജെല്‍സന്‍ സില്‍വ ജൂനിയറെയും കബളിപ്പിച്ച് റെദ്വാന്‍ ഗോളിയുടെ തലയ്ക്ക് മുകളിലൂടെ പോസ്റ്റിന്റെ വലതു മൂലയിലേക്ക് കോരിയിട്ടു.ബ്രസീല്‍ ആരാധകരുടെ ആവേശങ്ങളെ തല്ലിക്കെടുത്തിയ നിമിഷം. സ്‌കോര്‍ 2-1.
ഗോള്‍ മടക്കാനായി തന്ത്രങ്ങള്‍ മെനഞ്ഞുഅക്രമിച്ചുകളിച്ച ബ്രസീലും പ്രതിരോധിച്ച് മുന്നേറിയ ഉക്രെയിനും മികച്ച ഗെയിം പ്ലാനിംഗിലൂടെ ആരാധകരെ കൊടുമുടി കയറ്റിക്കൊണ്ടിരുന്നു.
കളി തീരാന്‍ മിനിറ്റുകള്‍ ശേഷിക്കേ ഗാലറിയിലെ നിരാശയിലലിഞ്ഞ ബ്രസീല്‍ ആരാധകര്‍ക്ക് പുതുജീവനേകി ബ്രസീല്‍ തിരിച്ചടിച്ചു. തൊണ്ണൂറാം മിനിറ്റിലാണ് ആ സമനില ഗോള്‍ പിറന്നത്. കളിയുടെ അവസാന മിനിറ്റുകളില്‍ പ്രതിരോധത്തില്‍ ശ്രദ്ധിച്ച ഉക്രെയിന്‍ താരങ്ങളെ മികച്ച ഷോട്ട് പാസ്സുകളിലൂടെ കാഴ്ചക്കാരാക്കി മുന്നേറിയ ബ്രസീല്‍ പടക്ക് പിഴച്ചില്ല. ഒന്നാം നമ്പര്‍ മുന്നേറ്റത്തിലൂടെ ഒത്തൊരുമിച്ച മുന്നേറ്റത്തില്‍ ഫെര്‍ണാണ്ടോ സില്‍വ നല്‍കിയ പാസില്‍ പകരക്കാരനായിറങ്ങിയ യോഗോ സില്‍വയുടെ കണ്ണഞ്ചിപ്പിക്കുന്ന ഷോട്ട്. പന്ത് ഉക്രെയിനിന്റെ പോസ്റ്റിന്റെ ഇടതുമൂലയില്‍.സ്‌കോര്‍2-2.
ചങ്കിടിപ്പിന് വിരാമമിട്ട് സമനില ഗോള്‍ പിറന്നതോടെ ബ്രസീല്‍ ആരാധകര്‍ ഗാലറിയില്‍ ആനന്ത നൃത്തം ചവിട്ടുന്നുണ്ടായിരുന്നു.
തുടര്‍ന്ന് വിജയ ഗോളിനായി ഇരു ടീമുകളും പോരാടിയെങ്കിലും ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ സമനിലയില്‍ പിരിയേണ്ടി വന്നു.